വാഷിങ്ടണ്‍: സ്മാര്‍ട് ഫോണുകളും ടെലിവിഷനുമടക്കം സകല ഇലക്ട്രോണിക് ഉപകരണങ്ങളും രഹസ്യങ്ങള്‍ ചോര്‍ത്താന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ ഉപയോഗിച്ചിരുന്നതായി വിക്കിലീക്‌സ് വെളിപ്പെടുത്തി. ഇക്കാര്യം വെളിവാക്കുന്ന സിഐഎയുടെ എണ്ണായിരത്തോളം രഹസ്യ രേഖകള്‍ വിക്കിലീക്‌സ് പുറത്തു വിട്ടു.
ഗൂഗിള്‍, ആപ്പിള്‍ ആപ്ലിക്കേഷനുകളിലും സാംസങ് ടിവിയുടെ എഫ് 8000 മോഡലിലും രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള ഹാക്കിങ് തന്ത്രങ്ങള്‍ സിഐഎ ആവിഷ്‌കരിച്ചിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് വോള്‍ട്ട്7 എന്നു വിക്കിലീക്‌സ് പേരിട്ട ഈ രേഖകളിലുള്ളത്. 2013 മുതല്‍ 2016 വരെയുള്ള സിഐഎ രേഖകളാണിത്. ഇത്രയധികം രഹസ്യ രേഖകള്‍ ചോരുന്നത് സിഐഎയുടെ ചരിത്രത്തില്‍ ഇതാദ്യം.
ആപ്പിളിന്റെ ഐ ഫോണ്‍, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ്, മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് എന്നിവ സിഐഎ ചാരപ്രവര്‍ത്തനത്തിനുപയോഗിച്ചിരുന്നു. സിഐഎയുടെ വിര്‍ജീനിയയിലെ ആസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ സൈബര്‍ ഇന്റലിജന്‍സ് വികസിപ്പിച്ച വിവിധ ഹാക്കിങ് സംവിധാനങ്ങള്‍ ഐഫോണിലും ആന്‍ഡ്രോയിഡിലും വിന്‍ഡോസിലും ഘടിപ്പിച്ചിരുന്നു. ലോകവ്യാപകമായി സ്മാര്‍ട് ഫോണുകളില്‍ നിന്നും കംപ്യൂട്ടറുകളില്‍ നിന്നും വിവരങ്ങള്‍ കാലങ്ങളായി സിഐഎ ചോര്‍ത്തി.
മാസങ്ങള്‍ക്കു മുമ്പ് ഈ ഹാക്കിങ് സംവിധാനത്തിന്റെ നിയന്ത്രണം സിഐഎയ്‌ക്കു നഷ്ടമായി. സിഐഎയുടെ മുന്‍ ഉദ്യോഗസ്ഥര്‍ക്കും അമേരിക്കയിലെ ചില മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഈ രേഖകകള്‍ ലഭിച്ചിരുന്നു. അവരില്‍ ഒരാളില്‍ നിന്നു ലഭിച്ച രേഖകള്‍ പുറത്തു വിടുന്നു എന്നാണ് വിക്കിലീക്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നത്.
ഫോണുകളും കംപ്യൂട്ടറുകളും മാത്രമല്ല ടെലിവിഷനുകളും ഹാക്കിങ്ങിനായി സിഐഎ ഉപയോഗിച്ചിരുന്നു എന്നതാണ് മറ്റൊരു വെളിപ്പെടുത്തല്‍. കൊറിയന്‍ കമ്പനിയായ സാംസങ്ങിന്റെ എഫ്8000 മോഡലില്‍ പ്രത്യേക തരത്തിലുള്ള സംവിധാനമാണ് സിഐഎ തയാറാക്കിയത്.
ഫേക്ഓഫ് എന്ന രീതിയാണ് ഉപയോഗിച്ചത്. ടെലിവിഷന്‍ സ്‌ക്രീനാണ് ഇവിടെ സിഐഎയുടെ ഹാക്കിങ് ഡിവൈസ്. ടിവി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ സ്‌ക്രീന്‍ ഓഫ് മോഡിലേക്കു പോകുന്നു. ടിവി പ്രവര്‍ത്തിക്കുന്നില്ല എന്നാണ് തോന്നുക. എന്നാല്‍, ഈ ഈ സമയം ആ മുറിക്കുള്ളിലെ സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്യാനും അത് സിഐഎയുടെ സര്‍വറിലേക്ക് അയയ്‌ക്കാനും കഴിയുന്ന ആപ്ലിക്കേഷനാണ് സിഐഎ ടിവിക്കുള്ളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നത്. ഈ ബാച്ചില്‍ പുറത്തിറങ്ങിയ എല്ലാ ടെലിവിഷനുകളിലും ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ചില്ല.
വിക്കിലീക്‌സിന്റെ വെളിപ്പെടുത്തല്‍ സിഐഎ നിഷേധിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഇപ്പോള്‍ പ്രതികരിക്കുന്നില്ല എന്നാണ് സിഐഎ വക്താവ് ഹീതര്‍ ഫ്രിറ്റ്‌സ് ഫൊര്‍നിയാക് പറഞ്ഞത്. വളരെ വിപുലമായി ആവിഷ്‌കരിച്ച ഈ ഹാക്കിങ് പ്രോഗ്രാമില്‍ സിഐഎക്ക് ബ്രിട്ടിഷ് രഹസ്യാന്വേഷണ ഏജന്‍സിയാ എം 15ന്റെ സഹായവും ലഭിച്ചിരുന്നു എന്നാണ് സൂചന.
















