ബാങ്കോക്ക്: ഭാഗ്യം തേടി സന്ദര്‍ശകര്‍ കുളത്തിലേക്ക് വലിച്ചെറിയുന്ന നാണയം വിഴുങ്ങുകയായിരുന്നു കക്ഷിയുടെ പ്രധാനപരിപാടിയെന്ന് അധികൃതര്‍ വളരെ വൈകിയാണ് അറിഞ്ഞത്. ഇവള്‍ മറ്റാരുമല്ല, 25 വയസുള്ള പച്ചക്കടലാമ.
തായ്‌ലന്റ് തലസ്ഥാനമായ ബാങ്കോക്കിലെ ശ്രീരചാ നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രത്തില്‍ ഒരു കൃത്രിമ കുളമുണ്ട്. അതിലാണ് ആമയെ വളര്‍ത്തിയിരുന്നത്.
ഒരു ദിവസം തീരെ അവശയായ കടലാമയെയാണ് അധികൃതര്‍ കണ്ടത്. ആഹാരമെടുക്കുന്നില്ല, തീരെ സുഖമില്ല.. 80 വയസാണ് പച്ചക്കടലാമകളുടെ ആയുസ്. പിന്നെന്താണ് പ്രശ്‌നം. ഒടുവില്‍ അവളെ പുറത്തെടുത്ത് വിശദമായി പരിശോധിച്ചു. ആമയ്‌ക്ക് വലിയ ഭാരമായിരുന്നു. അകത്തു നിന്നുളള സമ്മര്‍ദ്ദം താങ്ങാനാവാതെ പുറം തോട് പൊട്ടിപ്പൊളിഞ്ഞു തുടങ്ങി. കടുത്ത അണുബാധയും.
തുടര്‍ന്ന് സിടി സ്‌കാന്‍ ചെയ്തു. അപ്പോഴാണ് വയറ്റില്‍ ലോഹക്കഷണങ്ങള്‍ നിറഞ്ഞതായി കണ്ടെത്തിയത്. അഞ്ച് സര്‍ജന്മാര്‍ മണിക്കൂറുകള്‍ നീണ്ട ഓപ്പറേഷന്‍ നടത്തി വയറ്റിലെ ലോഹക്കഷണങ്ങള്‍ പുറത്തെടുത്തു. എല്ലാം പല തരത്തിലുള്ള നാണയങ്ങള്‍. 915 നാണയങ്ങളാണ് ആമയുടെ വയറ്റില്‍ നിന്ന് ലഭിച്ചത്.
മൊത്തം ഭാരം 5 കിലോ. ബാങ്ക് എന്ന ഇരട്ടപ്പേരില്‍ അറിയപ്പെട്ട ആമയുടെ വയറ്റില്‍ കിടന്ന പല നാണയങ്ങളും തുരുമ്പിച്ചു. നാണയങ്ങള്‍ക്കൊപ്പം മീന്‍ പിടിക്കാനുപയോഗിക്കുന്ന വലിയ രണ്ട് ചൂണ്ടകളും വയറ്റിലുണ്ടായിരുന്നു.ഇവയെല്ലാം നീക്കിയതോടെ ആമയുടെ അവസ്ഥ മെച്ചപ്പെട്ടു തുടങ്ങി. ആമക്കുളത്തില്‍ നാണയമെറിഞ്ഞാല്‍ ഭാഗ്യം ലഭിക്കുമെന്നാണ് തായ്‌ലാന്‍ഡുകാരുടെ വിശ്വാസം. സന്ദര്‍ശകരെല്ലാം ഭാഗ്യം ലഭിക്കാന്‍ നാണയമെറിഞ്ഞു, അതെല്ലാം വിഴുങ്ങിയ പാവം ആമയ്‌ക്ക് ദൗര്‍ഭാഗ്യവും ലഭിച്ചു.
















