ഒളിംപ്യന്‍ പി.ടി. ഉഷ വര്‍ഷങ്ങളായി മനസ്സില്‍ താലോലിച്ചുവെച്ച, സ്വന്തമായി സിന്തറ്റിക് ട്രാക്ക് എന്ന സ്വപ്നം പൂവണിയുന്നു. ഉദ്ഘാടകനാവുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയും. പി.ടി. ഉഷ എന്ന ഭാരതത്തിന്റെ എക്കാലത്തെയും മികച്ച ഓട്ടക്കാരിക്ക് ഇതിലപ്പുറം ആഹ്ലാദമില്ല. പി.ടി. ഉഷയുടെ നേതൃത്വത്തില്‍ കോഴിക്കോട് കിനാലൂരില്‍ പ്രവര്‍ത്തിക്കുന്ന ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സ് ചുരുങ്ങിയ കാലംകൊണ്ട് കൈ എത്തിപ്പിടിച്ച നേട്ടങ്ങള്‍ ആരെയും അമ്പരിപ്പിക്കുന്നതാണ്.
ടിന്റു ലൂക്ക, ജിസ്ന മാത്യു എന്നീ രണ്ട് ഒളിംപ്യന്മാരെ രാജ്യത്തിന് സമ്മാനിക്കാന്‍ ഉഷ സ്കൂളിനായി. ഇവര്‍ക്ക് പിന്നാലെയെത്തുന്നവര്‍ കൈവരിച്ചു കൊണ്ടിരിക്കുന്ന നേട്ടങ്ങളും ചെറുതല്ല. 2002ല്‍ ആരംഭിച്ച സ്കൂളിന്റെ സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ വേഗം കൈവരികയാണ്. സ്വന്തമായി സിന്തറ്റിക് ട്രാക്ക് എന്ന ഏറെ നാളത്തെ ആഗ്രഹം യാഥാര്‍ത്ഥ്യമാവുകയാണ്. സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കും. സ്കൂളിലെ മണ്‍ട്രാക്കിലായിരുന്നു ദീര്‍ഘകാലം താരങ്ങള്‍ക്ക് പരിശീലനം നല്‍കിയത്. കൂടാതെ കൊച്ചിയിലും മംഗലാപുരത്തും മൈസൂരിലെഇന്‍ഫോസിസ് കാമ്പസിലുമെല്ലാം കൊണ്ടുപോയി പരിശീലനം നല്കി.
കഴിഞ്ഞ രണ്ട് വര്‍ഷമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റഹ്മാന് സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിലാണ് പരിശീലനം നടത്തിയിരുന്നത്. രാവിലെയും വൈകിട്ടും മുപ്പത് കിലോമീറ്ററിലധികം യാത്ര ചെയ്താണ് മെഡിക്കല്‍ കോളേജിലെ ട്രാക്കില്‍ താരങ്ങള്‍ എത്തിയിരുന്നത്. സ്വന്തം ട്രാക്കില്‍ പരിശീലനം നേടാനുള്ള അവസരമാണ് സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനം ചെയ്യുന്നതോടെ ഉഷയുടെ ശിഷ്യര്‍ക്ക് ലഭിക്കുന്നത്. എട്ട് ലൈനോട് കൂടിയ സിന്തറ്റിക് ട്രാക്കും ജമ്പിങ് ത്രോയിങ് പിറ്റുകള്‍ അടക്കമുള്ള എല്ലാ സംവിധാനങ്ങളോടും കൂടിയാണ് സിന്തറ്റിക് ട്രാക്ക് ഒരുക്കിയിരിക്കുന്നത്. ജര്‍മ്മനിയിലെ പോളടാന്‍ എന്ന കമ്പനി ടി ആന്‍ഡ് എഫ് സ്പോര്‍ട്സ് ഇന്‍ഫ്രാടെക്കുമായി സഹകരിച്ചാണ് സിന്തറ്റിക് ട്രാക്ക് പൂര്‍ത്തിയാക്കിയത്.
8.5 കോടി രൂപ ചെലവഴിച്ചാണ് ട്രാക്ക് യഥാര്‍ത്ഥ്യമാക്കിയത്. പദ്ധതിക്കായി ആദ്യം അഞ്ചരക്കോടി രൂപയാണ് അനുവദിച്ചിരുന്നത്. 2011 ഒക്ടോബറില്‍ കേന്ദ്രമന്ത്രിയായിരുന്ന അജയ് മാക്കന് പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര പൊതുമരാമത്ത് വകുപ്പിനായിരുന്നു നിര്‍മ്മാണ ചുമതല. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ- സായിക്ക് മേല്‍നോട്ടച്ചുമതലയും. രാജ്യാന്തര നിലവാരമുള്ള സിന്തറ്റിക് ട്രാക്കാണ് ഉഷ സ്കൂളില്‍ തയ്യാറായിട്ടുള്ളത്. മികച്ച നിലവാരത്തില്‍ രാജ്യത്തെ തന്നെ നാലാമത്തെ സിന്തറ്റിക് ട്രാക്കാണിത്.
തനിക്ക് ലഭിക്കാതെ പോയതൊക്കെ ശിഷ്യര്‍ക്ക് ലഭിക്കണമെന്ന് ഉഷ പറയുന്നു. 1980ല്‍ മോസ്ക്കോ ഒളിംപിക്സില്‍ പങ്കെടുത്തപ്പോഴാണ് താന്‍ ആദ്യമായി സിന്തറ്റിക് ട്രാക്കില്‍ ഓടിയത്. നമ്മുടെ കായിക താരങ്ങള്‍ക്ക് ഇത്തരമൊരു അവസ്ഥ ഇനിയുണ്ടാകരുത്. എല്ലാവിധ സൗകര്യങ്ങളും ചെറുപ്പം മുതല്‍ തന്നെ അവര്‍ക്ക് ലഭിക്കണം. രാജ്യാന്തര നിലവാരമുള്ള അത്ലറ്റിക് ഗവേഷണ കേന്ദ്രമാണ് തന്റെ ലക്ഷ്യമെന്നും ഉഷ കൂട്ടിച്ചേര്‍ക്കുന്നു. സ്കൂളിലെ ഒരോ താരങ്ങളുടെയും പരിശീലനം, പ്രകടനം, ഭക്ഷണക്രമം എന്നിവ അടക്കമുള്ള എല്ലാ കാര്യങ്ങളും സ്കൂളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം ശാസ്ത്രീയമായി അപഗ്രഥിക്കാനും വിശകലനം നടത്താനും കഴിയുന്ന സംവിധാനം ഒരുക്കണം.
രാജ്യാന്തര നിലവാരമുള്ള സ്പോര്‍ട്സ് ലാബും സ്കൂളിന്റെ സ്വപ്നമാണ്. താരങ്ങളുടെ കായികമികവും ശാരീരികക്ഷമതയും പരിശോധിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ ഒരോ താരത്തിനും ശാസ്ത്രീയ പരിശീലനം നല്കുന്നതുമാണ് പദ്ധതി. സിന്തറ്റിക് ട്രാക്ക് യഥാര്‍ത്ഥ്യമായെങ്കിലും പൂര്‍ണ്ണമായി പ്രയോജനപ്പെടണമെങ്കില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. സ്റ്റേഡിയം, രാത്രി കാലങ്ങളില്‍ പരിശീലനം നടത്താന്‍ ഫ്ളാഡ്ലൈറ്റുകള്‍, അത്ലറ്റുകള്‍ക്കായി ഡ്രസ്സിംഗ് റൂം എന്നിവയും വേണം. സിന്തറ്റിക് ട്രാക്കിനോട് ചേര്‍ത്തുവെച്ച പുല്ലിന്റെ പരിപാലനവും പ്രധാനമാണ്.
മികച്ച നിലവാരമുള്ള സ്പിങ്ഗ്ളര്‍ സംവിധാനവും ജലം സംഭരിക്കാന്‍ ശേഷിയുള്ള ഓവര്‍ഹെഡ് ടാങ്കും ഇതിനായി സ്ഥാപിക്കണം.2002ല്‍ ഒളിംപ്യന്‍ന്‍ പി.ടി. ഉഷ പ്രസിഡന്റും പി.എ. അജനചന്ദ്രന്‍ ജനറല്‍ സെക്രട്ടറിയും വി. ശ്രീനിവാസന് ട്രഷററുമായാണ് ഉഷ സ്കൂള്‍ സ്ഥാപിതമായത്. പിന്നീട് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും കായികസ്നേഹികളും പിന്തുണയുമായെത്തി. കൊയിലാണ്ടിയിലെ പരിമിതമായ സൗകര്യങ്ങളില്‍ തുടക്കം കുറിച്ച ഉഷ സ്കൂള്‍ പതിനഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ അതിന്റെ വളര്‍ച്ചയുടെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്.
2008 ഏപ്രിലിലാണ് സ്കൂള്‍ കിനാലൂരിലേക്ക് മാറ്റി സ്ഥാപിച്ചത്. അന്നുമുതലുള്ള ആവശ്യമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്. സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന് തനിക്ക് നഷ്ടപ്പെട്ട ഒളിംപിക്സ് മെഡല്‍ തന്റെ ശിഷ്യരിലൂടെ നേടിയെടുക്കാനുള്ള ശ്രമമാണ് ഉഷയും സംഘവും നടത്തുന്നത്. പിന്തുണയുമായി ഭാരതം മുഴുവന്‍ ഒപ്പമുള്ളപ്പോള്‍ ഉഷയുടെ പരിശ്രമം ഫലം കാണുമെന്നത് തീര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: