മുണ്ടൂര്‍: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിനോദസഞ്ചായരകേന്ദ്രമായ മീന്‍വല്ലത്ത് കൃത്രിമ വെള്ളച്ചാട്ടമൊരുക്കുന്നു. നിലവിലുള്ള ജലവൈദ്യുത പദ്ധതിയില്‍ ചെറിയ മാറ്റം വരുത്തിയാല്‍ സ്ഥിരമായി വെള്ളച്ചാട്ടമുണ്ടാക്കാനാവും.
തുപ്പനാട് പുഴയില്‍ തുടങ്ങിയിരിക്കുന്ന മീന്‍വല്ലം ചെറുകിട ജലവൈദ്യുത പദ്ധതിയില്‍ നിന്ന് മൂന്ന് മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. വൈദ്യുതി ഉത്പാദിപ്പിച്ചതിനു ശേഷം പുറത്തേക്കൊഴുകുന്ന വെള്ളത്തിനെ വഴിതിരിച്ചു വിട്ടാണ് കൃത്രിമ വെള്ളച്ചാട്ടം ഉണ്ടാക്കുക. വെള്ളം പുറത്തേക്കൊഴുകുന്ന ഭാഗത്ത് 40 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന ആര്‍ക്കിമീഡിയന്‍ സ്ക്രൂടര്ബൈന് സ്ഥാപിക്കയാണ് ആദ്യ നടപടി.
തുടര്‍ന്ന് വരുന്ന വെള്ളം ഉപയോഗിച്ച് കൃത്രിമമായി വെള്ളച്ചാട്ടം ഉണ്ടാക്കും. പദ്ധതി നടപ്പായാല്‍ കൂടുതല്‍ വൈദ്യുതി ലഭിക്കുന്നതിന് പുറമേ വിനോദസഞ്ചാരികള്‍ക്ക് സ്ഥിരമായി വെളളച്ചാട്ടവും കാണാനാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ വൈദ്യുതി ഉത്പാദനം നിര്‍ത്തിവെച്ചാല്‍ മാത്രമേ മീന്‍വല്ലത്ത് വെള്ളച്ചാട്ടം ഉണ്ടാകൂ.ഞായറാഴ്ചകളിലും വിനോദസഞ്ചാരികളുടെ തിരക്കുള്ള സമയങ്ങളിലും ഇത്തരത്തിലാണ് വെള്ളച്ചാട്ടമുണ്ടാകുന്നത്. മഴക്കാലത്ത് മാത്രമേ വൈദ്യുതി ഉത്പാദനവും വെള്ളച്ചാട്ടവും തടസ്സമില്ലാതെ നടക്കാറുള്ളൂ.
ഈ സ്ഥിതിക്ക് പരിഹാരമെന്ന നിലയിലാണ് കൃത്രിമ വെള്ളച്ചാട്ടം പരിഗണിക്കുന്നത്. ഇതുസംബന്ധിച്ച് മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഓഫീസറുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അനുവാദം ലഭിച്ചാല്‍ പദ്ധതി നടപ്പാക്കുമെന്നുമാണ് ജില്ലാ പഞ്ചായത്ത് അധികൃതര്‍.
തുപ്പനാട് പുഴയ്ക്ക് കുറുകെ പാലംപണിയാനും പദ്ധതിയുണ്ട്. ഇപ്പോള്‍ പവര്‍ഹൗസില്‍ നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളവും പുഴയിലെ വെള്ളവും ചേര്‍ന്നാല്‍ പുഴ മുറിച്ചുകടക്കാന്‍ പ്രയാസമാണ്. ആളുകള്‍ക്ക് നടക്കാന്‍ പാകത്തിന് മുളയും മറ്റും ഉപയോഗിച്ചുള്ള പാലം മാത്രമാണിപ്പോഴുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: