വീട്ടുജോലിക്കൊപ്പം വിപണന മേഖലയിലും സജീവമായി മുന്നേറുകയാണ് ശാന്തകുമാരി. പരസഹായമില്ലാതെ സ്വന്തമായി വാഹനമോടിച്ച് ഉല്പന്നങ്ങള് കടകളിലെത്തിച്ചുകൊണ്ടുള്ള ശാന്തകുമാരിയുടെ പ്രവര്‍ത്തനം കൊച്ചിക്കാര്‍ക്ക് വര്‍ഷങ്ങളായുള്ള കാഴ്ചയാണ്. വിനോദ സഞ്ചാരികള്‍ക്ക് കൗതുക കാഴ്ചയും.
ഭര്‍ത്താവ് രാജേന്ദ്ര പ്രഭുവിന് കാലിനേറ്റ ക്ഷതം കാരണം വിപണന ഏജന്‍സി കൈവിടുമെന്നായപ്പോള്‍ കുടുംബ രക്ഷ ഒരു ചോദ്യചിഹ്നമായതോടെയാണ് ഉല്പന്ന വിപണനത്തിന് ശാന്തകുമാരി കച്ചകെട്ടിയിറങ്ങിയത്.
ഓട്ടോയില്‍ കടകളിലെത്തി ഉല്പന്നങ്ങള് നല്കുന്ന ജോലിക്ക് തൊഴിലാളികള്‍ വെല്ലുവിളിയുയര്‍ത്തിയതോടെ ശാന്തകുമാരി വാഹന ഡ്രൈവിങ് സ്വായത്തമാക്കി. ഒട്ടേറെപേര്‍ പിന്തിരിപ്പിക്കാന്‍ശ്രമിച്ചെങ്കിലും ഭര്‍ത്താവിന്റെ പിന്ബലത്താല് വിജയം നേടി.
രണ്ട് മക്കളും പേരക്കുട്ടികളുമടക്കമുള്ള ഏഴംഗ കുടുംബത്തിന്റെ ആശ്രയമാണിന്ന് ശാന്തകുമാരി. ഒന്നര പതിറ്റാണ്ടിന്റെ പ്രവര്‍ത്തന മികവില്‍ മറ്റുള്ളവര്‍ക്കും പ്രചോദനവും പ്രേരണയുമായി മാറുകയാണ് ശാന്തകുമാരി. ദിനവും രാവിലെ വീട്ടുജോലികള്‍ തീര്‍ത്ത് മഴയോ വെയിലോ എന്നതൊന്നും നോക്കാതെ വിപണിയിലെത്തും.
വൈകിട്ട് ഉല്പന്ന വിതരണം കഴിഞ്ഞെത്തുന്നതോടെ പേരക്കുട്ടികളുമൊത്ത് ചെറു സവാരിയും നടത്തും. ഇതൊക്കെയാണ് ജീവിതത്തിന്റെ ആനന്ദം എന്ന് ശാന്തകുമാരി ഇതിനോടകം കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: