ജനസംഖ്യപെരുകുന്നതുപോലെ പെരുകുന്ന ഒന്നാണ് മാലിന്യം. അതിന് ഗ്രാമനഗര വ്യത്യാസമില്ല. കൂടുതല്‍ പക്ഷെ നഗരങ്ങളിലാണെന്ന് മാത്രം. ഈ സ്ഥിതി മുന്നോട്ടുപോയാല്‍ മാരകമായ രോഗങ്ങളുടെ പിടിയിലാവും നാം. കൂടുതല്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്ന രോഗാണുക്കള്‍ നമ്മുടെ മേല്‍ ആധിപത്യം നേടിയേക്കാം. തള്ളിക്കളയാനാവില്ല, അതിനുള്ള സാധ്യതകള്‍. കൊച്ചി നഗരമാലിന്യത്തിന്റെ പശ്ചാത്തലത്തില്‍ ‘മിഷന് മെട്രോ’യെന്ന ഹ്രസ്വചിത്രത്തിലൂടെ സംവിധായകന് ടി.എസ്. ഇന്ദ്രന് പറയുന്നത് ഭാവിയില്‍ സംജാതമാകാന്‍ സാധ്യതയുള്ള അത്തരമൊരു അവസ്ഥാവിശേഷത്തെക്കുറിച്ചാണ്. കൊച്ചിയിലെ മാലിന്യക്കാഴ്ചകളാണ് അതിനെതിരെ ബോധവല്‍ക്കരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇത്തരത്തിലൊരു ഹ്രസ്വ ചിത്രമെടുക്കാന്‍ പ്രേരണയായതെന്ന് ഇന്ദ്രന് പറയുന്നു.
കൊച്ചിയിലെ ഒരു അതിര്‍ത്തി ഗ്രാമത്തില്‍ പിടിപെട്ട പകര്‍ച്ചവ്യാധിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന ഒരു സംഘം റിപ്പോര്‍ട്ടര്‍മാര്‍ക്ക് നേരിടേണ്ടിവരുന്ന ദുരനുഭവങ്ങളിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. ‘മിഷന് മെട്രോ’യെ ശ്രദ്ധേയമാക്കുന്നത് ഇതിലെ വിഷ്വല്‍ ഇഫക്ടുകളാണ്. ജലത്തില്‍ നിന്നും ജീവനുണ്ടായതുപോലെ, മനുഷ്യന് തന്നെ സൃഷ്ടിക്കുന്ന മാലിന്യത്തില്‍ നിന്ന് മനുഷ്യവംശത്തെ നശിപ്പാക്കാന്‍ ഒരു ജീവി പരിണമിച്ചുണ്ടാകുന്നു എന്ന സങ്കല്പത്തിലൂടെയാണ് ‘മിഷന് മെട്രോ’ ഗുരുതരമായൊരു പ്രശ്നത്തെ അവതരിപ്പിക്കുന്നത്. ആനിമേഷനിലൂടെയാണ് ഇതിലെ ജീവിയെ സൃഷ്ടിച്ചെടുത്തിരിക്കുന്നത്. യെസ് സ്റ്റുഡിയോ ഡയറക്ടറും ക്രിയേറ്റീവ് ഹെഡുമാണ് ടി.എസ്. ഇന്ദ്രന്. ജോലിക്കിടയില്‍ കിട്ടിയ ഒഴിവ് സമയമാണ് ഈ ഹ്രസ്വചിത്രത്തിനായി ഉപയോഗപ്പെടുത്തിയതെന്നും ഇദ്ദേഹം പറയുന്നു.
നിലമ്പൂര്‍ സ്വദേശിയാണ് ഇന്ദ്രന്. നഗരങ്ങളിലെ മാലിന്യക്കൂമ്പാരം പെരുകുന്ന സാഹചര്യത്തിലാണ് ഇതേക്കുറിച്ച് എങ്ങനെ ജനങ്ങളെ ബോധവത്കരിക്കാം എന്നാലോചിച്ചത്. മാലിന്യം മൂലം ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഗുരുതര പ്രത്യാഘാതങ്ങള്‍ ഒരല്പം ഭാവനകൂടി ചേര്‍ത്ത് വികസിപ്പിച്ചെടുക്കുകയായിരുന്നു ‘മിഷന് മെട്രോ’യിലൂടെയെന്നും സഹപ്രവര്‍ത്തകര്‍ തന്നെയാണ് അഭിനേതാക്കളായതെന്നും ഇന്ദ്രന് പറയുന്നു.
യെസ് സ്റ്റുഡിയോയാണ് നിര്‍മാണം. അസോസിയേറ്റ് കമ്പനിയാ സീറു ഐടി സൊല്യൂഷന്‍സിലെ ജീവനക്കാരുടെ സഹകരണത്തോടെയാണ് ‘മിഷന് മെട്രോ’ ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം മാലിന്യ പ്രശ്നത്തിന്റെ തീവ്രത പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചിരിക്കുന്നു. ബിജിബാലാണ് പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. വിഷ്വല്‍ ഇഫക്ട്സ് ഷാജഹാനും ആനിമേഷന്‍ രാജേഷ് കെ.ജിയും നിര്‍വഹിച്ചിരിക്കുന്നു. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഷമീര്‍ ജിബ്രാന്. ശബ്ദമിശ്രണം: ബാലു തഞ്ചാവൂര്‍. തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകന് തന്നെയാണ്.
സ്മിത, മീനുതോമസ്, സ്നേഹ സിജു കല്യാണി ശങ്കര്‍, ജയ്സണ്‍, രഘുനാഥ്, വിനോദ് ഫിലിപ്പ്, ബാസില്‍ കോട്ടക്കല്‍, സജീഷ് കുമാര്‍, റെയ്സുദ്ദീന്‍, അരുണ്‍ കുമാര്‍, അര്ജ്ജുന് പുഷ്കര്‍, നാജിദ് പാഷ തുടങ്ങിയവര്‍ അഭിനയിക്കുന്നു. അതിഥി താരങ്ങളായി സുരേഷ് പാര്വ്വതീപുരവും കണ്മണി ഉപാസനയും എത്തുന്നു. സ്കൂളുകളിലും മറ്റിടങ്ങളിലും മിഷന് മെട്രോ പ്രദര്‍ശിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. നിലമ്പൂര്‍ ആസ്ഥാനമായി നടത്തിയ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ‘ കാഴ്ചക്കൂട്ടത്തില്’ മിഷന് മെട്രോ മികച്ച ഹ്രസ്വചിത്രത്തിനും സംവിധായകനുമുള്ള പുരസ്കാരം സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: