ന്യൂദല്‍ഹി: ഗോവയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമിക്കുക പോലും ചെയ്യാതെ ദയനീയമായി പരാജയപ്പെട്ടതിന്റെ ജാള്യത തീര്‍ക്കാന്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ ബഹളം തുടരുന്നു. ഗോവയുടെ ചുമതലയുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങാണ് രാജ്യസഭയില്‍ ഇന്നലെ പ്രതിഷേധിച്ചത്.
ഗോവ ഗവര്‍ണ്ണര്‍ മൃദുല സിന്‍ഹയ്ക്കെതിരെ സഭയില്‍ പ്രതിഷേധമുയര്‍ത്തിയ സിങ് ബിജെപിയെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ച ഗവര്‍ണ്ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് വാദിച്ചു. ബിജെപിയുടെ നിര്‍ദ്ദേശപ്രകാരം മാത്രമാണ് ഗവര്‍ണ്ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും ദിഗ് വിജയ് സിങ് പറഞ്ഞു. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഡപ്യൂട്ടി സ്പീക്കര്‍ തള്ളി.
ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ് ബിജെപി എന്ന മുദ്രാവാക്യവുമായി സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളംവെച്ചു. അടിയന്തിര പ്രമേയം അനുവദിക്കില്ലെന്നും പ്രത്യേക വിഷയമായി അനുവദിക്കാമെന്നും ഡപ്യൂട്ടി സ്പീക്കര്‍ അറിയിച്ചെങ്കിലും കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം തുടര്‍ന്നു. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാര്‍ലമെന്ററികാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വിയും അറിയിച്ചു.
ഇതിനിടെ ഗോവയുടെ ചുമതലയുണ്ടായിരുന്ന ദിഗ്വിജയ് സിങിനെതിരെ മുന്‍ പ്രതിപക്ഷനേതാവും കോണ്‍ഗ്രസ് എംഎല്‍എയുമായിരുന്ന വിശ്വജിത് റാണെ രംഗത്തെത്തി. സിങിനെപ്പോലുള്ളവര്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കേണ്ട സമയം അതിക്രമിച്ചതായി റാണെ കുറ്റപ്പെടുത്തി. ദിഗ് വിജയ്സിങ് കാണിച്ച വിഡ്ഢിത്തരമാണ് സംസ്ഥാന ഭരണം നഷ്ടമാകാന്‍ കാരണമെന്നും റാണെ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: