നെടുമ്പാശേരി വിമാനത്താവളത്തിന്റെ മൂന്നാം ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യ യാത്രക്കാരന്‍ ആനന്ദിന് എയര്‍പോര്‍ട്ടിന്റെ ഉപഹാരം നല്‍കുന്നു. ഹൈബി ഈഡന്‍ എംഎല്‍എ, സിയാല്‍ എംഡി: വി. ജെ. കുര്യന്‍. മുന്‍ എംപി: പി. രാജീവ്, പ്രൊഫ. കെ. വി. തോമസ് എം.പി. സമീപം
നെടുമ്പാശേരി: സര്‍ക്കാരിനെ മാത്രം ആശ്രയിച്ച് വികസനം നടപ്പാക്കുകയെന്ന കാഴ്‌ച്ചപ്പാട് മാറിയെന്നതിന് തെളിവാണ് ജനകീയ പങ്കാളിത്തത്തോടെ യാഥാര്‍ത്ഥ്യമായ കൊച്ചി രാജ്യാന്തര വിമാനത്താവളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ടെര്‍മിനല്‍ ത്രി, സൗരോര്‍ജ്ജ ഉദ്പ്പാദന ശേഷി വര്‍ദ്ധിപ്പിക്കല്‍, നാലുവരിപ്പാതയും പാലവും ഉദ്ഘാടന ശേഷം നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എന്തിനും ഏതിനും സര്‍ക്കാരിനെ ആശ്രയിക്കുന്ന നിലപാടാണ് നേരത്തെയുണ്ടായിരുന്നത്. പകരം ജനകീയ കൂട്ടായ്‌മകളിലൂടെ എന്തും നേടിയെടുക്കാമെന്നതിന് തെളിവാണ് സിയാലിന്റെ വളര്‍ച്ച. സംസ്ഥാനത്ത് മാത്രമല്ല, ഈ കാഴ്‌ച്ചപ്പാട് ലോകത്താകമാനം ഉണ്ട്. രാജ്യത്തിന് അഭിമാനകരമായ നേട്ടമാണ് സിയാല്‍ കൈവരിച്ചിട്ടുള്ളത്. ആഗോള താപന ഉച്ചകോടിയില്‍ പ്രധാനമന്ത്രി അവതരിപ്പിച്ചത് സിയാലിന്റെ സൗരോര്‍ജ്ജ വൈദ്യുതി വിഷയമാണ്.
സിയാല്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ഒട്ടനവധി പ്രതിസന്ധികളും ക്‌ളേശങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇതെല്ലാം സഹിച്ചും അര്‍പ്പണ മനോഭാവത്തോടെയുമാണ് വി.ജെ. കുര്യന്റെ നേതൃത്വത്തിലുള്ള ടീം സിയാലിനെ വളര്‍ത്തിയത്. പുതിയ ടെര്‍മിനല്‍ നിര്‍മ്മാണത്തിന് താരതമ്യേന ചെലവ് കുറവാണെങ്കിലും അന്താരാഷ്‌ട്ര നിലവാരത്തില്‍ കുറവുണ്ടായില്ലെന്നതും പ്രത്യേകതയാണ്. ലാഭം സ്വകാര്യവത്കരിക്കുകയും നഷ്ടം സാമൂഹ്യവത്കരിക്കുകയും ചെയ്യുന്ന കാലഘട്ടത്തില്‍ ലാഭം സേവന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനും സിയാല്‍ തയ്യാറായി. വിമാനത്താവളത്തിന്റെ സമീപ പഞ്ചായത്തുകളില്‍ കുടിവെള്ള പദ്ധതിക്കായി 126 കോടിയാണ് ചെലവഴിക്കുന്നത്. എറണാകുളം മെഡിക്കല്‍ കോളേജിന് 10 കോടിയും സംസ്ഥാന ശുചിത്വ മിഷന് നാല് കോടിയും നല്‍കി.
സിയാല്‍ മാതൃകയില്‍ ആറ് മാസത്തിനകം കണ്ണൂര്‍ വിമാനത്താവളം കൂടി പ്രവര്‍ത്തന സജ്ജമാകുകയാണ്. കേരളം പോലൊരു ചെറിയ സംസ്ഥാനത്താണ് നന്നായി പ്രവര്‍ത്തിക്കുന്ന മൂന്ന് വിമാനത്താവളങ്ങളുള്ളത്. ശബരിമലയില്‍ വിമാനത്താവളത്തിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സ്ഥലത്തെ സംബന്ധിച്ചുള്ള പഠനം നടക്കുകയാണ്.
കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള അനുമതി പുന:സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ഇവിടെ സ്ഥലം ഏറ്റെടുത്ത് റണ്‍വേ വികസനം നടക്കുന്നുണ്ട്.
















