കാസര്‍കോട്: സപ്തഭാഷാ സംഗമഭൂമിയായ കാസര്‍കോട് നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന മുനിസിപ്പല്‍ ടൗണ്‍ യു.പി.സ്കൂള്‍ തലമുറകള്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്ന് സ്തുത്യര്‍ഹമായ സേവനത്തിന്റെ 125 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ചരിത്രമുറങ്ങുന്ന ഈ വിദ്യാലയത്തിന്റെ ശതോത്തര രജതജൂബിലി ആഘോഷപരിപാടികള്‍ 10,11,12 തിയ്യതികളില്‍ നടത്തപ്പെടുകയാണ്.
വിദ്യാഭ്യാസ സാംസ്കാരിക കലാകായിക രാഷ്ട്രീയ സാമൂഹ്യ മേഖലകളില്‍ പ്രഗത്ഭരായ നിരവധി പ്രതിഭകള്‍ക്ക് ജന്മം നല്കി കാസര്‍കോട് നഗരത്തിന് തിലകക്കുറിയായി നിലകൊള്ളുന്ന ഈ വിദ്യാലയം വേറിട്ട പ്രവര്‍ത്തന പാന്ഥാവിലേക്ക് കാലൂന്നിയിരിക്കയാണ്. സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള നൂതനവും ആധുനികവുമായ മാര്‍ഗങ്ങള്‍ അവംലംഭിക്കുവാനും ഭൗതികസൗകര്യങ്ങള് കാലത്തിനനുസരിച്ച് മാറ്റാനും ശതോത്തര രജതജൂബിലി ആഘോഷ പരിപാടികള്‍ കാരണമാകണമെന്നാണ് വിഭാവനം ചെയ്യുന്നത്.
ആധുനികമായ ഭൗതികാന്തരീക്ഷ മാറ്റങ്ങള്‍ നടക്കാത്തത് പലപ്പോഴും വിദ്യാര്‍ഥികള്‍ കുറയുന്നതിന് കാരണമാകുന്നു എന്ന തിരിച്ചറിവ് നൂതനമായ ഭൗതികാന്തരീക്ഷ നിര്‍മിതിക്ക് പ്രചോതനമായി. മലയാളം, കന്നഡ, ഇംഗ്ലീഷ് മീഡിയം ഒന്നാംതരം ഈ വര്‍ഷം തന്നെ ഡിജിറ്റലൈസ് ചെയ്യുകയും ആധുനികമായ രീതിയിലുള്ള ബോധനസമ്പ്രദായം ആരംഭിക്കുകയുമാണ്.
കൂടാതെ ഡസ്റ്റ്ലെസ്സ് ക്ലാസ്സ് മുറികള്‍, എ.സി. മള്‍ട്ടിപര്‍പ്പസ്സ് സ്മാര്‍ട്ട് ലാബ്, വെല്‍ എക്യുപ്ട് കമ്പ്യൂട്ടര്‍ ലാബ്, ഓപ്പണ്‍ എയര്‍ ക്ലാസ്സ് റൂം, ഓപ്പണ്‍ എയര്‍ അസംബ്ലി ഓഡിറ്റോറിയം, സ്കൂള്‍ ബസ്സ് സൗകര്യം തുടങ്ങിയ നൂതന സംവിധാനങ്ങള്‍ ഒരുങ്ങിവരുന്നു.
സര്‍ക്കാര്‍ സഹായം കൊണ്ട് മാത്രം സമയബന്ധിതമായി ഇതെല്ലാം പൂര്‍ത്തീകരിക്കാനാവില്ല എന്ന തിരിച്ചറിവ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ രൂപീകരണത്തിനു വഴിതെളിച്ചു.
ആയതിനാല്‍ അധ്യാപക രക്ഷാകര്തൃസമൂഹത്തിന്റെ നേതൃത്വത്തില്‍ പൂര്‍വ വിദ്യാര്‍ത്ഥി സഹകരണത്തോടെ, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരുടെയും സുമനസ്സുകളുടെയും സഹകരണം തേടുകയാണ്. ശതോത്തര രജതജൂബിലി ആഘോഷപരിപാടിയുടെ ഭാഗമായി വിളംബര ഘോഷയാത്ര, പൂര്‍വ വിദ്യാര്‍ത്ഥി സംഗമം, ഗുരുവന്ദനം, സാംസ്കാരിക സമ്മേളനം, മിമിമാജിക്സ്, സമാപന സമ്മേളനം, കുട്ടികളുടെ കലാപരിപാടികള്‍ നടക്കും.
ഗുരുവന്ദനം ജില്ലാകലക്ടര്‍ കെ.ജീവന്‍ബാബു, സാംസ്കാരികസമ്മേളനം, ഡിജിറ്റല്‍ ക്ലാസ്സ്മുറി ഉദ്ഘാടനം എന്നിവ മന്ത്രി ഇ.ചന്ദ്രശേഖരന്, സമാപന സമ്മേളനം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. നിര്‍വഹിക്കും. ജില്ലാ പോലീസ് ചീഫ് കെ.ജി.സൈമണ്‍, മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം, ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് സി.എ.അബ്ദുള്‍ റഹീം, മുന്‍ ചെയര്മാന് ടി.ഇ.അബ്ദുള്ള തുടങ്ങിയവര്‍ സംബന്ധിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ കൗണ്‍സിലര്‍ ശ്രീലത.എം, പി.ടി.എ. പ്രസിഡന്റ് റാഷിദ് പൂരണം, ഹെഡ്മിസ്ട്രസ്സ് സരോജിനി.കെ, ഗണേഷ്.കെ., ശാന്തകുമാരി.ഇ, ബെന്നി.പി.ടി, അനീസ, സൈജ.കെ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: