ചെങ്ങന്നൂര്‍: എടിഎം കവര്‍ച്ച കേസിലെ പ്രധാന പ്രതി ചെങ്ങന്നൂര്‍ ആലാ പെണ്ണുക്കര കനാല്‍ ജങ്ഷന് സമീപം ഇടയിലേത്ത് വീട്ടില്‍ സുരേഷ്‌കുമാര്‍(37) പോലീസിന്റെ ചോദ്യം ചെയ്യലില്‍ അടിക്കടി മൊഴി മാറ്റുന്നത് അന്വേഷണത്തെ ബാധിക്കുന്നു.
ചെങ്ങന്നൂര്‍ എസ്‌ഐ: എം. സുധിലാലിന്റെ നേതൃത്വത്തിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. ആദ്യം നടത്തിയ ചോദ്യം ചെയ്യലില്‍ താനാണ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം അറുത്തുമാറ്റിയത് എന്നാണ് പോലീസിന് നല്‍കിയ മൊഴി.
എന്നാല്‍ പിന്നീട് താന്‍ വഴികാട്ടിയായിരുന്നുവെന്നും ഒപ്പമുണ്ടായിരുന്ന വരാണ് എടിഎം അറുത്ത് മാറ്റിയതെന്നും മൊഴി മാറ്റി. ഇതോടെ തുടര്‍ച്ചയായി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തുകയാണ് പോലീസ് ഇപ്പോള്‍ ചെയ്യുന്നത്. വരും ദിവസങ്ങളില്‍ വിരലടയാള വിദഗ്ധരുടെ സഹായവും അന്വേഷണ സംഘം തേടും.
ഇന്നലെ സുരേഷുമായി അന്വേഷണ സംഘം കൂടുതല്‍ തെളിവെടുപ്പു നടത്തി. കവര്‍ച്ചയ്‌ക്കായി സംഘം കടന്നുപോയ വഴികളിലൂടെയും വിശ്രമിച്ച സ്ഥലങ്ങളിലും പ്രതിയുമായി സഞ്ചരിച്ചു.
പുലര്‍ച്ചെ 2.50നാണ് സംഘം ചെറിയനാട് എടിഎമ്മില്‍ എത്തുന്നത്. വാഹനം കാണിക്ക വഞ്ചിക്ക് സമീപം മാറ്റിയിട്ടശേഷം ഇവിടെ കവര്‍ച്ച നടത്തി 3.04 ഓടെ ഇവിടെനിന്നും മാന്നാര്‍ -തിരുവല്ല വഴി ആലപ്പുഴയിലെത്തി. 4.48നാണ് മാരാരിക്കുളത്ത് കവര്‍ച്ചാശ്രമം നടത്തിയത്. ഓട്ടോറിക്ഷാക്കാരന് സംശയം തോന്നിയതോടെ ഇവിടെ നിന്നും രക്ഷപെട്ട സംഘം എറണാകുളത്തേക്ക് കടക്കുകയായിരുന്നു.
തുടര്‍ന്ന് ചെറിയനാട്ടെ എടിഎം കവര്‍ച്ചയുടെ അന്വേഷണം നടക്കുന്നതിനിടയില്‍ മെയ് 26ന് തിരുവനന്തപുരം കഴക്കൂട്ടത്തെ എടിഎമ്മിലും സംഘം കവര്‍ച്ച നടത്തി. ചെറിയനാട്ടുനിന്ന് 3.69 ലക്ഷവും കഴക്കൂട്ടത്തുനിന്ന് 10.18 ലക്ഷവുമാണ് കവര്‍ന്നത്. ഈ മാസം 20 വരെയാണ് കസ്റ്റഡി കാലാവധി.
















