ന്യൂദല്‍ഹി: യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയതിനെതിരെ വലിയ വിമര്‍ശനമാണ് പ്രതിപക്ഷം നടത്തുന്നത്. സന്യാസിയായ ആദിത്യനാഥ് മുസ്ലിം വിരുദ്ധനെന്നാണ് ആക്ഷേപം. എന്നാല്‍ ഗോരഖ്പൂരിലെ മുസ്ലിങ്ങള്‍ ഈ ആരോപണങ്ങളെല്ലാം തള്ളിക്കളയുകയാണ്.
അഞ്ച് തവണ ഗോരഖ്പൂരിലെ എംപിയായ ആദിത്യനാഥ് മുസ്ലിങ്ങള്‍ക്ക് അവരിലൊരാളാണ്. അതിനാല്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ഗോരഖ്പൂര്‍ ആഹ്ലാദത്തിലമരുമ്പോള് അതില്‍ മതവ്യത്യാസമില്ല. മുസ്ലിങ്ങളും ഹിന്ദുക്കളും ഒരുപോലെ ആഘോഷത്തിലാണ്.
ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് വ്യാപാരിയായ മുഹമ്മദ് കലീം ഫാറൂഖി പറയുന്നു. സംസ്ഥാനത്ത് മാങ്ങളുണ്ടാക്കാന് അദ്ദേഹത്തിന് സാധിക്കും. മുസ്ലിങ്ങള്‍ക്ക് എതിരാണ് തീരുമാനമെന്ന ആരോപണത്തില്‍ വസ്തുതയില്ല. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാന്‍ സര്‍ക്കാരിന് സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. അദ്ദേഹം വ്യക്തമാക്കി.
തങ്ങളുടെ ഹൃദയം ആഗ്രഹിച്ചതാണ് നടപ്പായതെന്നായിരുന്നു സയ്യിദ് അഹമ്മദിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ മണ്ഡലമെന്നത് അഭിമാനം പകരുന്നു. തീവ്രഹിന്ദു നേതാവെന്ന ആരോപണം മറികടക്കാന്‍ മുഖ്യമന്ത്രിയാകുന്നതോടെ അദ്ദേഹത്തിന് സാധിക്കും. അഹമ്മദ് പറഞ്ഞു. ഗോരഖ്പൂരില്‍ ഇതിനകം നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ആദിത്യനാഥ് നടത്തിയതായി രാകേഷ് കുമാര്‍ ഗുപ്ത ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ വികസനത്തിന്റെ ഉയരങ്ങളിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് കഴിയും. മോദിയുടെ വികസന മന്ത്രം സംസ്ഥാനത്ത് നടപ്പാക്കാന്‍ സാധിക്കുന്ന നേതാവാണ് ആദിത്യനാഥെന്ന് രാജേഷ് ഗുപ്തയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: