കൊച്ചി: ലാവ്‌ലിന്‍ ഇടപാടില്‍ കേസുണ്ടെങ്കില്‍ അന്നത്തെ മുഖ്യമന്ത്രി ഇ. കെ. നായനാര്‍ ഒന്നാം പ്രതിയല്ലേ? എന്ന് പിണറായി വിജയന്റെ അഭിഭാഷകന്‍ കോടതിയില്‍. പ്രോസിക്യൂഷന്‍ പറയുന്നതുപോലെ കേസുണ്ടെങ്കില്‍ ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിയാക്കിയ സിബിഐ, അന്നത്തെ മുഖ്യമന്ത്രി നായനാരെ പ്രതിയാക്കാഞ്ഞതെന്താണ്, സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വേ ഹൈക്കോടതിയില്‍ സംശയം പ്രകടിപ്പിച്ചു. സിബിഐ നല്‍കിയ കുറ്റപത്രം കെട്ടുകഥയാണെന്നും സാല്‍വെ ഉന്നയിച്ചു. സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയില്‍ കേസിലെ ഏഴാം പ്രതിയാണ് പിണറായി. ഹരീഷ് സാല്‍വേയുടെ വാദം പൂര്‍ത്തിയായതോടെ സിംഗിള്‍ ബെഞ്ച് ഹര്‍ജി മാര്‍ച്ച് 27 ലേക്ക് മാറ്റി.
ലാവ്‌ലിന്‍ ഫയലിന് വൈദ്യുതി മന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ അംഗീകാരം നല്‍കിയതിനു പുറമേ, അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍, ധനകാര്യ മന്ത്രി ടി. ശിവദാസമേനോന്‍, ചീഫ് സെക്രട്ടറി തുടങ്ങിയവരുടെ അംഗീകാരവും ലഭിച്ചു. കാബിനറ്റ് സെക്രട്ടറി ഗൂഢാലോചനയുടെ ഭാഗമായി നിന്ന് എന്തെങ്കിലും മറച്ചുവെച്ചുവെന്ന ആരോപണം ഇല്ല. എന്നിട്ടും ഫയലില്‍ ഒപ്പുവച്ചവരും അംഗീകാരം നല്‍കിയവരുമായ എല്ലാവരെയും സിബിഐ പ്രതിയാക്കിയില്ല. ചിലരെ ഒഴിവാക്കിയും മറ്റു ചിലരെ പ്രതി ചേര്‍ത്തുമാണ് സിബിഐ കേസുണ്ടാക്കിയത്. സിബിഐ പറയുന്ന പ്രകാരം പിണറായി വിജയന്‍ പ്രതിയാകുന്നെങ്കില്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ ഒന്നാം പ്രതിയാകുമായിരുന്നുവെന്നും ഹരീഷ് സാല്‍വെ വാദിച്ചു. വാദം നാലു മണിക്കൂര്‍ നീണ്ടു.
കുറ്റപത്രത്തിലൊരിടത്തും പിണറായി വിജയന്‍ നേട്ടമുണ്ടാക്കിയതായി പറയുന്നില്ല. ടെണ്ടര്‍ നടപടികള്‍ പാലിക്കാതെ എസ്എന്‍സി ലാവ്‌ലിനുമായി കരാര്‍ ഒപ്പിട്ടുവെന്ന സിബിഐയുടെ കണ്ടെത്തല്‍ കെട്ടുകഥയാണ്. ജി. കാര്‍ത്തികേയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ 1995 ലാണ് ലാവ്‌ലിനുമായി യഥാര്‍ത്ഥ കരാര്‍ ഉണ്ടാക്കിയത്. കാര്‍ത്തികേയന്റെ നടപടിയില്‍ സിബിഐയ്‌ക്കു പരാതിയില്ല, ക്രമക്കേടാരോപണവുമില്ല. കരാര്‍ ഒപ്പുവെക്കുന്ന സമയത്ത് വി. രാജഗോപാലനായിരുന്നു ബോര്‍ഡ് ചെയര്‍മാന്‍. അദ്ദേഹത്തെയും സിബിഐ ഒഴിവാക്കി. ഇടപാടില്‍ സിഎജി റിപ്പോര്‍ട്ടില്‍ പറയുന്ന കണക്കുകള്‍ ശരിയല്ല. നിര്‍മാണ കരാര്‍ പോലെ കൃത്യമായ എസ്റ്റിമേറ്റ് നവീകരണ കരാറില്‍ സാദ്ധ്യമല്ല. കുറ്റപത്രത്തില്‍ കൃത്യമായ നഷ്ടം പറയുന്നില്ല. നവീകരണത്തിനായി സാദ്ധ്യതാ റിപ്പോര്‍ട്ടും ടെക്‌നിക്കല്‍ റിപ്പോര്‍ട്ടും തയ്യാറാക്കിയില്ലെന്ന കണ്ടെത്തലും കളവാണ്, സാല്‍വേ വാദിച്ചു. വ്യാഴാഴ്ച രാത്രി ഹരീഷ് സാല്‍വെയെ രഹസ്യമായി പിണറായി സന്ദര്‍ശിച്ചിരുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയും സാല്‍വെയെ കണ്ട് ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: