കൂറ്റനാട് : ലക്ഷങ്ങള്‍ മുടക്കിയിട്ടും ഉമ്മത്തൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നോക്കുകുത്തി. മോട്ടോറുകള്‍ അടക്കം പാഴ്വസ്തുക്കളായി മാറി.പതിറ്റാണ്ടുകള്‍ക്ക് മുന്‍മ്പാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.മോട്ടോറുകളില്‍ ഒന്നൊഴികെ ബാക്കിയെല്ലാം തുരുമ്പെടുത്ത് നശിക്കുകയാണ്. ലക്ഷങ്ങള്‍ ചിലവഴിച്ച് മോട്ടോറുകള്‍ വാങ്ങിയെന്നല്ലാതെ ഇത് സ്ഥാപിക്കാനാവശ്യമായ നടപടി ഉണ്ടായില്ല.
ആനക്കര പഞ്ചായത്തിലെ പ്രധാന ഇറിഗേഷന്‍ പദ്ധതിയാണ് ബന്ധപ്പെട്ടവരുടെ അനാസ്ഥമൂലം നശിക്കുന്നത്. ഭാരതപ്പുഴയിലെ ഉമ്മത്തൂരില്‍ നിന്ന് വെളളം പമ്പ് ചെയ്ത് ഉമ്മത്തൂര്‍,കുമ്പിടി,പെരുമ്പലം പാടശേഖരങ്ങളിലേക്ക് വെളളമെത്തിക്കുന്ന പദ്ധതിയാണിത്. നൂറുകണക്കിന് ഏക്കര്‍ കൃഷിയിടത്തിലേക്കാണ് ഇവിടെ നിന്നും വെളളമെത്തിക്കുന്നത്.
ഉമ്മത്തൂര്‍ മുതല്‍ പെരുമ്പലം പാടശേഖരം വരെ നീളുന്ന കനാല്‍ തോട് വഴിയാണ് ഈ പാടശേഖരങ്ങളിലേക്ക് വെളളം കൊണ്ടുപോയിരുന്നത്.എന്നാല്‍ ഇറിഗേഷന്‍ നിര്‍മ്മിച്ച കനാല്‍ തോടിന്റെ പാര്‍ശ്വഭിത്തികള്‍ തകര്‍ന്നതും അടിയിലെ കോണ്‍ഗ്രീറ്റുകള്‍ അടര്‍ന്നു പോയതും ഒരു മോട്ടോര്‍ വഴി അടിക്കുന്ന വെളളം പോലും പമ്പ് ഹൗസിന് സമീപത്തെ പാടത്തേക്ക് എത്താത്ത സ്ഥിതിയിലേക്ക് മാറാന്‍ കാരണമായി.
പണ്ട് പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന മേഖലയിലെ പുഴ നിരപ്പായിരുന്നു. എല്ലാ കാലത്തുൂം വെളളം ലഭിക്കുമായിരുന്നു.ഇതിന്റെ ഭാഗമായിട്ടാണ് ഇവിടെ പമ്പ് ഹൗസ് നിര്‍മ്മിച്ച് പ്രവര്‍ത്തനം ആരംഭിക്കാന്‍ കാരണമായത്. എന്നാല്‍ പുഴയിലെ അംഗീകൃത,അനധീകൃത മണലെടുപ്പ് മൂലം പുഴ ഗതിമാറി ഒഴുകിയതോടെ പമ്പ് ഹൗസിന് സമീപത്തുകൂടി മഴക്കാലത്തുപോലും വെളളം ലഭിക്കാത്ത സാഹചര്യം ഉണ്ടായി. ഇതോടെ ഒരു മോട്ടോര്‍ ഉപയോഗിച്ച് പേരിന് വെളളം പമ്പ് ചെയ്യുന്ന സ്ഥിതിയിലായി.
ഓരോ വേനല്ക്കാലമെത്തുമ്പോഴും പാടശേഖരങ്ങളിലേക്ക് വെളളമെത്തിക്കുന്നതിനായി കര്‍ഷകരും പാടശേഖര സമിതികളും മുറവിളികൂട്ടുമെങ്കിലും പഞ്ചായത്ത് അടക്കമുളളവരില്‍ നിന്ന് ഇതിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ നടപടി ഉണ്ടായില്ല.
ഒറ്റപ്പാലം പി.ഉണ്ണി എം.എല്‍.എ യുടെ ഉമ്മത്തൂരിലുളള വീടിന് സമീപമാണ് പദ്ധതി സ്ഥിതി ചെയ്യുന്നത്. കൃഷി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ സംവിധാനം അടക്കം പ്രയോജനപ്പെടുത്തണമെന്നുളള മുന്നറിയിപ്പുകള്‍ ഉണ്ടെങ്കിലും ഉമ്മത്തൂര്‍ ഇരിഗേഷന്‍ പദ്ധതിക്ക് ജീവന് വെപ്പിക്കാന്‍ എം.എല്‍.എ,എം.പി,ത്രിതലപഞ്ചായത്തുകള്‍ അടക്കമുളളവര്‍ രംഗത്ത് വരേണ്ടതുണ്ട്. അല്ലെങ്കില്‍ ഈ പാടശേഖരങ്ങള്‍ മുഴുവന്‍ തരിശിടേണ്ട അവസ്ഥയിലേക്ക് നീങ്ങും.ഇനി ഈ പദ്ധതി പ്രയോജനപ്പെടുത്തണമെങ്കില്‍ നിലവിലുളലള പമ്പ് ഹൗസ് എല്ലാ സമയത്തും വെളളം ലഭിക്കുന്ന തരത്തില്‍ പുഴയിലേക്ക് ഇറക്കി സ്ഥാപിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: