പുരസ്ക്കാര വിധിയില്‍ നമ്മുടെ സിനിമ മിക്കവാറും മുന്‍ വിധികളുടെ തടവു പാളയങ്ങളിലായിരുന്നു. അവാര്‍ഡ് ആര്‍ക്കൊക്കെ കൊടുക്കണമെന്നും ലഭിക്കണമെന്നുമൊക്കെ നേരത്തെ നിര്ണ്ണയിക്കപ്പെടുംപോലെ തോന്നിച്ചിരുന്നു കാര്യങ്ങള്‍. പുറത്ത് ഇന്നതിന്നതിനെന്ന് ജനം സ്വയം വിധിയെഴുതി ആശ്വസിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ അവാര്‍ഡു പ്രഖ്യാപനത്തോടൊപ്പം വിവാദവും സംവാദവും കിട്ടാക്കുശുമ്പുമൊക്കെ സര്‍വസാധാരണമായിരുന്നു. വിവാദങ്ങളുടെ ഒച്ചപ്പാടുകള്കൊണ്ടാണ് മിക്കവാറും പുരസ്ക്കാര നിര്‍ണ്ണയം ആഘോഷമാകുക.
എന്നാല്‍ ഇത്തവണ മികവിനു തന്നെ അര്ഹതകിട്ടി എന്നാണ് പരക്കെയുള്ള വിശ്വാസം. അതുകൊണ്ടു ആദരവും മാന്യതയും പൊതുവെ പിടിച്ചുപറ്റിയിട്ടുണ്ട് പുരസ്ക്കാര വിധി. ഒഡീഷ സംവിധായകനും ക്യാമറാമാനുമായ എ.കെ.ബിര്‍ അധ്യക്ഷനായ പത്തംഗ ജൂറിയെയാണ് ഇതിന് അഭിനന്ദിക്കേണ്ടത്. അവരുടേത് ആരുടേയും മുഖംനോക്കാതെയുള്ള അനാസൂത്രിതമായ നീതിയുടെ വിധിയായിരുന്നു. മികച്ച നടനും നടിയും സംവിധായകനുമായി തെരഞ്ഞെടുക്കപ്പെട്ടവര്‍ തന്നെ ഈ വിധി നിര്‍ണ്ണയത്തിന്റെ ന്യായത്തിന്റെ സാക്ഷികളാണ്. അതുപോലെ തന്നെയാണ് മറ്റു തെരഞ്ഞെടുപ്പുകളും.
നായകനായ സൂപ്പര്‍ സ്റ്റാറിന് മികച്ച നടന് എന്ന പുരസ്ക്കാരം നല്‍കുക എന്ന് സ്വാഭാവികമെന്നു തോന്നും വിധമുള്ള വിധിയായിരുന്നു മിക്കവാറും നമ്മുടെ സിനിമാ അവാര്‍ഡുകളുടെ രീതി. കുറഞ്ഞ പക്ഷം നായകനു കൊടുക്കുക എന്നതിലപ്പുറം മാറാനുള്ള മനസില്ലായിരുന്നു നമ്മുടെ വിധികര്‍ത്താക്കള്‍ക്ക്. അതുപോലെ തന്നെയാണ് മികച്ച നടി, സംവിധായകന് എന്നിവര്‍ക്കുള്ള പുരസ്ക്കാര നിര്‍ണ്ണയങ്ങളുടെ രീതികളും.
എന്നാല്‍ ഇത്തവണ ന്യായവിധികളില്മേലുള്ള മുന്‍വിധികളാണ് തകര്‍ക്കപ്പെട്ടത്. കമ്മട്ടിപ്പാടത്തിലൂടെ വിനായകന് മികച്ച നടനുള്ള പുരസ്ക്കാര വിധി യഥാര്‍ഥത്തില്‍ മലയാള സിനിമയില്‍ ഇത്രയും കാലം വിധി നിര്‍ണ്ണയത്തില്‍ ഇടപെട്ടിരുന്ന നീതി നിഷേധത്തിനുമേലുള്ള ചെറുത്തു നില്‍പ്പായി. കമ്മട്ടിപ്പാടത്തില്‍ വിനായകനായിരുന്നില്ല നായകന്, ദുല്‍ക്കര്‍ സല്‍മാനായിരുന്നു. പക്ഷേ ജൂറി നിരീക്ഷിച്ചത് അഭിനയത്തികവിന്റെ നായകനെയായിരുന്നു. ഇതിനു മുന്‍പ് മികച്ച നടനെന്ന നിലയിലുള്ള രണ്ട് സ്വകാര്യ അവാര്‍ഡുകള്‍ കിട്ടിയത് വിനായകനായിരുന്നു.
സത്യത്തില്‍ വിനായകന്റെ ഗംഗയില്‍ മുങ്ങിക്കുളിച്ച് മലയാള സിനിമ ഇത്തരത്തിലുള്ള പാപം കഴുകിയെന്നു പറയാം. അതുപോലെ താരതമ്യേന പുതുമുഖമായ രജീഷ വിജയനുള്ളതും മികവിന്റെ പുരസ്ക്കാരമാണ്. മാന്‍ ഹോളിലൂടെ വിധു വിന്‍സന്റ് സംവിധാന മികവുനേടിയപ്പോള് സംവിധായകന് എന്ന ആണ് നാമം തന്നെ തകര്‍ത്തെറിഞ്ഞുകൊണ്ട് ഈ രംഗത്തുള്ള ആണധികാരമാണ് മാറ്റി എഴുതപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: