ലിയാന് ലിബിയ്ക്ക് മൂന്ന് വയസ്സ്. കാല്‍പ്പന്തിലെ പുതുതലമുറയിലെ താരമാണ് ഈ കുരുന്ന് പെണ്‍കുട്ടി. പൈതൃകനഗരിയായ ഫോര്‍ട്ട് കൊച്ചി മൈതാനിയില്‍ കാല്‍പ്പന്ത് പരിശീലനക്കളരിയിലാണ് ലിയാന് പരിശീലനം നേടുന്നത്. കളിപ്പാട്ടങ്ങളെക്കാളേറെ കാല്‍പ്പന്ത് കളിയോട് താല്പര്യം പ്രകടമാക്കിയതോടെയാണ് രക്ഷിതാക്കള്‍ ലിയാനെ ഫുട്ബോള്‍ പരിശീലനക്കളരിയിലെത്തിച്ചത്.
കുഞ്ഞിക്കാലിന്റെ ചടുലമായ വേഗത പ്രകടമാക്കിയുള്ള ലിയാന്റെ കാല്‍പ്പന്ത് നീക്കങ്ങള്‍ കാഴ്ചക്കാരെയും വിസ്മയിപ്പിക്കും. കുട്ടിത്തം വിട്ട് കാല്‍പ്പന്ത് കളിയുടെ അടവുകള്‍ ഒന്നൊന്നായി ലിയാന് സ്വായത്തമാക്കുകയാണ്. ഫോര്‍ട്ടുകൊച്ചിയിലെ പരേഡ് മൈതാനിയില്‍ ഫുട്ബോള്‍ പരിശീലനം നടത്തുന്ന മൂന്ന് വയസ്സുകാരി ലിയാന് ഇന്ന് ഏവരുടേയും ശ്രദ്ധാകേന്ദ്രവുമാണ്.
സ്കൂള്‍ പഠനദിനങ്ങളില്‍ വൈകിട്ടും ഒഴിവുദിനങ്ങളില്‍ പ്രഭാതത്തിലും കാല്‍പ്പന്ത് പഠനക്കളരിയിലെത്തുന്നതില് ലിയാന് മുന്നിലാണന്ന് രക്ഷിതാക്കള്‍ പറയുന്നു. കടുത്ത വേനലിലും പ്രായം മറന്ന് ചൂടിനെ അവഗണിച്ച് ലിയാന് കാല്‍പ്പന്തിലെ താല്പര്യം പ്രകടമാക്കുമ്പോള്‍ അന്തര്‍ദേശീയ ഫുട്ബോള്‍ താരങ്ങള്‍ പിറന്നു വീണ പരേഡ് മൈതാനിയില്‍ നിന്ന് കാല്പ്പന്തിലേക്കൊരു വനിതാതാരം കൂടി ഇവിടെ നിന്നെത്തുമെന്ന് പരിശീലകനായ റൂഫസ് ഡിസൂസയും പറഞ്ഞു.
തോപ്പുംപടി കോന്നുള്ളി വീട്ടില്‍ ലിബി-ലൗലി ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് ലിയാന്. കാല്‍പ്പന്തില്‍ സഹോദരന് ടോബിത്തിന്റെ കളി കണ്ടാണ് ലിയാന് ഫുട്ബോള്‍ കമ്പം പ്രകടിപ്പിച്ചു തുടങ്ങിയത്. ചേട്ടന്റെ ഫുട്ബോള്‍ ഏത് സമയവും തട്ടിക്കളിക്കുന്ന ലിയാന്റെ താല്പര്യം കണ്ടപ്പോള്‍ പിതാവ് ലിബി ആദ്യം കാര്യമാക്കിയില്ല. എന്നാല്‍ ടിവിയില്‍ ഫുട്ബോള്‍ കളി കാണുമ്പോള്‍ കുട്ടിയില്‍ ഉണ്ടാകുന്ന ഭാവ മാറ്റങ്ങള്‍ ലിബിയുടെ ചിന്തകളെ മാറ്റിമറിച്ചു. തുടര്‍ന്ന് പരിശീലകനായ റൂഫസ് ഡിസൂസയുമായി ലിബി ഇത് പങ്ക് വെച്ചതോടെ അദ്ദേഹമാണ് ലിയാനെ പരിശീലനത്തിനായി കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചത്.
ഫുട്ബോളിലുള്ള ലിയാന്റെ പ്രകടനം പരിശീലകനായ റൂഫസിനേയും അത്ഭുതപ്പെടുത്തി. ഫുട്ബോള്‍ കളിയില്‍ കുട്ടിക്ക് നല്ല ഭാവിയുണ്ടെന്നു കണ്ടെത്തിയ റൂഫസ് കുട്ടിയെ പരിശീലിപ്പിക്കാന്‍ ഇതോടെ തയ്യാറാകുകയും ചെയ്തു. അസാമാന്യമായ രീതിയില്‍ ശാരീരിക നിയന്ത്രണമുള്ള ലിയാന് കളിയില്‍ രണ്ട് കാലുകളും ഉപയോഗിക്കുന്നുണ്ട്. സാധാരണ ഒരു കാലായിരിക്കും വഴങ്ങുക. ബാക്ക് പാസിലും മറ്റും മികച്ച പ്രകടനമാണ് ലിയാന് കാഴ്ച വെയ്ക്കുന്നതെന്ന് റൂഫസ് ഡിസൂസ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ മൂന്നുമാസമായി പരിശീലനം തുടങ്ങിയ ലിയാന്റെ ഇഷ്ടതാരം അര്‍ജന്റീനയുടെ മെസ്സിയാണ്.
സാധാരണ പെണ്‍കുട്ടികള്‍ ചെറുപ്രായത്തില്‍ ഫുട്ബോളിനോട് വലിയ താല്‍പ്പര്യം കാണിക്കാറില്ല. ഷട്ടില്‍ കളിയിലും ലിയാന് താല്പര്യമുണ്ടെങ്കിലും ഇഷ്ടപ്പെട്ട കായിക വിനോദം ഫുട്ബോള്‍ തന്നെ. തോപ്പുംപടിയിലെ സണ്ഡേല് പ്ലേ സ്കൂളില്‍ പഠിക്കുന്ന ലിയാന് ഭാവിയില്‍ നല്ലൊരു കായികതാരമായി വളരുന്നതിനുള്ള എല്ലാ സാദ്ധ്യതകളുമുണ്ടെന്ന് മുതിര്‍ന്ന താരങ്ങളും പറയുന്നു. ലിയാന് ഭാരതത്തിന്റെ ഭാവി വാഗ്ദാനമാവട്ടെയെന്ന് നമുക്കും ആശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: