അന്യന്റെ ദുഃഖം സ്വദുഃഖമായി കണ്ട് അവരുടെ കണ്ണീരൊപ്പുന്നവരാണ് ഭൂമിയിലെ ഈശ്വരന്മാര്. അങ്ങനെയെങ്കില്‍ ഡോ. കിരണ്‍ മാര്ട്ടിന് ഒരു ജനതയുടെ മനസ്സിലുള്ള സ്ഥാനവും മറ്റൊന്നാവില്ല. 1988 കാലഘട്ടം. ദക്ഷിണ ദല്‍ഹിയിലെ ചേരി നിവാസികള്‍ കോളറയെന്ന മാരകരോഗത്തിന്റെ പിടിയിലമര്‍ന്ന സമയം. ഈ വിവരം അറിഞ്ഞ് രോഗം പിടിപെടാനുള്ള സാധ്യതയെ പോലും അവഗണിച്ച് ഡോക്ടര്‍ കിരണ്‍ മാര്ട്ടിന് അവിടെയെത്തി. ഒരു മരത്തിന് ചുവട്ടില്‍ മേശയും കസേരയുമിട്ട് അവര്‍ ആതുര സേവനം തുടങ്ങി. ഇത് വര്‍ഷങ്ങള്‍ക്ക് മുന്നേയുള്ള കാര്യം.
ദല്‍ഹി രാജ്യതലസ്ഥാനമാണെന്നതൊക്കെ ശരിതന്നെ. പക്ഷെ അവിടെ തീര്‍ത്തും അരക്ഷിതാവസ്ഥയിലും ദാരിദ്രത്തിന്റെ പിടിയിലും അമര്‍ന്ന നിരവധി ചേരികളുണ്ട്. ഇതില്‍ അറുപതോളം ചേരികളിലെ ഏകദേശം അഞ്ച് ലക്ഷത്തോളം ചേരിനിവാസികളുടെ ആശ്രയമാണിന്ന് ഡോ. കിരണ്‍.
അന്ന് 1988 ല്‍ ആദ്യമായി ഒരു ചേരിയുടെ മുന്നിലെത്തുമ്പോള്‍ അവിടുത്തെ അവസ്ഥ കണ്ട് ഭയന്നുപോയതായി കിരണ്‍ പറയുന്നു. ചേരിക്കുള്ളിലേക്ക് പ്രവേശിക്കാന്‍ ഒരു വഴിപോലും ഇല്ലാത്ത അവസ്ഥ. ദുര്‍ഗന്ധം വമിക്കുന്ന എച്ചില് കൂമ്പാരങ്ങള്‍ മലപോലെ മുന്നില്‍. വിസര്‍ജ്ജ്യത്തില്‍ കളിക്കുന്ന കുട്ടികള്‍. പീഡിയാട്രീഷ്യന്‍ കൂടിയായ ഡോ.കിരണിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ കാഴ്ച. നിരവധി രോഗങ്ങളുടെ പിടിയിലമര്‍ന്ന ചേരി നിവാസികള്‍. അടിയന്തിര ചികിത്സാസഹായം അവര്‍ക്ക് ആവശ്യമായിരുന്നു. അതുകൊണ്ടാണ് ഒരു മരത്തിനുചുവട്ടിലിരുന്ന് കോളറ ബാധിതര്‍ക്ക് സഹായം നല്കാന് താന്‍ തീരുമാനിച്ചതെന്ന് കിരണ്‍ പറയുന്നു.
തുടക്കത്തില്‍ തന്നെ അവരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കുറച്ചുപേര്‍ സന്നദ്ധരായി. അങ്ങനെ ആശ സൊസൈറ്റി രൂപീകരിച്ചു. നഗരപ്രദേശത്തെ ദരിദ്രരുടെ ജീവിതോന്നമനം ആയിരുന്നു ലക്ഷ്യം. പിന്നെ ഒരു കെട്ടിടത്തില്‍ ചെറിയൊരു ക്ലിനിക്ക് ആരംഭിച്ചു.
ചേരിയിലെ സ്ത്രീകളിലൂടെ, അവിടുള്ളവരുടെ ജീവിതത്തിന് പരിവര്‍ത്തനം വരുത്താന്‍ സാധിക്കുമെന്ന് ഡോക്ടര്‍ തിരിച്ചറിഞ്ഞു. അവരെ ആരോഗ്യ പ്രവര്‍ത്തകരാകാന്‍ പരിശീലിപ്പിച്ചു. ആദ്യം അവരുടെ തന്നെ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താന്‍ നിര്‍ദ്ദേശിച്ചു. ക്രമേണ വലിയ ഉത്തരവാദിത്തങ്ങള്‍ അവരെ ഏല്‍പ്പിച്ചു. ആറ് മാസത്തെ പരിശീലനമാണ് വനിതകള്‍ക്ക് നല്‍കിയത്. സാധാരണ രോഗങ്ങളേക്കുറിച്ചും അണുബാധകളെ കുറിച്ചും അവരില്‍ അറിവുണ്ടാക്കി. മരുന്നുകള്‍ അടങ്ങിയ ഒരു പെട്ടി അവരെ ഏല്‍പ്പിച്ചു. പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളുടെ പ്രതിരോധശേഷി, ആരോഗ്യം എന്നിവയെക്കുറിച്ചും ബോധവല്കരണം നടത്താന്‍ അവരെ പ്രാപ്തരാക്കി.
