ഇസ്ലാമാബാദ്: ഭീകരരുടെ വിചാരണയ്‌ക്കായി സൈനിക കോടതികള്‍ സ്ഥാപിക്കാന്‍ പാക്കിസ്ഥാന്‍ ഭരണഘടന ഭേദഗതി ചെയ്യുന്നു. ഇതിനുളള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.
ഇത്തരം കോടതികളെ നിയന്ത്രിക്കാന്‍ സൈന്യത്തിന് അനുമതി നല്‍കാനുളള ഭേദഗതികളുമുണ്ടാകും. നിയമമന്ത്രി സഹിദ് ഹമീദാണ് ഇരുബില്ലുകളും പാര്‍ലമെന്റിന്റെ അധോസഭയായ ദേശീയ അസംബ്ലിയില്‍ അവതരിപ്പിച്ചത്.
ബില്ലിനെതിരെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുളള രണ്ട് വര്‍ഷ കാലാവധിയ്‌ക്ക് പകരം ഒരു വര്‍ഷത്തേക്ക് ഇത്തരം കോടതികള്‍ സ്ഥാപിച്ചാല്‍ മതിയെന്നാണ് പിപിപിയുടെ ആവശ്യം.
ഇതിന് പുറമെ സൈനിക ജഡ്ജിയ്‌ക്കൊപ്പം സിവിലിയന്‍ ജഡ്ജിയും കോടതിയിലുണ്ടാകണമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു. മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാനുളള സാഹചര്യമുണ്ടാകണമെന്നും ആവശ്യമുണ്ട്.
















