കോഴിക്കോട്: കോര്‍പ്പറേഷന്റെ തെറ്റ് യുവമോര്‍ച്ച നേതാവ് പിഎംഎവൈ പദ്ധതി പ്രകാരമുള്ള ഭവന വായ്‌പ തട്ടിപ്പായി ചിത്രീകരിച്ച സിപിഎമ്മിന്റെയും സിപിഎം മുഖപത്രത്തിന്റെയും നുണപ്രചരണം പാളി. പാവപ്പെട്ടവര്‍ക്ക് അര്‍ഹതപ്പെട്ട പ്രധാനമന്ത്രിയുടെ ഭവനപദ്ധതി രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രബീഷ് മാറാട് തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നായിരുന്നു ദേശാഭിമാനിയുടെയും സിപിഎമ്മിന്റെയും നുണപ്രചാരണം. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ സര്‍വേ ഫോറം ഡാറ്റാ എന്‍ട്രി നടത്തിയപ്പോള്‍ പറ്റിയ തെറ്റാണിതെന്ന് കാണിച്ച് കോര്‍പ്പറേഷന്‍ സെക്രട്ടറി രേഖാമൂലം വിശദീകരണം നല്‍കിയതോടെയാണ് സിപിഎമ്മിന്റെയും പാര്‍ട്ടിപത്രത്തിന്റെയും നുണക്കോട്ട പൊളിഞ്ഞത്. സാങ്കേതിക തകരാറുകൊണ്ട് സംഭവിച്ച തെറ്റ് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സെക്രട്ടറി വിശദീകരണത്തില്‍ ഉറപ്പ് നല്‍കുന്നു.
കോര്‍പ്പറേഷനിലെ മാറാട് വാര്‍ഡിലെ ബിജെപി കൗണ്‍സിലറുടെ സഹായത്തോടെ ഭവനപദ്ധതി ആനുകൂല്യം പ്രബീഷ് തട്ടിയെടുക്കുന്നുവെന്നായിരുന്നു നുണപ്രചരണം. വാര്‍ഡുകളില്‍ ഗുണഭോക്താക്കളെ കണ്ടെത്താന്‍ കുടുംബശ്രീയും സിഡിഎസുമാണ് സര്‍വേയ്‌ക്ക് നേതൃത്വം നല്‍കിയതെങ്കിലും മാറാട് ബിജെപി അനുഭാവികളായ സ്ത്രീകളെ യാണ് സര്‍വേയ്‌ക്ക് നിയോഗിച്ചതെന്നും പാര്‍ട്ടിപത്രം കണ്ടെത്തി! ഇതിലൂടെ പ്രബീ ഷ് മാറാടിനെ അന്യായമായി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി എന്നായിരുന്നു പത്രം പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്.
വാര്‍ഡ് കൗണ്‍സിലര്‍ ഷൈമ പൊന്നത്ത്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രബീഷ് മാറാട് എന്നിവരെയും ബിജെപിയെയും ഭവനപദ്ധതിയില്‍ തിരിമറി നടത്തിയെന്ന നിലയില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള തന്ത്രമാണ് കോര്‍പ്പറേഷന്‍ സെക്രട്ടറി തന്നെ രേഖാമൂലം നല്‍കിയ വിശദീകരണത്തിലൂടെ ഇല്ലാതാക്കിയിരിക്കുന്നത്. എന്നാല്‍ ഡാറ്റാ എന്‍ട്രിയില്‍ ബോധപൂര്‍വ്വം തെറ്റ് വരുത്തിയതാണെന്നും ആരോപണമുണ്ട്. മാറാട് സിപിഎം-ലീഗ് ധാരണയെ ഞെട്ടിച്ചുകൊണ്ടാണ് ബിജെപി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വിജയം നേടിയത്.
ഇതിന്റെ ശോഭ കെടുത്താന്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ അനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നുവെന്ന് പ്രചാരണം നടത്താനായിരുന്നു സിപിഎം പദ്ധതിയിട്ടത്. പ്രദേശത്ത് നിരവധി ഫ്‌ളക്‌സുകളിലൂടെയും നവമാധ്യമങ്ങളിലൂടെയും കുപ്രചാരണം നടന്നു. കോര്‍പ്പറേഷന്റെ ഔദ്യോഗിക വിശദീകരണത്തോടെ സിപിഎമ്മും പാര്‍ട്ടി പത്രവും ഇളിഭ്യരായിരിക്കുകയാണ്.
















