കല്ലടിക്കോട്: മേഖലയില്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സതേടിയെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്. തോട്ടംമേഖലയോടു ചേര്‍ന്നുള്ള പ്രദേശമായതിനാല്‍ കൊതുക് സാന്ദ്രതയേറെയാണിവിടെ.കടുത്ത വേനലിനു ശേഷം ലഭിച്ച മഴയോടെ പലഭാഗങ്ങളിലും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു.
കല്ലടിക്കോട് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ മാത്രം ഇരുപതോളം ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റബ്ബര്‍ തോട്ടങ്ങളോടു ചേര്‍ന്ന് താമസിക്കുന്നവരാണ് ഇവരിലധികവും. അലക്ഷ്യമായിട്ടിരിക്കുന്ന ചിരട്ടകളിലും മറ്റും കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത് രോഗം പരക്കുവാന്‍ കാരണമാകുന്നു. ആരോഗ്യവകുപ്പ് അധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
കരിമ്പ പഞ്ചായത്തിലെ ആറ് സ്ഥലങ്ങളില്‍ ഫോഗിംങ് നടത്തി.തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. വാര്‍ഡ്തല പ്രവര്‍ത്തകരെ ഉപയോഗിച് ബോധവല്കരണവും നടക്കുന്നുണ്ടെഹെല്ത്ത് ഇന്‍സ്പെക്ടര്‍ രാജ് കുമാര്‍ പറഞ്ഞു.ഒരോ വാര്‍ഡിലേയും പത്താളുകളെ ഉള്‍പ്പെടുത്തി ആരോഗ്യ സേന രൂപീകരിച്ചിട്ടുണ്ട്.
എന്നാല്‍ അവര്‍ക്ക് ചിലവിനുള്ള തുക നല്കാന് കഴിയാതെയായതോടെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തലാക്കി. കടമ്പഴിപ്പുറം പഞ്ചായത്തില്‍ ഇരുപത്തഞ്ചോളം പേര് ഡങ്കിപ്പനിയുടെ പിടിയിലാണ്. പുലാപ്പറ്റ ഭാഗങ്ങളില്‍ മാത്രം പത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്.കോങ്ങാട് രണ്ടുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.താലൂക്ക് ജില്ലാ ആശുപത്രികളില്‍ രക്തത്തിനു വേണ്ടി നെട്ടോട്ടമാണ്.
ഡെങ്കിപ്പനി – വയറിളക്ക രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൊതുകിന്റെ ഉറവിട നശീകരണത്തില്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി അറിയിച്ചു. രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വാര്‍ഡ് തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു.
വഴിയോരങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നതും വീടുകളില്‍ കൊതുകുകള്‍ വളരാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്നതും തടയാന്‍ വാര്‍ഡ് തല ശുചിത്വ സമിതികള്‍ സജീവമാക്കും. സ്കൂളുകളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഭക്ഷ്യസുരക്ഷ – ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ഹോട്ടലുകളിലും കാറ്ററിങ് സ്ഥാപനങ്ങളിലും നിരന്തര നിരീക്ഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: