ന്യൂദല്‍ഹി: അയോധ്യയിലെ ശ്രീരാമജന്മഭൂമി വിഷയത്തില്‍ കോടതിക്ക് പുറത്തുള്ള മധ്യസ്ഥതയ്ക്ക് തയാറെന്ന് സുപ്രീംകോടതി. ഇരുഭാഗവും സന്നദ്ധമെങ്കില്‍ മധ്യസ്ഥനാവാമെന്ന് ചീഫ് ജസ്റ്റ്സ് ജെ.എസ്. ഖേഹര്‍ അറിയിച്ചു.
ശ്രീരാമജന്മസ്ഥാനില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിക്ക് പുറത്തുള്ള സമവായ സാധ്യത പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കണം. രാമക്ഷേത്രവും ബാബറി മസ്ജിദും മതപരവും വൈകാരികവുമായ വിഷയങ്ങളായതിനാല്‍ കോടതിക്ക് പുറത്തുള്ള ഒത്തു തീര്‍പ്പാണ് ഏറ്റവും ഉചിതമെന്ന് ജസ്റ്റിസ് ഖേഹര്‍ അഭിപ്രായപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് മധ്യസ്ഥരെ ഏര്‍പ്പെടുത്തണം. പ്രാഥമിക ചര്‍ച്ചകള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജിയെ ചുമതലപ്പെടുത്താം, ചീഫ് ജസ്റ്റിസ് അറിയിച്ചു.
കേസ് വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും. രാമജന്മഭൂമിയിലെ ക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കിയേക്കും. യുപി സര്‍ക്കാരും കോടതിയെ നിലപാട് അറിയിക്കുമെന്നു സൂചന. കേസിലെ നടപടികള്‍ വേഗത്തിലാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. എത്രയും വേഗം വിധി പുറപ്പെടുവിക്കണമെന്ന നിലപാടും സ്വീകരിച്ചേക്കും.
രാമജന്മഭൂമിയിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരുള്‍പ്പെടെയുള്ള 13 പേര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം പുനസ്ഥാപിക്കണമെന്ന ആവശ്യം ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കേസില്‍ മധ്യസ്ഥ സാധ്യതകള്‍ ചീഫ് ജസ്റ്റിസ് ആരാഞ്ഞത്.
അയോധ്യയിലെ രാമജന്മഭൂമിയിലെ തര്‍ക്ക വിഷയത്തില്‍ 2010 സപ്തംബര്‍ 30ന് അലഹബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. മൂന്നിലൊന്നു ഭാഗം ശ്രീരാമന്റെ ജന്മസ്ഥലമായ രാംലാലയ്ക്കും മുന്നിലൊന്ന് നിര്‍മോഹി അഖാഡയ്ക്കായുമാണ് കോടതി വിധിച്ചത്. ബാക്കിയുള്ള ഭാഗം സുന്നി വഖഫ് ബോര്‍ഡിനും വിട്ടുനല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇതിനെതിരെ കേസിലെ കക്ഷികളെല്ലാം സുപ്രീംകോടതിയെ സമീപിച്ചു. ഈ ഹര്‍ജികള്‍ വേഗത്തിലാക്കി തീരുമാനം വേണമെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: