ന്യൂദല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) ബില്‍ പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ അവതരിപ്പിക്കും. ജിഎസ്ടിയുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കരടു ബില്ലുകളും നഷ്ടപരിഹാര ബില്ലും കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗം അംഗീകരിച്ചിരുന്നു. അന്തര്‍ സംസ്ഥാന ജിഎസ്ടി, കേന്ദ്ര ജിഎസ്ടി എന്നിവയുടെ കരടു ബില്ലുകള്‍ നേരത്തെ അംഗീകരിച്ചിട്ടുണ്ട്. അഞ്ച് ബില്ലുകളും അടുത്ത മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷ. പാര്‍ലമെന്റിന് പുറമെ സംസ്ഥാന നിയമസഭകളും ബില്‍ പാസാക്കേണ്ടതുണ്ട്. ജൂലൈ മുതല്‍ ജിഎസ്ടി നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.
രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക പരിഷ്കരണ നടപടിയാണ് ജിഎസ്ടി വിലയിരുത്തപ്പെടുന്നത്. നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് ശ്രമമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. രജിസ്ട്രേഷന് സംബന്ധിച്ച നിബന്ധനകള്‍, പണം ഒടുക്കല്‍, തിരിച്ചടവ്, വിലനിരക്ക് തുടങ്ങിയവക്ക് കൗണ്‍സില്‍ അംഗീകാരം നല്കി. ഈ മാസം 31ന് നടക്കുന്ന അടുത്ത യോഗത്തില്‍ വിവിധ നികുതി സ്ലാബുകളില്‍ ഉള്‍പ്പെടുന്ന ഇനങ്ങള്‍ ഏതൊക്കെയാണെന്ന് തീരുമാനിക്കും. 28 ശതമാനമാണ് നിലവില്‍ ധാരണയിലെത്തിയിട്ടുള്ള ഉയര്‍ന്ന നികുതി സ്ലാബ്. കാര്യങ്ങള്‍ ശരിയായ ദിശയിലാണെന്നും ജൂലൈ ഒന്നുമുതല്‍ ജിഎസ്ടി നടപ്പാക്കാന്‍ സാധിക്കുമെന്നും ജയ്റ്റ്ലി വ്യക്തമാക്കി.
ആഡംബര വസ്തുക്കള്‍ക്കും ശീതള പാനീയങ്ങള്‍ക്കും 15 ശതമാനം വരെയും പാന്‍മസാലകള്‍ക്ക് 135 ശതമാനം വരെയും പുകയില ഉത്പന്നങ്ങള്‍ക്ക് 290 ശതമാനം വരെയും സെസ് ഏര്‍പ്പെടുത്തും. തൊഴിലാളികളെ ബാധിക്കുന്നതിനാല്‍ ബീഡിയുടെ കാര്യത്തില്‍ തീരുമാനത്തിലെത്തിയിട്ടില്ല. ആഡംബര കാറുകള്‍ക്കും ശീതള പാനീയങ്ങള്‍ക്കും നിലവില്‍ 40 ശതമാനത്തിലധികമാണ് നികുതി. ജിഎസ്ടിയില്‍ ഇത് 28 ശതമാനമായി കുറയും. ഈ സാഹചര്യത്തില്‍ രണ്ടും തമ്മിലുള്ള വ്യത്യാസം സെസ് ആയി കണക്കാമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ പിന്നീട് പരമാവധി സെസ് 15 ശതമാനമായി ചുരുക്കി. ജിഎസ്ടി നിലവില്‍ വരുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടം നികത്തുന്നതിനാണ് സെസ് ഏര്‍പ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: