വിനയവും ബുദ്ധിയും ഒത്തിണങ്ങിയ തീര്‍ത്ഥരാമനെ എല്ലാ അധ്യാപകര്‍ക്കും അങ്ങേയറ്റം ഇഷ്ടമായിരുന്നു. പ്രത്യേകിച്ച് പ്രധാന അധ്യാപകന്‍ മൗലവി അഹമ്മദ് അലിക്ക് അവനോട് വിശേഷതാല്‍പ്പര്യമുണ്ടായിരുന്നു. ക്ലാസ് സമയം കഴിഞ്ഞാലും അവന് മാത്രമായി പാഠങ്ങള്‍ പറഞ്ഞുകൊടുക്കും.
വാര്‍ഷിക പരീക്ഷയ്‌ക്ക് ഏറ്റവും മാര്‍ക്ക് തീര്‍ത്ഥരാമനയിരുന്നു. മൗലവി മുഹമ്മദാലി എല്ലാവരുടെയും മുന്നില്‍വച്ച് അവനെ പ്രത്യേകം അഭിനന്ദിച്ചു. ആ പാഠശാലയില്‍ വാര്‍ഷിക പരീക്ഷ കഴിഞ്ഞാല്‍ ഓരോ കുട്ടിയും രണ്ടുരൂപ വീതം മൗലവിക്ക് ദക്ഷിണ കൊടുക്കുന്ന കീഴ്‌വഴക്കമുണ്ടായിരുന്നു. എല്ലാ കുട്ടികളും നല്‍കിയെങ്കിലും ദരിദ്രനായ തീര്‍ത്ഥരാമന് അതിന് സാധിച്ചില്ല. ഇതവനെ വല്ലാതെ വേദനിപ്പിച്ചു.
അവന്‍ അച്ഛനോട് പണം ആവശ്യപ്പെട്ടു. അദ്ദേഹം അവനെ സ്ഥിതിഗതികള്‍ മനസ്സിലാക്കിച്ചു കൊടുക്കാന്‍ ശ്രമിച്ചു. ”ദരിദ്രരായ നമ്മളെവിടുന്നാ മോനേ, രണ്ടു രൂപ ഉണ്ടാക്കുന്നത്? അതുമാത്രമല്ല എല്ലാ കുട്ടികളും കൊടുക്കണമെന്ന നിയമമൊന്നുമില്ല. ഉള്ളവര്‍ കൊടുക്കുക. അത്രമാത്രം, നമുക്കില്ല. അതുകൊണ്ടുവേണ്ട.”
തീര്‍ത്ഥരാമന്‍ വഴങ്ങിയില്ല, ഒരു മകനെപ്പോലെ തന്നെ സ്‌നേഹിച്ച് അദ്ദേഹം പറഞ്ഞുതന്ന പാഠങ്ങള്‍ ജീവിതത്തില്‍ പ്രയോജനപ്പെടണമെങ്കില്‍ ഗുരുദക്ഷിണ കൊടുത്തേ മതിയാകൂ എന്ന് വാശിപിടിച്ച മകന്റെ വാക്കുകള്‍ അച്ഛനെ രോഷം കൊള്ളിച്ചു. അദ്ദേഹം അവന് അടിയും അടിയും കൊടുത്തു. കുട്ടി ആരോടും മിണ്ടാതെ വീടിന്റെ മൂലയില്‍ കയറി ഒറ്റയിരുപ്പായി, ജലപാനംപോലുമില്ലാതെ.
ഇതറിഞ്ഞ മൗലവി ഓടിയെത്തി ”എനിക്ക് നീ ഒന്നും തരേണ്ടതില്ല. നീ നന്നായി പഠിക്കൂ-നല്ല പേര് സമ്പാദിക്കൂ. അതാണെനിക്കുള്ള ഗുരുദക്ഷിണ” എന്നൊക്കെ പറഞ്ഞ് തീര്‍ത്ഥരാമനെ സത്യഗ്രഹത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ നോക്കി. എന്നാല്‍ അവന്‍ തന്റെ തീരുമാനത്തില്‍നിന്ന് അണുവിട വ്യതിചലിക്കാന്‍ തയ്യാറായില്ല.
















