തൃശൂര്‍: തൃശൂരില്‍ 67 ഉം പൊന്നാനിയില്‍ 65 ഉം പ്രവര്‍ത്തനങ്ങള്‍ക്ക് 300 കോടി രൂപ അനുവദിച്ചതില്‍ 85.24 ശതമാനം പദ്ധതികള്‍ പൂര്‍ത്തീകരിച്ചതായി ഡെപ്യൂട്ടി ഡയറക്ടര്‍ കോള്‍ വികസന അതോറിറ്റി യോഗത്തെ അറിയിച്ചു. പുതിയ സമിതിയുടെ ഈ വര്‍ഷത്തെ ആദ്യ കോള്‍ വികസന യോഗമാണിത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സമിതി യോഗത്തില്‍ സി.എന്‍.ജയദേവന് എം.പി അതോറിറ്റി അദ്ധ്യക്ഷനായിരുന്നു.
തൃശൂര്‍-പൊന്നാനി കോള്‍ വികസന പ്രവര്‍ത്തനങ്ങള്‍ സുതാര്യമാകണമെന്നും കര്‍ഷകര്‍ക്കു മനസ്സിലാക്കുന്ന വിധം പൂര്‍ത്തിയാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ മലയാള ഭാഷയില്‍ പദ്ധതി പ്രദേശത്ത് ബോര്‍ഡെഴുതി പ്രദര്‍ശിപ്പിക്കണമെന്നും ജയദേവന് ആവശ്യപ്പെട്ടു.
അടുത്ത കൃഷിയ്ക്ക് മുന്‍പ് ജൂലൈ അവസാന വാരം സമിതി യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ക്ക് അന്തിമ രൂപം നല്‍കണമെന്നും എം.പി.അറിയിച്ചു.
രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍ കാര്‍ഷിക യന്ത്രവല്‍ക്കരണത്തിന് 71 കോടി കേരള അഗ്ര ഇന്‍ഡസ്ട്രീസ് കോര്പ്പറേഷന് അനുവദിച്ചു. കൊയ്ത്തുമെതി യന്ത്രം (50), നടീല്‍ യന്ത്രം (4), ട്രാക്ടറുകള്‍ (10), പവര്‍ ട്രില്ലര്‍ (200), കള്ട്ടിവേറ്റര് (20) എന്നിവ ലഭ്യമാക്കി. പെട്ടിപറയ്ക്ക് ബദലായി 8 ആക്സിയല്‍ മോട്ടോര്‍ പമ്പ് സെറ്റ് സ്ഥാപിച്ചു. ഒരു കോടി രൂപ ഇതിന് ചെലവഴിച്ചതായും കൃഷി ഡി.ഡി യോഗത്തില്‍ പറഞ്ഞു.
സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ കാര്‍ഷിക യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് 5050 പേര്‍ക്ക് പരിശീലനം നല്‍കും. മത്സ്യ സമ്പത്ത് ഉയര്‍ത്തിക്കൊണ്ടുവരാന്‍ കൃഷി ഭൂമി രൂപാന്തരപ്പെടുത്തുന്നത് നിരുത്സാഹപ്പെടുത്തണമെന്നുള്ള കര്‍ഷകരുടെ ആവശ്യം സമിതി അംഗീകരിച്ചു.
സമിതി അംഗങ്ങളായ എം.എല്‍.എ മാരായ കെ.രാജന്, ഗീത ഗോപി, കെ.വി.അബ്ദുള്‍ ഖാദര്‍, മുരളി പെരുനെല്ലി, ഇ.ടി.ടൈസണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍, ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്, സ്പീക്കറുടെ പ്രതിനിധി കെ.എ.ജയാനന്ദന് എന്നിവരും കര്‍ഷക സമിതി പ്രതിനിധികളായ പി.ആര്.വര്‍ഗ്ഗീസ്, എന്‍.കെ.സുബ്രഹ്മണ്യന്, കെ.കെ.കൊച്ചുമുഹമ്മദ്, എം.ആര്.മോഹന്‍, ജോതി ബസു, സി.എസ്.പ്രസന്നന്, ടി.അബു, എം.സി.നാരായണന് കുട്ടി, ജില്ലാതല നിര്‍വ്വഹണോദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: