ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ ബിജെപി നേടിയ വന്‍ ജയം പാക്കിസ്ഥാന്റെയും അവരുടെ പിന്തുണയുള്ള ഭീകര സംഘടനകളുടെയും ഉറക്കം കെടുത്തുന്നു. ഉറി, പത്താന്‍കോട് ഭീകരാക്രമണങ്ങള്‍ക്കു ശേഷം അതിര്‍ത്തി കടന്ന് ഭീകരരെ കൊന്ന സര്‍ജില്‍ സ്‌ട്രൈക്കുകള്‍ ആവര്‍ത്തിക്കുമോയെന്ന ഭീതിയിലാണ് പാക്കിസ്ഥാനും ഭീകരരും.
ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ കുറിച്ച് നിരന്തരം പരാമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളും അവര്‍ക്ക് സമ്മാനിക്കുന്നത് ആശങ്ക. ജനവിധി അനുകൂലമായതോടെ ഇന്ത്യന്‍ സൈന്യം തങ്ങളെ തേടിയെത്തുമെന്നാണ് ഭീകരരുടെ വേവലാതി.
മോദി സര്‍ക്കാര്‍ നടപ്പാക്കിയ നയങ്ങള്‍ക്കുള്ള പിന്തുണയാണ് ഈ വിജയം എന്നു വ്യക്തം. അതു തന്നെയാണ് പാക്കിസ്ഥാനെയും ഭീകരരെയും കുഴക്കുന്നത്. ഭീകരാക്രമണങ്ങള്‍ക്കു തിരിച്ചടിയായി ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടക്കുമെന്ന് സ്വപ്‌നത്തില്‍ പോലും അവര്‍ കരുതിയില്ല. ഇനിയൊന്ന് ആക്രമിച്ചാല്‍, തകര്‍ത്തു തരിപ്പണമാക്കുമെന്ന് തോന്നിത്തുടങ്ങി. അതിനുള്ള ‘അനുമതി’ ജനങ്ങള്‍ നല്‍കിയെന്ന വിലയിരുത്തലുണ്ട് അതിര്‍ത്തിക്കപ്പുറത്തെ പലര്‍ക്കും. ഈ ‘അനുമതി’ കാര്യമായെടുത്താല്‍ തങ്ങളുടെ മണ്ണിലെ പല ഭീകര ക്യാമ്പുകളും തൂത്തെറിയപ്പെടുമെന്നും അവര്‍ ഭയക്കുന്നു.
ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളും ഈ തെരഞ്ഞെടുപ്പ് ജയത്തെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഏഷ്യയിലും പുറത്തും മോദിയുടെ പ്രതിച്ഛായ വര്‍ധിക്കാനും ജയം തുണച്ചു.
ഇന്ത്യയില്‍ രാഷ്‌ട്രീയ സ്ഥിരത ഭദ്രമാക്കിക്കഴിഞ്ഞ നരേന്ദ്ര മോദി ആഗോള നേതാക്കളില്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്നതും പാക്കിസ്ഥാനെ അസ്വസ്ഥമാക്കുന്നുണ്ട്. യുഎന്‍ രക്ഷാ സമിതി അംഗത്വം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ കൂടുതല്‍ അടുത്തിരിക്കുന്നു എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
നോട്ടു പിന്‍വലിക്കല്‍ പോലുള്ള വിഷയങ്ങള്‍ക്കു മാത്രമല്ല സര്‍ജിക്കല്‍ സ്‌ട്രൈക് പോലുള്ള കടുത്ത രാഷ്‌ട്രീയ നടപടികള്‍ക്കുള്ള പിന്തുണയായും തെരഞ്ഞെടുപ്പു വിജയത്തെ കാണാം. ഇതു തന്നെയാണ് പാക്കിസ്ഥാനേയും പാക്ക് പിന്തുണയുള്ള ഭീകകരരെ പേടിപ്പെടുത്തുന്നതും.
















