ന്യൂദല്‍ഹി: ഡ്രൈവര്‍മാര്‍ക്ക് ഹൃദയാഘാതം സംഭവിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന റോഡപകടങ്ങള്‍ കൂടി വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ തന്നെ ഇതേക്കുറിച്ച് ഇനി നിങ്ങളെ മുന്‍കൂട്ടി അറിയിച്ചാലോ? ഹൃദയാഘാതം സംബന്ധിച്ച് മുന്നറിയിപ്പ് തരുന്ന പുതിയ സംവിധാനം വികസിപ്പിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. ടൊയോട്ടയാണ് ഗവേഷണത്തിന് മുന്‍കയ്യെടുത്തിരിക്കുന്നത്.
കാറുകളില്‍ ഈ സംവിധാനം ഉള്‍പ്പെടുത്തുന്നതോടെ ഡ്രൈവര്‍മാരുടെ ഹൃദയാഘാതത്തെതുടര്‍ന്ന് സംഭവിക്കുന്ന റോഡപകടങ്ങളുടെ എണ്ണം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാഹനമോടിക്കുന്നതിനിടെ സംഭവിക്കുന്ന മയോകാര്‍ഡിയല്‍ ഇന്ഫ്രാക്ഷന്, മയോകാര്‍ഡിയല്‍ ഇസ്കേമിയ തുടങ്ങിയ ഹൃദയസംബന്ധമായ രോഗങ്ങളാണ് വലിയൊരു ശതമാനം റോഡപകടങ്ങള്‍ക്ക് കാരണമെന്ന് മിഷിഗണ്‍ സര്‍വ്വകലാശാലയിലെ കേയ്വാന്‍ നജാരിയന് പറഞ്ഞു. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുമായി ചേര്‍ന്നാണ് ഗവേഷകര്‍ പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കുന്നത്.
കാര്‍ ഡ്രൈവ് ചെയ്യുന്ന വ്യക്തിയുടെ ശാരീരിക സ്ഥിതി നിരീക്ഷിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത ശേഷം ഹൃദായഘാതവും മറ്റും സംഭവിക്കാനുള്ള സാധ്യത മുന്‍കൂട്ടി അറിയിക്കുകയാണ് ഈ സാങ്കേതികവിദ്യ ചെയ്യുന്നത്.
സാങ്കേതികവിദ്യയുടെ ഹാര്ഡ്വെയര്, അല്‍ഗോരിതം എന്നിവ രൂപപ്പെടുത്തി വരുന്നതായി നജാരിയന് അറിയിച്ചു. വാഹനത്തിലെ സാങ്കേതികവിദ്യ ഉപയോഗിച്ച് ഹൃദയാഘാതവും മറ്റും എളുപ്പം തിരിച്ചറിയാന്‍ കഴിയുമെന്ന് തെളിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.
ഡ്രൈവറുടെ നെഞ്ചില്‍ സ്ഥാപിക്കുന്ന പാച്ചുകള്‍ ശാരീരിക സ്ഥിതി തത്സമയം അടയാളപ്പെടുത്തിക്കൊണ്ടിരിക്കും. വാഹനത്തില്‍ സ്ഥാപിക്കാവുന്ന ഉപകരണത്തിന്റെ അല്‍ഗോരിതം, ഹാര്ഡ്വെയര് സംബന്ധിച്ച പരീക്ഷണം നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: