ന്യൂദല്‍ഹി: പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ത്രിവേന്ദ്രസിങ് റാവത്ത് ഇരുപത് വര്‍ഷത്തോളം പ്രചാരകനായിരുന്നു. ആര്‍എസ്എസ്സിന്റെ പ്രധാനപ്പെട്ട നിരവധി ചുമതലകള്‍ വഹിച്ച ശേഷമാണ് ബിജെപിയിലേക്ക് നിയോഗിക്കപ്പെട്ടത്. ഒടുവില്‍ മുഖ്യമന്ത്രിപദവും അദ്ദേഹത്തെ തേടിയെത്തി.
മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ നമാമി ഗംഗയുടെ കണ്‍വീനറാണ്. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാക്കൊപ്പം ഉത്തര്‍ പ്രദേശില്‍ പ്രവര്‍ത്തിച്ചു. ഇവിടെ ബിജെപി തകര്‍പ്പന്‍ വിജയവും നേടി. ഝാര്‍ഖണ്ഡ് സംസ്ഥാനത്തിന്റെ ചുമതലയും വഹിക്കുന്നുണ്ട്.
ഉത്തര്‍പ്രദേശിലായിരുന്നു തുടക്കം. പിന്നീട് യുപി വിഭജിച്ച് ഉത്തരാഖണ്ഡ് രൂപീകരിച്ചപ്പോള്‍ സംസ്ഥാന സംഘടനാ സെക്രട്ടറിയായി. 2002ലും 2007ലും ദോയ് വാല മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് ജയിച്ചു. നിലപാടുകളില്‍ കര്‍ക്കശക്കാരനായ ത്രിവേന്ദ്രയുടെ നേതൃത്വം സംസ്ഥാനത്തെ അഴിമതി നിറഞ്ഞ ഉദ്യോഗസ്ഥ സംവിധാനത്തെ ശുദ്ധീകരിക്കാന്‍ ഉപകാരപ്പെടുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. ഉത്തരാഖണ്ഡില്‍ എഴുപതില്‍ 57 സീറ്റുമായാണ് ബിജെപി വിജയിച്ചത്. 46.5 ശതമാനം വോട്ടാണ് ബിജെപി നേടിയത്.
2013ല്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി പദം വഹിച്ച അദ്ദേഹം യുപിയുടെ പ്രഭാരി ചുമതലയും നിര്‍വഹിച്ചു. 2014ല്‍ അമിത് ഷായ്ക്കൊപ്പം യുപി പിടിക്കാന്‍ ചുമതലപ്പെട്ടവരില്‍ പ്രധാനിയായിരുന്നു ത്രിവേന്ദ്രസിങ്. 2014 അവസാനം നടന്ന ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനം പിടിക്കാന്‍ ബിജെപിയെ സഹായിച്ചതും ത്രിവേന്ദ്രസിങിന്റെ തന്ത്രങ്ങള്‍ തന്നെ. ഝാര്‍ഖണ്ഡിന്റെ പ്രഭാരിയായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിപദത്തിലേക്ക് ത്രിവേന്ദ്രസിങ് റാവത്ത് എത്തുന്നത്.
സംഘടനാ ചുമതലകളില്‍ നിന്ന് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഭാഗമായി മാറിയപ്പോള്‍ 2002ല്‍ 1575 വോട്ടുകള്‍ക്കാണ് വിജയിച്ചത്. 2007ല്‍ രണ്ടാംവട്ടം വിജയിച്ചപ്പോള്‍ ഭൂരിപക്ഷം 14127 വോട്ടായി. 2012ല്‍ പരാജയം നേരിട്ടെങ്കിലും 2017ല്‍ കാല്‍ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചുകയറിയത്.
ഉത്തര്‍പ്രദേശ് വിഭജിച്ച് ഉത്തരാഖണ്ഡ് രൂപീകരിക്കുന്നതില്‍ മേല്‍നോട്ടം വഹിച്ച ത്രിവേന്ദ്രസിങ് റാവത്ത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി സ്ഥാനമേല്്ക്കുന്നത് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം ആര്‍എസ്എസുമായി അടുത്ത ത്രിവേന്ദ്രസിങ്1981ല്‍ മുഴുവന്‍ സമയ പ്രചാരകനായി. 1985ല്‍ ഡെറാഡൂണ്‍ മഹാനഗര്‍ പ്രചാരകായി പ്രവര്‍ത്തിച്ച ത്രിവേന്ദ്രസിങിനെ 1993ല്‍ ബിജെപി സംഘടനാ ചുമതലയിലേക്ക് സംഘനേതൃത്വം നിയോഗിച്ചു. 1997-2002 കാലത്ത് സംഘടനാ ജനറല്‍ സെക്രട്ടറിയായി ത്രിവേന്ദ്രസിങ് റാവത്ത് പ്രവര്‍ത്തിക്കുമ്പോഴാണ് നിയമസഭയിലും ലോക്സഭയിലും ഉത്തരാഖണ്ഡില്‍ നിന്ന് വലിയ വിജയം ബിജെപിക്ക് സ്വന്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: