ആ സ്വര്‍ഗലോകം വിശാലമാണ്. ആ സുഖം ഭൂമിയിലെ സുഖങ്ങളെക്കാല്‍ എത്രയോ ഇരട്ടിയാണ്. പുണ്യത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് ആ സുഖങ്ങള്‍ക്കും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവും എന്ന് ആചാര്യന്മാര്‍ പറയുന്നു. ആ സുഖം അനുഭവിച്ച്, ആനന്ദിച്ച്, അപ്‌സര സ്ത്രീകളോടൊപ്പം നര്‍ത്തനം ചെയ്തുകൊണ്ടിരിക്കുമ്പോള്‍, പെട്ടെന്ന്, കീഴ്‌പോട്ട്, വീണുപോകുന്നു. ഇന്ദ്രന്റെ ഭൃത്യന്മാരാണ് ആ പ്രവൃത്തി ചെയ്യുന്നത്. എന്താണ് കാരണം?
ക്ഷീണ്യേ പുണ്യേ മര്‍ത്ത്യലോകം വിശന്തി
പുണ്യം തീര്‍ന്നു പോയാല്‍ ഒരു നിമിഷംപോലും സ്വര്‍ഗത്തില്‍ തങ്ങാന്‍ ദേവേന്ദ്രന്‍ സമ്മതിക്കുകയില്ല. വിദേശത്ത് താമസിക്കുന്ന വ്യക്തിയുടെ ‘പാസ്‌പോര്‍ട്ടി’ലെ കാലാവധി കഴിഞ്ഞാല്‍ ആ സര്‍ക്കാര്‍ ആ വ്യക്തിയെ രാജ്യത്ത് നിന്ന് പുറത്താക്കുന്നതുപോലെ തന്നെ; ഈ ഭൂമിയിലേക്ക് തള്ളപ്പെടുന്നു. ഇത് മര്‍ത്ത്യലോകമാണ്. ആ ജീവാത്മാവ് ഒരു സ്ത്രീയുടെ ഗര്‍ഭത്തില്‍ വസിച്ച്, ജനനവേദനയനുഭവിച്ച് കുട്ടിയായി ജനിച്ച്, ദുഃഖങ്ങള്‍ അനുഭവിക്കുന്നു. സ്വര്‍ഗലോകത്തില്‍ ജീവിക്കുമ്പോള്‍ ദേവന്മാരുടെ ദേഹത്തിനു തുല്യമായ ശരീരമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ മനുഷ്യശരീരമാണ് കിട്ടുന്നത്. മനസ്സും ബുദ്ധിയും വളര്‍ന്നുവരുന്നു, വിദ്യ അഭ്യസിക്കുന്നു.
ഏവം ത്രയീധര്‍മം അനുപ്രപന്നാഃ-
വേദങ്ങളില്‍ പറയപ്പെട്ട യജ്ഞാദി കര്‍മങ്ങളെയും ആ കര്‍മ്മഫലമായി കിട്ടുന്ന സ്വര്‍ഗലോക സുഖങ്ങളെയും പറ്റി വേദങ്ങളില്‍നിന്നു കേള്‍ക്കുന്നു. ശമം, ദമം മുതലായ ആത്മീയ ഗുണങ്ങളോ, ഭൗതിക സുഖത്യാഗമോ ആത്മജ്ഞാനമോ, ഈശ്വരന്‍ പോലുമോ മോക്ഷകാരണമല്ല, എന്ന് നിശ്ചയിക്കുന്നു. കേവലം കര്‍മ്മം തന്നെയാണ് മോക്ഷകാരണം എന്ന് തെറ്റിദ്ധരിച്ച് കര്‍മ്മരായിത്തീരുന്നു. ഭൂലോകത്തിലെയും ദേവലോകത്തിലെയും സുഖങ്ങള്‍ ആഗ്രഹിക്കുന്നു.
അങ്ങനെ വിഷയഭോഗലമ്പടന്മാരായിത്തീരുന്നു. മീമാംസകന്മാരും പണ്ഡിതന്മാരുമായവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നു. ഈ രീതിയില്‍ സ്വര്‍ഗത്തിലേക്ക് പോകുക, പുണ്യം നശിക്കുമ്പോള്‍ ഭൂമിയിലേക്ക് വരിക- ഈ പോക്കും വരവും-ഗതാഗതം- കര്‍മ്മങ്ങള്‍ ചെയ്യുക, പുണ്യം തേടുക, സ്വര്‍ഗത്തില്‍ പോവുക, പുണ്യം തീരുക, വീണ്ടും ഭൂമിയില്‍ ജനിക്കുക- ഈ പ്രക്രിയ ആവര്‍ത്തിച്ച്, ജനനമരണ പ്രവാഹത്തില്‍ മുങ്ങുകയും പൊങ്ങുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഒരിക്കലും മോക്ഷമാര്‍ഗ്ഗത്തിലേക്ക് തിരിഞ്ഞുനോക്കുന്നതേ ഇല്ല.
