ക്രമേണ ആശ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചേരിയില്‍ പരക്കെ അംഗീകാരം കിട്ടി. അവിടങ്ങളില്‍ ആരോഗ്യ കേന്ദ്രങ്ങള്‍ തുറന്നു. ഡോക്ടര്‍മാര്‍, കമ്യൂണിറ്റി ഹെല്‍ത്ത് വോളന്റിയര്‍മാര്‍, പരിശീലനം നേടിയ നഴ്സുമാര്‍ എന്നിവരുടെ സേവനം അവിടെ ലഭ്യമാക്കി. കൂടാതെ ലബോറട്ടറി, ഇസിജി-എക്സ്റേ സംവിധാനങ്ങളോടുകൂടിയ ക്ലിനിക്കും ആശ സൊസൈറ്റിയ്ക്ക് കീഴില്‍ ആംഭിക്കാന്‍ സാധിച്ചു.
എന്നാല്‍ ഈ മാറ്റങ്ങള്‍ ദ്രുതഗതിയില്‍ സാധ്യമായ ഒന്നല്ല. പ്രത്യേകിച്ചും പുരുഷാധിപത്യം നിറഞ്ഞ ചേരികളില്‍. പുരുഷന്മാരെ കാര്യങ്ങള്‍ ധരിപ്പിക്കുകയെന്നത് വെല്ലുവിളിയായിരുന്നു. സ്ത്രീകള്‍ അവിടെ അപ്രസക്തരായിരുന്നു. പുറത്തുനിന്നുള്ള ഒരു വ്യക്തി ചേരിയിലെത്തി വികസനം നടത്താന്‍ ശ്രമിക്കുന്നു എന്നത് അവര്‍ക്ക് അംഗീകരിക്കാനും സാധിച്ചില്ല. അവര്‍ പ്രതിരോധിച്ചു. നിരുത്സാഹപ്പെടുത്താന്‍ ആവും വിധം ശ്രമിച്ചു. താന്‍ അവര്‍ക്കെതിരല്ലെന്നും അവരുടെ പ്രവൃത്തികളോടാണ് വിയോജിപ്പെന്നും ബോധ്യപ്പെടുത്താന്‍ സാധിച്ചുവെന്ന് കിരണ്‍ പറയുന്നു.
ചേരി നിവാസികളുടെ വിശ്വാസം നേടിയെടുക്കുകയായിരിന്നു കിരണിന്റെ ആദ്യ ലക്ഷ്യം. അതിനായി ആദ്യം ശുദ്ധജലം കിട്ടുന്ന സംവിധാനം ഒരുക്കി. ഡോക്ടറിലുള്ള വിശ്വാസം ചേരിക്കാര്‍ക്കിടയില്‍ വര്‍ധിച്ചു. തുടര്‍ന്ന് ആ സമൂഹത്തെ ശക്തിപ്പെടുത്തുന്നതിനായി വിവിധ ഗ്രൂപ്പുകള്‍ രൂപീകരിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കുട്ടികളുടെ സംഘത്തെ നിയോഗിച്ചു. കുട്ടികളെ സ്കൂളില്‍ അയയ്ക്കുന്നതിന് പ്രേരണ ചെലുത്തി.
ശാക്തീകരണത്തിന്റെ ഭാഗമായി സാമ്പത്തിക പദ്ധതി ആരംഭിച്ചു. ഇതുപ്രകാരം ചേരി നിവാസികള്‍ക്ക് സേവിങ്സ് അക്കൗണ്ടുകള്‍ തുടങ്ങി. ബാങ്കില്‍ നിന്ന് വായ്പ എടുക്കുവാന്‍ സാധിച്ചു. കുട്ടികളുടെ വിദ്യാഭ്യാസത്തിനും ബിസിനസ് സംരംഭങ്ങള്‍ക്കും വായ്പ പ്രയോജനപ്പെടുത്താനായി. ഇത്തരം ഒരു മാറ്റം ആ പാവങ്ങളുടെ സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥം. ഇതെല്ലാം സാധ്യമായത് ഡോ. കിരണിന്റെ ഇടപെടലിലൂടെയാണ്. 2002 ല്‍ രാജ്യം ഇവര്‍ക്ക് പത്മശ്രീ ബഹുമതി നല്കി ആദരിച്ചിരുന്നു. ആശ സൊസൈറ്റിയുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് 2013 ല്‍ ‘എ ജേര്‍ണി ഓഫ് ഹോപ്’ എന്ന പേരിലൊരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയായിരുന്ന ജൂലിയ ഗില്ലാഡാണ് അവതാരിക എഴുതിയത്.
ചേരിയിലെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസ കാര്യത്തില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്കുന്നതിനായുള്ള പദ്ധതിയ്ക്കും ആശ സൊസൈറ്റി തുടക്കമിട്ടിട്ടുണ്ട്. തുടക്കത്തില്‍ 58 വിദ്യാര്‍ത്ഥികളായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ 1200 ലേറെ കുട്ടികള്‍ ദല്‍ഹി യൂണിവേഴ്സിറ്റിയിലും മറ്റ് പ്രൊഫഷണല്‍ കോഴ്സിലും പ്രവേശനം നേടി ചേരിയുടെതന്നെ അഭിമാനമായി മാറിയിരിക്കുന്ന കാഴ്ച. ദല്‍ഹിയിലെ ചേരികളില്‍ മാറ്റത്തിന്റെ കിരണങ്ങളുമായി രണ്ട് പതിറ്റാണ്ടുമുമ്പ് കടന്നുവന്ന ഡോ. കിരണ്‍ ഇന്നും ചേരികളുടെ ഉന്നമനത്തിനായി കര്‍മനിരതയാണ്. നിരവധി വെല്ലുവിളികളെ ഇതിനോടകം ഈ വനിത അതിജീവിച്ചു. ആത്മധൈര്യത്തോടെ ഇനിയും അവര്‍ മുന്നോട്ടുപോവുകതന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: