ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ചൈനക്കാര്‍ ക്രിസ്ത്യന്‍ മതപ്രചാരകരായിരുന്നെന്ന് പാക്കിസ്ഥാന്‍. ബിസിനസ് വീസയില്‍ എത്തിയ ഇവര്‍ ഇവിടെ മതപ്രചരണം നടത്തിവരികയായിരുന്നെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലീ സിംഗ് യാംഗ് (24), മെംഗ് ലി സി (26) എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മെയ് 24 നാണ് ഇരുവരേയും പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയില്‍ തോക്കുധാരികള്‍ റാഞ്ചിയത്.
ബിസിനസ് വീസയിലെത്തിയ ചൈനീസ് പൗരന്മാര്‍ വീസ നടപടികളും നിയമങ്ങളും തെറ്റിച്ചെന്നു പാക്ക് മന്ത്രി ചൗധരി നിസാര്‍ കഴിഞ്ഞ ദിവസം ഉന്നതതല യോഗത്തില്‍ ആരോപിച്ചിരുന്നു. ബെയ്ജിംഗിലെ പാക് എംബസിയില്‍നിന്നുമാണ് ഇവര്‍ ബിസനസ് വീസ സംഘടിപ്പിച്ചത്. വീസയിലെ നടപടിക്രമങ്ങള്‍ പാലിക്കുന്നതിനു സന്ദര്‍ശകര്‍ക്കു കടമയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ലീ സിംഗ് യാംഗും മെംഗ് ലി സിയും ദക്ഷിണ കൊറിയക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ മിഷണറിമാരാണെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദക്ഷിണ കൊറിയ നടത്തുന്ന എആര്‍കെ സ്‌കൂളിലേക്ക് മതപ്രഭാഷകരായി എത്തിയ 13 ചൈനക്കാരില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടവരെന്നും പത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
















