രാഗിണി മേനോന് ‘രക്ഷ’യെന്നാല്‍ ജീവിത കര്‍മ്മകാണ്ഡമാണ്. ഭിന്നശേഷിയുള്ള കുരുന്നുകളുടെ ആശാ കേന്ദ്രമാണ് കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ‘രക്ഷാ’ സ്പെഷ്യല്‍ സ്കൂള്‍. മൂന്ന് പതിറ്റാണ്ടായി ‘രക്ഷ’ യ്ക്കൊപ്പം പ്രവര്‍ത്തിക്കുന്ന രാഗിണി മേനോന് പ്രിയതമന് മഞ്ജു മേനോന്റെ അന്ത്യാഭിലാഷം കൂടിയാണിത്. കുടുംബ ജീവിതത്തോടോപ്പം പ്രിയതമന്റെ സഹായി യായെത്തി തുടങ്ങിയതാണ് രക്ഷയ്ക്കൊപ്പമുള്ള രാഗിണിയുടെ യാത്ര. ഒപ്പം കുടുംബാംഗങ്ങളുടെ പ്രചോദനം കൂടിയായപ്പോള്‍ രാഗിണിയ്ക്ക് ‘രക്ഷ’യും മറ്റൊരു കുടുംബമായി. തളരാതെയുള്ള മുന്നേറ്റമാണ് രാഗിണി മേനോന്റെ പ്രവര്‍ത്തന മികവ്.
പട്ടാമ്പിയില്‍ ജനിച്ചു വളര്‍ന്ന രാഗിണി, മഞ്ജുമേനോന്റെ ജീവിത പങ്കാളിയായാണ് കൊച്ചിയിലെത്തിയത്. ഭര്‍ത്താവിന്റെ രക്ഷിതാക്കള്‍ക്കൊപ്പമുള്ള കുടുംബ ജീവിതത്തിലും ഏകമകന്റെ വളര്‍ച്ചയിലും മാര്ഗ്ഗദര്ശനമേകിയുള്ള രാഗിണി മേനോന്റെ ജീവിതം പലരിലും ആശ്ചര്യം സൃഷ്ടിച്ചിരുന്നു. 1986 ല്‍ തുടങ്ങിയ ‘രക്ഷ’യിലെ പ്രവര്‍ത്തനത്തിന്റെ ഒരോ ഘട്ടവും രാഗിണി നിരീക്ഷിച്ചിട്ടുണ്ട്. വിശ്രമമില്ലാതെയുള്ള മഞ്ജു മേനോന്റെ പ്രവര്‍ത്തനമാണ് ഇന്നും രാഗിണിക്ക് പ്രചോദനം.
1986 ല്‍ ഹോണററി സെക്രട്ടറിയായി തുടങ്ങിയ ഔദ്യോഗിക സ്ഥാനം ഇന്നും തുടരുന്നു. 2007 ല്‍ മഞ്ജു മേനോന്റെ നിര്യാണത്തെ തുടര്‍ന്നും ചുമതലാ ബോധം കൈവിടാതെ രക്ഷയ്ക്കൊപ്പമെന്നുറച്ച് നീങ്ങിയ രാഗിണി മേനോന് മറ്റുള്ളവര്‍ക്കും മാതൃകയാണ്. നൂറ്റമ്പതോളം ഭിന്നശേഷി കുട്ടികളുടെ നാല് തലങ്ങളിലായുള്ള പഠന സൗകര്യമൊരുക്കുന്നതില്‍ 45 ജീവനക്കാര്‍ക്കൊപ്പം നിന്ന് രാഗിണി ഇവര്‍ക്ക് പ്രചോദനവുമേകുന്നു.
ജീവിതത്തിലെ ഏകാന്തതയിലും രാഗിണി സംതൃപ്തയാണ്. ‘രക്ഷ’യെ ജീവനാഡികളിലൊന്നാക്കി കൊണ്ടുനടക്കുന്ന രാഗിണി മേനോന് ഇന്ന് സാമാജിക ജീവിതത്തിലെ നിസ്വാര്‍ത്ഥ സേവകരുടെ നിഴലായി മാറാനാണാഗ്രഹിക്കുന്നത്. രക്ഷയുടെ പ്രവര്‍ത്തനത്തെ നേരിട്ടെത്തി കണ്ടറിഞ്ഞ് സഹായമെന്ന ശൈലിയിലൂടെ അഭ്യുദയകാംക്ഷികളിലും സഹായികളിലും വേറിട്ട സന്ദേശം പകരുന്ന രാഗിണിയുടെ പ്രവര്‍ത്തന രീതി ‘രക്ഷ’ യുടെ കുതിപ്പിനും ഇടയാക്കുന്നു. ചെന്നൈയില്‍ ശാസ്ത്രജ്ഞനായ ഏക മകന്റെ ക്ഷണം സ്നേഹത്തോടെ നിരസിച്ച് ഭിന്നശേഷിയുള്ള കുരുന്നുകള്‍ക്കായുള്ള ‘രക്ഷ’ യ്ക്കുവേണ്ടി ജീവിതം അര്‍പ്പിച്ചിരിക്കുകയാണ് രാഗിണി. സ്ത്രീകള്‍ വീട്ടിലിരിക്കരുത്, പ്രവര്‍ത്തിക്കുക, മുന്നേറുക, ജീവിതവിജയം കൈവരിക്കുക എന്നാണ് രാഗിണിയ്ക്ക് പറയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: