ന്യൂദല്‍ഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയെ പ്രതീക്ഷയോടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് നോക്കുന്നതെന്ന് വൈറ്റ് ഹൗസ്. കൂടിക്കാഴ്ച ഇന്ത്യ- അമേരിക്ക ബന്ധത്തിന് പുതിയ ദിശ നല്‍കുന്നതായിരിക്കുമെന്ന് വൈറ്റ് വൈറ്റ് ഹൗസ് മാധ്യമ സെക്രട്ടറി സീന്‍ സ്‌പൈസര്‍ അറിയിച്ചു.
പാക്കിസ്ഥനില്‍ നിന്നുള്ള ഭീകരപ്രവര്‍ത്തനം, എച്ച്.1.ബി.വിസ, ഇന്ത്യന്‍ വംശജര്‍ക്കെതിരായ ആക്രമണങ്ങള്‍, ഇന്ത്യക്കാരായ തൊഴിലാളികളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവും. സാമ്പത്തിക, പ്രതിരോധ സഹകരണവും ചര്‍ച്ചയാകുമെന്നും സ്‌പൈസര്‍ പറഞ്ഞു. ഈ മാസം 25ന് വാഷിങ്ടണിലെത്തുന്ന മോദി അടുത്ത ദിവസം അമേരിക്കന്‍ പ്രസിഡന്റിനെ സന്ദര്‍ശിക്കുമെന്ന് വിദേശ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇരു രാഷ്‌ട്രത്തലവന്മാരുടേയും ആദ്യ കൂടിക്കാഴ്ചയ്‌ക്കാണ് വാഷിങ്ടണ്‍ വേദിയാകുന്നത്.
പ്രചാരണ വേളയില്‍ മോദിയെ പുകഴ്‌ത്തി വോട്ടുതേടിയ ട്രംപുമായി നടത്തുന്ന ചര്‍ച്ചകള്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഇരു നേതാക്കളും വിവിധ വിഷയങ്ങളില്‍ ഇതിനകം തന്നെ ഫോണ്‍ സംഭാഷണങ്ങള്‍ നടത്തിക്കഴിഞ്ഞു. പാരീസ് ഉടമ്പടിയില്‍ നിന്നുള്ള അമേരിക്കയുടെ ഏകപക്ഷീയ പിന്മാറ്റവും ഇന്ത്യക്കാര്‍ക്കെതിരെ അമേരിക്കയില്‍ നടന്ന വംശീയ അതിക്രമവും ഇരു നേതാക്കളും ചര്‍ച്ച ചെയ്യും. കേന്ദ്രമന്ത്രിമാരും വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറിന്റെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരും പ്രധാനമന്ത്രിക്കൊപ്പം അമേരിക്കയിലേക്ക് പോകും.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി അടുത്ത ബന്ധം പുലര്‍ത്തിയ മോദി എട്ടു തവണയാണ് ഒബാമയുമായി കൂടിക്കാഴ്ച നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ അടുത്തതും ഇതേ കാലത്തു തന്നെ.
















