അന്റാനാനാറീവോ: ആഫ്രിക്കന്‍ ദ്വീപ് രാജ്യമായ മഡഗാസ്‌കറിൽ ചുഴലിക്കാറ്റ് ദുരന്തം വിതച്ചു. രാജ്യത്തുണ്ടായ ഇനാവോ ചുഴലിക്കൊടുങ്കാറ്റില്‍ 50ല്‍ അധികംപേര്‍ മരിച്ചു. 180 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മഡഗാസ്‌കറിലെ വടക്കുകിഴക്കന്‍ തീരത്താണ് കൊടുങ്കാറ്റ് ആഞ്ഞുവീശിയത്.
മണ്ണിടിഞ്ഞുവീണാണ് നിരവധി പേരും മരിച്ചത്. ചുഴലിക്കാറ്റില്‍ റോഡു ഗതാഗതവും വാര്‍ത്തവിനിമയ മാര്‍ഗങ്ങളും താറുമാറായി. വ്യാഴാഴ്ചയോടെ കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. 45-50 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്. വ്യാഴാഴ്ചയോടെ കാറ്റിന്റെ വേഗം കുറഞ്ഞു.
10,000 പേര്‍ കൊടുങ്കാറ്റില്‍ ഭവനരഹിതരായി. ഇവരെ പാര്‍പ്പിക്കുന്നതിനായി 137 ഷെല്‍ട്ടര്‍ ഹോമുകള്‍ സര്‍ക്കാര്‍ തുറന്നിട്ടുണ്ട്. 1,76,000 പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിപാര്‍പ്പിച്ചു.
















