കാസര്‍കോട്: ഗോപൂജയുടെ പേരില്‍ ചീമേനി തുറന്ന ജയിലിലെ സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്ത സംസ്ഥാ നസര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി കാസര്‍കോട് സബ്ജയിലിലേക്ക് പശുക്കളുമായെത്തി ജയിലിന് മുന്നില്‍ വെച്ച് ഗോപൂജ നടത്തുമെന്ന് ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.ശ്രീകാന്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പശുവിനെ കൊന്ന് ബീഫ് ഫെസ്റ്റ് നടത്തുന്നവര്‍ക്ക് പ്രമോഷനും ഗോപൂജ നടത്തിവര്‍ക്ക് സസ്പെന്ഷന് നല്‍കുകയും ചെയ്ത പിണറായി സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഇത്തരത്തിലൊരു സമരം സംഘടിപ്പിക്കുന്നത്.
ഗോപൂജയെ വര്‍ഗീയതയായും മതേതരത്വത്തിനെതിരായും ചിത്രീകരിക്കുന്ന പിണറായി സര്‍ക്കാര്‍ ചീമേനി തുറന്ന ജയിലിലെ ഗോപൂജയുടെ പേരില്‍ സൂപ്രണ്ട് എ.ജി.സുരേഷിനെ സസ്പെന്റ് ചെയ്തത് പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമാണ്. മതവിശ്വാസത്തിന്റെ ഭാഗമായി നടത്തുന്ന ചടങ്ങുകള്‍ വര്‍ഗീയമല്ല. ചീമേനി തുറന്ന ജയിലില്‍ പശുക്കളെ സൗജന്യമായി നല്‍കുമ്പോഴാണ് ഗോപൂജ നടത്തിയത്. ഇതിന്റെ പേരില്‍ സര്‍ക്കാറിന് ധനനഷ്ടമില്ല. ഹിന്ദു ആചാരത്തെ അവഹേളിക്കുന്നതിനുവേണ്ടി മാത്രമാണ് ഗോപൂജക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.
ചീമേനി തുറന്ന ജയില്‍ ഉള്‍പ്പെടെ കേരളത്തിലെ ജയിലുകളിലെല്ലാം വെള്ളിയാഴ്ചകളില്‍ മുസ്ലിം പണ്ഡിതന്മാരായ ഇമാമുകാരുടെ നേതൃത്വത്തില്‍ ജുമ നമസ്കാരവും ഞായറാഴ്ചകളില്‍ ക്രിസ്ത്രീയ പുരോഹിതന്മാരുടെ നേതൃത്വത്തില്‍ ബൈബിള്‍ പഠനവും നടത്താറുണ്ട്. ക്രൈസ്തവ സംഘടനയായ ജീനസ് ഫെര്ട്ടര്നിറ്റി സംസ്ഥാനത്തെ ജയിലുകളിലേക്ക് വിവിധ സാധനങ്ങള്‍ സംഭാവനയായി നല്‍കുന്നുണ്ട്. അതിനെയെതിര്ക്കാത്ത സര്‍ക്കാര്‍ ഹിന്ദുമത സ്ഥാപനം ജയിലിലെന്തെങ്കിലും നല്കിയാല് അതിനെ വര്‍ഗീയതയായി പ്രചരിപ്പിക്കുകയാണ്. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എല്ലാ മലയാള മാസവും ഒന്നാംതീയതി ഗണപതി ഹോമം നടക്കാറുണ്ട്. മണലാര്‍ ക്ഷേത്രത്തിലെ കാവടിയാട്ടം തൃശൂരിലെ വിയൂര്‍ തുറന്ന ജയിലിനകത്ത് പ്രവേശിക്കാറുണ്ട്. വിയ്യൂര്‍ ജയിലിലെ തടവുകാര്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കാറുള്ള കാവടിയാട്ടത്തിന് സ്വീകരണം നല്കുന്നു. നെട്ടുകാല്‍ത്തേരി തുറന്ന ജയിലിനോടനുബന്ധിച്ചുള്ള ക്ഷേത്രത്തില്‍ മണ്ഡല കാലത്ത് അയ്യപ്പ പൂജയും മറ്റും നടത്തുന്നുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മുത്തപ്പന് തെയ്യം കെട്ടിയാടുന്നു. ജയിലുകളില്‍ ഇസ്ലാം മതമനുസരിച്ച് നോമ്പ് തുറയും, ക്രിസ്തുമസ് ആഘോഷവും നടത്തുന്നത് പതിവാണ്. ജയിലുകളില്‍ നടക്കുന്ന മതാചാര പ്രകാരമുള്ള ചടങ്ങുകളില്‍ തടവുകാര്‍ പങ്കെടുക്കാറുമുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ നിപപാട് വ്യക്തമാക്കണം.
ചീമേനി തുറന്ന ജയിലിലെ ഗോപൂജക്കെതിരെ നിലപാടെടുക്കുന്ന പിണറായി സര്‍ക്കാറിന് മറ്റുജയിലുകളിലെ മതവിശ്വാസത്തിന്റെ ഭാഗമായുള്ള ചടങ്ങുകളെ നിരോധിക്കാന്‍ ധൈര്യമുണ്ടോയെന്ന് ശ്രീകാന്ത് ചോദിച്ചു. ജയിലിലെ ഗോപൂജക്കെതിരെ ഇതര മതവിശ്വാസികളൊന്നും പ്രതിഷേധവുമായി മുന്നോട്ടു വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ സിപിഎമ്മിന്റെ നീക്കം ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനാണെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി. സസ്പെന്ഷന് നടപടിക്ക് വിധേയനായ ജയില്‍ സൂപ്രണ്ടിന് ബിജെപിയുമായോ സംഘപരിവാര്‍ സംഘടനകളുമായോ യാതൊരു ബന്ധവുമില്ല.
കോണ്‍ഗ്രസ് അനുകൂല സംഘടനയായ എന്‍ജിഒ അസോസിയേഷന്റെ ഭാരവാഹിയായിരുന്നു ജയില്‍ സൂപ്രണ്ട് എ.ജി.സുരേഷ്. എന്നാല്‍ സസ്പെന്ഷന് നടപടിക്കെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസും, എന്‍ജിഒ അസോസിയേഷനും തയ്യാറായിട്ടില്ല. കോണ്‍ഗ്രസും, എന്‍ജിഒ അസോസിയേഷനും സുപ്രണ്ടിന്റെ കൂടെയാണോ അതോ പിണഫായിക്കൊപ്പമാണോയെന്ന് വ്യക്തമാക്കണം. ഗോപൂജ വിഷയത്തില്‍ ഹിന്ദുമതാചാരത്തെ അവഹേളിച്ച പിണറായി സര്‍ക്കാര്‍ പൊതുസമൂഹത്തോട് മാപ്പു പറയണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് പി.ആര്.സുനില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: