കൊച്ചി: കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യ ബാങ്കായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ 15 ശാഖകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് സ്ഥാപകനും മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെ.പോള്‍ തോമസ്.
പൂര്‍ണതോതില്‍ റീട്ടെയില്‍ ശാഖകളായ ഇവ അടുത്താഴ്ച പ്രവര്‍ത്തനമാരംഭിക്കും. ഇടപ്പള്ളി, പാലക്കാട്, പാല, തിരുവല്ല, കട്ടപ്പന, പെരിന്തല്‍മണ്ണ, കോഴിക്കോട് എന്നീ പ്രധാന കേന്ദ്രങ്ങളിലാണ് ശാഖകള്‍ തുറക്കുക. ഗ്രാമീണ മേഖലയില്‍ കുറഞ്ഞത് 10 ശാഖകളെങ്കിലും തുറക്കും. ആദ്യ വര്‍ഷം തന്നെ ബെംഗളൂരു, കൊല്‍ക്കത്ത, മുംബൈ, ദല്‍ഹി, ഹൈദരാബാദ് മെട്രോ നഗരങ്ങളിലും ശാഖകള്‍ തുറക്കും.
നിശ്ചിതകാലത്തേക്കുള്ള നിക്ഷേപങ്ങള്‍ (ടേം ഡെപ്പോസിറ്റ്) ബാങ്കിന്റെ നിര്‍ദ്ദിഷ്ട പരിശനിരക്ക് വിവിധ കാലാവധിക്ക് 5.75 ശതമാനം മുതല്‍ 9 ശതമാനം വരെയാണ്. സേവിംഗ്സ് ഡെപ്പോസിറ്റുകള്‍ക്ക് അക്കൗണ്ടിലെ മിച്ചം തുകയുടെ അടിസ്ഥാനത്തില്‍ പലിശനിരക്ക് 6ശതമാനം 7 ശതമാനം വരെയാകും. മുതിര്‍ന്ന പൗരന്മാര്ക്ക് ടേം ഡെപ്പോസിറ്റുകളില്‍ .05ശതമാനം പലിശ അധികമായി നല്‍കും.
11 സംസ്ഥാനങ്ങളിലായി 93 ജില്ലകളില്‍ 285 ശാഖകളുള്ള ഇസാഫ് മൈക്രോഫിനാന്‍സ് എല്ലാ ശാഖകളും ഉപഭോക്തൃ സേവന കേന്ദ്രങ്ങളായോ അള്‍ട്രാ സ്മോള്‍ ബ്രാഞ്ചുകളായോ സാറ്റലൈറ്റ് ഓഫീസുകളായോ മാറ്റും. വാതില്‍പ്പടിയില്‍ ബാങ്കിങ്ങ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കമ്മീഷന് വ്യവസ്ഥയില്‍ 10,000 ഏജന്റുമാരെ നിയമിക്കും. അക്കൗണ്ട് തുറക്കല്‍, ബാങ്കിങ് ഇടപാടുകള്‍, ചെറുവായ്പകള്‍ തുടങ്ങിയ സേവനങ്ങള്‍ ഏജന്റുമാര്‍ മുഖേന ലഭ്യമാക്കും. 300 കോടി രൂപയിലേറെ സ്വന്തം ഫണ്ടുള്ള ഇസാഫ് അടുത്തിടെ കടപ്പത്രത്തിലൂടെ 330 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. 2020 ഓടെ 20,000 കോടി രൂപയുടെ ബിസിനസാണ് ബാങ്ക് ലക്ഷ്യമിടുന്നത്. കേരള ഗ്രാമീണ ബാങ്ക് മുന്‍ ചെയര്മാന് ആര്. പ്രഭയാണ് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ചെയര്മാന്.
ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ക്കും (എച്ച്എന്‍ഐ) പ്രവാസി ഭാരതീയര്‍ക്കുമായി (എന്‍ആര്‍ഐ) ഹൃദയാ ഡെപ്പോസിറ്റ്സ് എന്ന പേരില്‍ പുതിയ സാമൂഹ്യ നിക്ഷേപ പദ്ധതി ബാങ്ക് പുറത്തിറക്കും. സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് പങ്കാളിയാകാന്‍ എച്ച്എന്‍ഐ, എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് ഈ നിക്ഷേപ പദ്ധതി സഹായകമാകുമെന്ന് പോള്‍ തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: