തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖനിര്‍മാണ കരാറുമായി ബന്ധപ്പെട്ട് കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ കടുത്ത പോര്. വി.എം. സുധീരനും കെ. മുരളീധരന് എംഎല്‍എയും ഏറ്റുമുട്ടി. പി.സി. ചാക്കോയുടെ കുത്തിന് അതേ നാണയത്തില്‍ മറുപടി നല്കി ഉമ്മന്‍ചാണ്ടി. ശ്രീവത്സം അഴിമതി തിരിച്ചടിച്ചാലോ എന്നു ഭയന്ന് ഐ ഗ്രൂപ്പ് യോഗത്തിലുടനീളം മൗനം പാലിക്കുകയായിരുന്നു.
പദ്ധതി നടപ്പാക്കും മുമ്പ് പാര്‍ട്ടി ഫോറത്തില്‍ ചര്‍ച്ച ചെയ്തില്ലെന്ന സുധീരന്റെ ആരോപണമാണ് സംഘര്‍ഷത്തിനു തുടക്കമിട്ടത്. ഉമ്മന്‍ചാണ്ടിയെ ലക്ഷ്യമിട്ടായിരുന്നു സുധീരന്റെ വിമര്‍ശനം. വിഴിഞ്ഞത്തിന്റെ പേരില്‍ വോട്ടുപിടിച്ച ശേഷം ചര്‍ച്ച ചെയ്തില്ലെന്ന് ആരോപണമുന്നയിക്കുന്നത് ശരിയല്ലെന്ന വാദവുമായി കെ. മുരളീധരന് സുധീരനെ നേരിട്ടു. ആ പ്രചാരണത്തിന്റെ ഫലം തിരുവനന്തപുരം ജില്ലയില്‍ ഉടനീളം അറിയാനായി. കരാര്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് താന്‍ അന്ന് കത്തു നല്‍കിയിരുന്നു. എന്നാല്‍ സുധീരന് രാഷ്ട്രീയകാര്യ സമിതി വിളിച്ചു ചേര്‍ത്തില്ലെന്നും മുരളീധരന് കുറ്റപ്പെടുത്തി.
ഉമ്മന്‍ചാണ്ടിയെയും എ ഗ്രൂപ്പിനെയും സംരക്ഷിക്കാന്‍ വീറോടെ വാദിച്ചത് മുരളീധരനായിരുന്നു. എ ഗ്രൂപ്പിനെ പ്രകോപിപ്പിച്ചാല്‍ ശ്രീവത്സം കേസ് തിരിച്ചടിക്കുമെന്ന് ഭയന്ന് ഐ ഗ്രൂപ്പ് നേതാക്കളാരും മിണ്ടിയില്ല. ഫലത്തില്‍ രാഷ്ട്രീയകാര്യ സമിതിയില്‍ സുധീരന് ഒറ്റപ്പെട്ടു. യോഗാവസാനം ഒറ്റക്കെട്ടായി ഉമ്മന്‍ചാണ്ടിക്കെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കണമെന്ന തീരുമാനത്തോട് സുധീരനും യോജിക്കേണ്ടി വന്നു.
അഴിമതിയുണ്ടെങ്കില്‍ കരാര്‍ റദ്ദ് ചെയ്യാന്‍ തയ്യാറാകണമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ സര്‍ക്കാരിനെ വെല്ലുവിളിച്ചു. ക്രമക്കേടുണ്ടെന്നു പറഞ്ഞ് പദ്ധതിയുമായി മുന്നോട്ടു പോകുന്നത് ഇരട്ടത്താപ്പാണെന്നും അഭിപ്രായമുയര്‍ന്നു. അതേസമയം ജുഡീഷ്യല്‍ അന്വേഷണത്തെ കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന് സ്വാഗതം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: