ചരിത്രം കുറിയ്ക്കുകയാണ് മാന്‍ഹോളിന്റെ സംവിധായിക വിധു വിന്‍സന്റ്. രാജ്യാന്തര ചലച്ചിത്രമേളയില്‍ ഫിപ്രസി പുരസ്കാരവും രജതചകോരവും നേടിയ ആദ്യ മലയാളി വനിതാ സംവിധായിക. ഇപ്പോഴിതാ മികച്ച സംവിധാനത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം നേടുന്ന ആദ്യ വനിതയും വിധു തന്നെ. മാന്‍ഹോളില്‍ അവതരിപ്പിച്ചത് തന്റെ രാഷ്ട്രീയമെന്നും മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ നേടിയ അനുഭവ സമ്പത്തുകളാണ് തന്നെ ഇന്നിവിടെ വരെ എത്തിച്ചതെന്നും വിധു വിന്‍സന്റ് പറയുന്നു. അഴുക്കുചാലില്‍ പണിയെടുക്കുന്നവരുടെ ജീവിതമായിരുന്നു മാന്‍ഹോള്‍ പറഞ്ഞത്. ഈ തൊഴില്‍ ചെയ്യുന്നവരുടെ മേല്‍ അധികാരികളുടെ കണ്ണു തുറപ്പിക്കാനായി എന്നത് നിസാരകാര്യമല്ല.
ദൃശ്യ മാധ്യമപ്രവര്‍ത്തക എന്ന നിലയിലുള്ള ദീര്‍ഘകാലത്തെ അനുഭവം കൈമുതലാക്കി സംവിധാനം ചെയ്ത ‘വൃത്തിയുടെ ജാതി’ എന്ന ഡോക്യുമെന്ററിയാണ് സിനിമയായി വിധു മാറ്റിയത്. ഈ രംഗത്തെത്തിയപ്പോള്‍ ധാരാളം വെല്ലുവിളികള്‍ പ്രതീക്ഷിച്ചിരുന്നു. ഈ മേഖലയില്‍ സ്ത്രീ സാന്നിധ്യം കുറവാണ്. സ്ത്രീയുടെ കാഴ്ച്ചപ്പാട് എത്രത്തോളം പ്രേക്ഷകര്‍ സ്വീകരിക്കും എന്ന കാര്യത്തിലും ഒരുപാട് സംശയങ്ങളും ആശങ്കയും ഉണ്ടായിരുന്നു. ഇത്തരം ആശങ്കകള്‍ ഉണ്ടെങ്കിലും പുരസ്കാരം ലഭിച്ചതില്‍ സന്തോഷമുണ്ട്.
സി-ഡിറ്റില്‍ ചേര്‍ന്ന സമയത്ത് തുടര്‍ച്ചയായി അഞ്ചു സിനിമകള്‍ വരെ കാണുമായിരുന്നു. അത് സംവിധാനരംഗത്തെത്താന്‍ പ്രചോദനമായി. ആ സമയത്തൊന്നും സിനിമ എടുക്കണം എന്നു വിചാരിച്ചില്ല. ഇപ്പോഴും ഒരു അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകയുടെ മനസ്സാണ്. മാധ്യമരംഗത്തേയ്ക്ക് വന്നപ്പോഴാണ് ഭാഷ പരുവപ്പെടുത്താന്‍ സാധിച്ചത്.
സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതത്തിന് നേരെ മുഖ്യധാരാ സിനിമകള്‍ മുഖം തിരിച്ചു നില്‍ക്കുമ്പോഴാണ് വിധു ആദ്യ സിനിമയില്‍ തന്നെ ഇത്തരമൊരു ജീവിത യാഥാര്‍ഥ്യത്തിലേക്ക് ക്യാമറ തിരിയ്ക്കുന്നത്. ഡോക്യുമെന്ററിക്ക് സ്വാഭാവികമായും അതിന്റേതായ പരിമിതിയുണ്ട്. ഇതുപോലൊരു വിഷയം ഡോക്യുമെന്ററിയില്‍ ഒതുക്കി നിര്‍ത്താന്‍ പറ്റില്ല എന്നുവന്നപ്പോഴാണ് മറ്റൊരു മാധ്യമത്തിലൂടെ എങ്ങനെ പറയാം എന്നാലോചിച്ചത്. പുനഃസൃഷ്ടിക്കാനുള്ള മാധ്യമം സിനിമയാണെന്ന് അങ്ങനെ തിരിച്ചറിയുകയായിരുന്നു.
മുഖ്യധാരാ ചരിത്രത്തില്‍ നിന്നുപോലും മാറ്റിനിര്‍ത്തപ്പെട്ട, സമൂഹം എപ്പോഴും പുറംപോക്കിലേക്ക് മാറ്റി നിര്‍ത്തിയവരാണ് അതുകൊണ്ടു തന്നെ ഇത്തരമൊരു വിഷയം സിനിമയാക്കുന്നതില്‍ ഒരുപാട് വെല്ലുവിളികളുണ്ടായി.
ഇങ്ങനെയുള്ളവരും നമ്മുടെ ഇടയിലുണ്ടോ, എന്തുകൊണ്ട് ഇവരുടെ സാന്നിധ്യം നമ്മള് അറിയുന്നില്ല എന്നുള്ളത് അത്ഭുതവും ഞെട്ടലുമാണ് ഉണ്ടാക്കിയത്. നമ്മള് വെളിച്ചത്തില്‍ ഇവരെ കാണുന്നില്ല. ഇരുട്ടാണ് ഇവരുടെ ജീവിതം മുഴുവന്‍ എന്ന് എനിക്കു വേറൊരു തരത്തില്‍ തോന്നിയിട്ടുണ്ട്. അതിനെയാണ് വെള്ളിത്തിരയിലേക്ക് കൊണ്ടുവരുന്നത്. ഈ മനുഷ്യര്‍ നമ്മുടെ ഇടയില്‍ ജീവിക്കുന്നവരാണ് അല്ലെങ്കില്‍ നമ്മള് ഒരുമിച്ചാണ് ഈ സമൂഹത്തില്‍ ജീവിക്കുന്നത് എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് വേണം പ്രേക്ഷകരും കണ്ണു തുറക്കേണ്ടതെന്നും വിധു പറയുന്നു. ഈ സിനിമയില്‍ കൂടെ ജോലി ചെയ്തവരും ആ ഒരു രാഷ്ട്രീയ ബോധത്തോടെ തന്നെയാണ് പണിയെടുത്തത്.
ഇങ്ങനെയുള്ള സാമൂഹ്യ വിഷയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ മാധ്യമ പ്രവര്‍ത്തക എന്ന നിലയിലും സിനിമാ സംവിധായിക എന്ന നിലയിലും കൂടുതല്‍ എളുപ്പമായി.
വിധുവിന്റെ ഭര്‍ത്താവ് വി.കെ. സഞ്ജയ് കോഴിക്കോട് എന്‍ ഐ ടിയില്‍ ജോലി ചെയ്യുന്നു. മകള്‍ സഞ്ജന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: