പിടിയിലായ രാജിവും, ഷിജാസും
ആലപ്പുഴ: തമിഴ്‌നാട്ടിലെ കമ്പത്തു നിന്ന് കഞ്ചാവ് എത്തിച്ച രണ്ടുപേര്‍ ആലപ്പുഴ എക്‌സൈസ് എന്‍ഫോഴ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡിന്റെ പിടിയിലായി.
ആലപ്പുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന്റെ പരിസരത്തു നിന്നാണ് 2.1 കിലോ കഞ്ചാവുമായെത്തിയ തമിഴ്‌നാട് തിരുനെല്‍വേലിയില്‍ താമസിക്കുന്ന കോട്ടയം സ്വദേശി രാജീവി(33)നേയും, ഇയാളില്‍ നിന്നും കഞ്ചാവു വാങ്ങിയ ആലപ്പുഴ മണ്ണഞ്ചേരി പുത്തന്‍ചിറ വീട്ടില്‍ ഷിജാസി(ചിക്കു-22)നേയും ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സിഐ കെ.ആര്‍. ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
രാജീവ് ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ഭാഗങ്ങളില്‍ സ്ഥിരമായി കഞ്ചാവ് എത്തിച്ചുകൊടുക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാളുകളായി നടത്തിയ രഹസ്യ നീക്കത്തൊനൊടുവിലാണു പിടിയിലാകുന്നത്. ഇലക്‌ട്രോണിക്‌സില്‍ ഡിപ്‌ളോമയുണ്ട് രാജീവിന്. സ്ഥിരമായി കെഎസ്ആര്‍ടി ബസില്‍ മാന്യമായ വേഷം ധരിച്ച് ട്രാവല്‍ ബാഗുമായി എത്തുന്ന ഇയാള്‍ ആര്‍ക്കും സംശയം തോന്നാത്ത രീതിയിലാണ് പെരുമാറുന്നത്.
വില്പനക്കാര്‍ക്ക് ചില്ലറയായി കഞ്ചാവ് എത്തിച്ചുകൊടുക്കുന്നയാളാണ് ഷിജാസ്. ഈയാളുടെ പേരില്‍ നിരവധി മയക്കുമരുന്നു കേസുകള്‍ നിലവിലുണ്ട്. ഇവരില്‍ നിന്നും ഐ ഫോണുള്‍പ്പെടെ മൂന്ന് മൊബൈല്‍ ഫോണ്‍, ഒരു ബൈക്ക് എന്നിവയും പിടിച്ചെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രിവന്റീവ് ഓഫിസര്‍ കിഷോര്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റെനി, അനില്‍ ലാല്‍, അരുണ്‍, വിഷ്ണു, അനില്‍കുമാര്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
















