ആദ്യ സിനിമയില്‍ തന്നെ സംസ്ഥാന അവാര്‍ഡ് നേടിയവര്‍ വിരളം. കോഴിക്കോട് പേരാമ്പ്ര ചാലിക്കരയെന്ന ഗ്രാമത്തില്‍ നിന്ന് മാധ്യമ പ്രവര്‍ത്തനത്തിന്റെ സാധ്യതകള്‍ തേടിയിറങ്ങിയ പെണ്‍കുട്ടി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ ആരും അധികം ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ ‘അനുരാഗ കരിക്കിന്‍വെള്ള’ ത്തിലെ എലിസബത്ത് എന്ന ‘എലി’യെ അവിസ്മരണീയമാക്കി പ്രേക്ഷകരെ ഞെട്ടിച്ച രജീഷ വിജയന്, പക്ഷേ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ ശരിക്കും ഞെട്ടി. മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട രജീഷ വിജയന് സംസാരിക്കുന്നു.
പേരാമ്പ്രക്കാരി ദല്‍ഹിയിലെത്തുന്നത്
അച്ഛന് വിജയന് ആര്‍മി ഓഫീസറായിരുന്നു. അമ്മ ഷീലയും അനുജത്തി അഞ്ജുവുമടങ്ങുന്ന കുടുംബം. അച്ഛന് ആര്‍മിയിലായതിനാല്‍ സ്കൂള്‍ വിദ്യാഭ്യാസം ചെലവഴിച്ചത് ഏഴു സ്കൂളുകളിലായിട്ടാണ്. അന്നും ഇന്നും എന്റെ സ്വപ്നങ്ങള്‍ക്ക് മാതാപിതാക്കള്‍ എതിരു നിന്നിട്ടില്ല. അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും എന്നില്‍ അടിച്ചേല്പ്പിച്ചിട്ടുമില്ല. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ ഇഷ്ടവിഷയം ഏതെന്ന് ചോദിച്ചു. എന്റെ ഇഷ്ടപ്രകാരമാണ് സയന്‍സ് തിരഞ്ഞെടുത്തത്. പ്ലസ്ടു കഴിഞ്ഞപ്പോള്‍ ഡോക്ടറാകണമെന്നോ, എഞ്ചിനീയര്‍ ആകണമെന്നോ അവര്‍ ആവശ്യപ്പെട്ടില്ല. സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ പ്രസംഗത്തിലും ഡിബേറ്റിലുമെല്ലാം സ്ഥിരസാന്നിധ്യമായിരുന്നു. അതുകൊണ്ടുതന്നെ മൈക്കിനു മുന്നില്‍ നില്ക്കാന് ഇഷ്ടമായിരുന്നു. അങ്ങനെയാണ് ദല്‍ഹി അമിറ്റി സര്‍വകലാശാലയില്‍ ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ കോഴ്സ് തിരഞ്ഞെടുക്കുന്നത്.
മുഖ്യധാര മാധ്യമപ്രവര്ത്തനത്തിനുപകരം ടെലിവിഷന്‍ അവതാരകയുടെ വേഷത്തില്‍
‘അനുരാഗകരിക്കിന്‍വെള്ള’ ത്തിലെ ‘എലിസബത്തില്‍’നിന്ന് വളരെയേറെ വ്യത്യസ്തയാണ് രജീഷ. എനിക്ക് എന്റേതായ ചിന്താഗതികളും നിലപാടുകളുണ്ട്. തെറ്റുകള്‍ കണ്ടാല്‍ മറയില്ലാതെ തുറന്നുപറയും. ഒരു ജേര്‍ണലിസ്റ്റ് ഒരിക്കലും തന്റെ നിലപാടുകള്‍ വാര്‍ത്തയില്‍ അറിയിക്കാന്‍ പാടില്ല. ഞാന്‍ നിലപാടുകള്‍ മുറുകെ പിടിക്കുന്ന വ്യക്തിയാണ്. അതുകൊണ്ടുതന്നെ മുഖ്യധാരാ ജേര്‍ണലിസം എനിക്ക് വെല്ലുവിളിയാകുമെന്ന് ഉറപ്പായിരുന്നു. അവതരണവും ജേര്‍ണലിസത്തിന്റെ ഭാഗമാണല്ലോ. അങ്ങനെയാണ് സൂര്യയിലും മഴവില്‍ മനോരമയിലും അവതാരകയായി എത്തുന്നത്.
‘അനുരാഗ കരിക്കിന്‍വെള്ള’ത്തിലേക്ക്
സിനിമ മനസില്‍ ഇല്ലായിരുന്നുവെന്ന് പറഞ്ഞാല്‍ അത് കളവാകും. സിനിമയെ ഇഷ്ടപ്പെടുന്ന ഏതൊരാളും ഒരിക്കലെങ്കിലും താന്‍ ഒരു കഥാപാത്രമായി വെള്ളിത്തിരയിലെത്തിയെങ്കില് എന്ന് ആശിച്ചിരിക്കും. അവതാരകയായിരിക്കുമ്പോള്തന്നെ ചില ഓഫറുകള്‍ വന്നിട്ടുണ്ട്. പക്ഷേ ഏതെങ്കിലും ഒരു സിനിമ ചെയ്താല്‍, അതില്‍ എനിക്ക് എന്തെങ്കിലും ചെയ്യാനുണ്ടാകണം എന്ന് മനസ്സില്‍ കുറിച്ചിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് സംവിധായകന് ഖാലിദ് റഹ്മാനും നവീനും അനുരാഗ കരിക്കിന്‍വെള്ളവുമായി എത്തുന്നത്. അവര്‍ എന്റെ ഷോ കണ്ടിട്ടുണ്ടായിരുന്നു. നേരിട്ടും കണ്ടു. എലിസബത്തിനെ എനിക്ക് അവതരിപ്പിക്കാന്‍ കഴിയുമെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നിരിക്കണം.
എലിസബത്തിനെക്കുറിച്ച്
മിനിട്ടുകള്‍ക്കകം സ്വഭാവം മാറുന്ന കഥാപാത്രമാണ് എലി. ദേഷ്യവും സങ്കടവും സന്തോഷവുമൊക്കെ പെട്ടെന്ന് മാറിമറിയുന്ന ഇന്നത്തെ മോഡേണ്‍ പെണ്‍കുട്ടി. അവളുടെ ലോകം അഭിയാണ്. ഒച്ച വയ്ക്കുന്ന, കരയുന്ന, തെറിവിളിക്കുന്ന, മദ്യപിക്കുന്ന എലി, പക്ഷേ അവളുടെ ഉള്ളില്‍ നന്മകളുണ്ട്. ഒരു ഘട്ടത്തില്‍ എലി വളരെ പക്വമതിയാകുന്നു. എലിസബത്തിനെ അവതരിപ്പിച്ചപ്പോഴും മനസ്സില്‍ ആശങ്കയുണ്ടായിരുന്നു. ‘എലി’യുടെ അവതരണം കണ്ട് പ്രേക്ഷകര്‍ ഏതെങ്കിലും ഘട്ടത്തില്‍ കൂകുമോ എന്ന പേടിയോടെയാണ് തിയേറ്ററില്‍ പോയത്. പക്ഷേ നമ്മുടെ കാഴ്ചപ്പാടല്ല, സംവിധായകന്റെ കാഴ്ചപ്പാടാണ് ഒരു കഥാപാത്രത്തിന്റെ ശക്തി എന്നത് ‘എലി’യെ സ്ക്രീനില്‍ കണ്ടപ്പോഴാണ് മനസ്സിലാക്കിയത്.
‘അനുരാഗ കരിക്കിന്‍വെള്ള’ത്തിലെ ഡ്രൈവിവിംഗ്
അതോര്‍മ്മിപ്പിക്കരുത്. അന്ന് ഡ്രൈവിംഗ് പഠിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. ലേണേഴ്സ് മാത്രമാണുള്ളത്. കാര്‍ നേരെ മാത്രം ഓടിക്കാന്‍ അറിയാം. ഓടിക്കുന്നത് മാരുതി 800 ആണെങ്കിലും കാറില്‍ ഷൂട്ടിനുവേണ്ടി ഘടിപ്പിച്ചിരിക്കുന്നത് 80 ലക്ഷത്തിന്റെ ക്യാമറയാണ്. ഒപ്പമുള്ളത് നടന് ആസിഫ് അലിയും. ഞാന്‍ വണ്ടി ഓടിക്കുമ്പോഴെല്ലാം ആസിഫ് ധൈര്യം പകര്‍ന്നശേഷം ഹാന്‍ഡ് ബ്രേക്കില്‍ കൈവച്ചിരിക്കും. ശരിക്കും ടെന്‍ഷനായിരുന്നു. ഒരിക്കല്‍ എയര്‍പോര്‍ട്ടിലായിരുന്നു ഷൂട്ട്. എയര്‍പോര്‍ട്ടിലെ പാര്‍ക്കിങ് ബേയില്‍ വണ്ടി പാര്‍ക്ക് ചെയ്യണം. എനിക്ക് റിവേഴ്സോ, വളയ്ക്കലോ ഒന്നുമറിയില്ല. ഞാന്‍ പറയുന്നതുപോലെ ചെയ്താല്‍ മതിയെന്ന് ആസിഫ് പറഞ്ഞു. അതുപോലെ ചെയ്തു. വണ്ടി പാര്‍ക്ക് ചെയ്തു. ‘ഓക്കെ’യല്ലേ എന്നു ചോദിച്ചു. ”അതെ, ഇറങ്ങിക്കോളൂ എന്നായിരുന്നു ആസിഫിന്റെ മറുപടി. ഇറങ്ങിയപ്പോഴാണ് മനസ്സിലായത് പാര്‍ക്കിംഗ് ബേയ്ക്കു വളരെ മുന്നിലാണ് ഞാന്‍ പാര്‍ക്ക് ചെയ്തതെന്ന്. ദൈവം സഹായിച്ച് ഒരുവിധം ഡ്രൈവിങ് ഒപ്പിച്ചെടുത്തു.
സംസ്ഥാന അവാര്‍ഡ് ലഭിച്ചപ്പോള്‍
അവാര്‍ഡിനെക്കുറിച്ച് പ്രതീക്ഷയില്ലായിരുന്നു. അവസാന റൗണ്ടില്‍ ഞാന്‍ ഉണ്ടെന്നറിഞ്ഞതുതന്നെ പ്രഖ്യാപനത്തിന് ഒരു മണിക്കൂര്‍ മുമ്പാണ്. അഞ്ചുമണിക്ക് പ്രഖ്യാപനം കഴിഞ്ഞപ്പോഴാണ് അവാര്‍ഡ് വിവരം അറിഞ്ഞത്. അമ്പരപ്പും സന്തോഷവും സങ്കടവുമെല്ലാം ഒരുമിച്ചുവന്നു. ഇത്തവണത്തെ അവാര്‍ഡ് നിര്‍ണയം വ്യത്യസ്തമായിരുന്നു. പതിവു സൗന്ദര്യ സങ്കല്പങ്ങളും കീഴ്വഴക്കങ്ങളും മറികടന്നുള്ള വിധി നിര്‍ണയമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. അതില്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷം.
അഭിനേത്രിയെന്ന നിലയില്‍ അവാര്‍ഡ്
ആദ്യസിനിമയില്‍ തന്നെ അവാര്‍ഡ് ലഭിച്ചു എന്നത് ഒരു ഭാരമാകില്ല. എനിക്കത് പ്രചോദനമാണ്. കരിയറിനെക്കുറിച്ച് ഞാനെടുത്ത തീരുമാനം ശരിയാണെന്നു തെളിഞ്ഞു. എനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളോട് 100 ശതമാനം നീതി പുലര്‍ത്താന്‍വേണ്ടി കഠിനാധ്വാനം ചെയ്യാന്‍ പ്രേരണയാണ് ഈ അവാര്‍ഡ്.
സ്ത്രീകഥാപാത്രങ്ങളുടെ പ്രസക്തി കുറയുന്നുവെന്ന ആക്ഷേപം
പൂര്‍ണമായും ശരിയല്ല. സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാമുഖ്യം നല്കുന്ന സിനിമകളില്ല എന്നതുതന്നെ ശരിയല്ല. 80-90 കാലഘട്ടങ്ങളിലെ സിനിമകളില്‍ അത് നായക കേന്ദ്രീകൃത സിനിമകളാണെങ്കില്‍പോലും സ്ത്രീകഥാപാത്രങ്ങള്‍ക്ക് ഊന്നലുണ്ടായിരുന്നു. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം നില്ക്കുന്ന സ്ത്രീകഥാപാത്രങ്ങളുടെ പ്രസക്തി ഏറെയായിരുന്നു. ലോഹിതദാസിന്റെയും പത്മരാജന്റെയുമൊക്കെ സിനിമകളില്‍ അത് കാണാം. അത്തരം തിരക്കഥകള്‍ കുറഞ്ഞുവരുന്നു എന്നത് സത്യമാണ്. എന്നാല്‍ 2015 നുശേഷം ശക്തമായ സാന്നിധ്യമറിയിക്കുന്ന സ്ത്രീകഥാപാത്രങ്ങളുണ്ടായിട്ടുണ്ട്. 22 ഫീമെയില്‍ കോട്ടയത്തില്‍ റീമയും ‘ഹൗ ഓള്‍ഡ് ആര് യുവില്‍’ മഞ്ജുവാര്യരും ‘എന്ന് നിന്റെ മൊയ്തീനി’ലും ‘ചാര്‍ലി’യിലും പാര്‍വതിയും ‘മഹേഷിന്റെ പ്രതികാരത്തില്‍’ അപര്‍ണയുമൊക്കെ ഇത്തരം കഥാപാത്രങ്ങളെ അവതരിപ്പിച്ചവരാണ്.
‘ജോര്‍ജേട്ടന്റെ പൂരവും’ ‘ഒരു സിനിമാക്കാരനും’
‘ജോര്‍ജേട്ടന്റെ പൂരം’ മാര്‍ച്ച് 30നാണ് റിലീസ്. എലിസബത്തില്‍ നിന്ന് ഏറെ വ്യത്യസ്തയാണ് മെര്ലിന്. കന്യാസ്ത്രീയാകാന്‍ പോകുന്ന മെര്ലിന് നാണം കുണുങ്ങിയായ, പതിഞ്ഞ സ്വഭാവമുള്ള പെണ്‍കുട്ടിയാണ്. എലിസബത്തിനുശേഷം വന്ന കഥാപാത്രങ്ങള്‍ ഏറെയും അതേ സ്വഭാവത്തിലുള്ളതായിരുന്നു. വളരെയേറെ കാത്തിരുന്നശേഷമാണ് മെര്ലിന് എത്തുന്നത്.
വിനീത് ശ്രീനിവാസന്റെ ‘ഒരു സിനിമാക്കാരനിലെ’ സേറ വ്യത്യസ്ത പുലര്‍ത്തുന്ന മറ്റൊരു കഥാപാത്രമാണ്. വിനീതിന്റെ പ്രണയിനിയായും ഭാര്യയായും ഈ കഥാപാത്രം എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: