ന്യൂദല്‍ഹി: തര്‍ക്കപ്രദേശത്തെ മൂന്നായി വിഭജിച്ചുകൊണ്ടുള്ള വിധിയാണ് 2010 സപ്തംബര്‍ 30ന് അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ചത്. 2.77 ഏക്കര്‍ ഭൂമിയാണ് അയോധ്യയില്‍ കേസില്‍ ഉള്‍പ്പെട്ട് കിടന്നിരുന്നത്. ഇതിനെ മൂന്നായി തുല്യമായി വിഭജിച്ചുകൊണ്ടായിരുന്നു 7വര്‍ഷങ്ങള്‍ക്ക് മുമ്പ് കോടതി ഉത്തരവിട്ടത്.
തര്‍ക്ക പ്രദേശത്തിന്റെ മൂന്നിലൊന്നു ഭാഗം ശ്രീരാമന്റെ ജന്മസ്ഥലമായ രാംലാലയ്ക്കായും മുന്നിലൊന്ന് നിര്‍മോഹി അഖാഡയ്ക്കായുമാണ് കോടതി വിധിച്ചത്. ബാക്കിയുള്ള ഭാഗം സുന്നി വഖഫ് ബോര്‍ഡിനും കോടതി അനുവദിച്ചു. രാംലാലയായി അംഗീകരിച്ച സ്ഥലത്ത് ശ്രീരാമക്ഷേത്രം നിര്‍മ്മിക്കാനായിരുന്നു അനുമതി.
ജസ്റ്റിസുമാരായ എസ്.യു ഖാന്, സുധീര്‍ അഗര്‍വാള്‍, ഡി.വി ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ചരിത്രപ്രാധാന്യമുള്ള വിധി പ്രസ്താവിച്ചത്. എണ്ണായിരം പേജുള്ള വിധിന്യായത്തില്‍ രാംലാല സ്ഥിതി ചെയ്യുന്ന സ്ഥലം ഹിന്ദുക്കള്‍ക്കായി വിട്ടു നല്‍കണമെന്ന് മൂന്നു ജഡ്ജിമാരും ഒരേപോലെ ആവശ്യപ്പെട്ടിരുന്നു. രാം ചബുത്രയും സീതാ രസോയിയും നിര്‍മോഹി അഖാഡയ്ക്കും വിട്ടു നല്കി.
രാംലാല എന്നത് ഭഗവാന് ശ്രീരാമന്റെ ജന്മസ്ഥലമാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാംലാലയെ മൂന്നായി വിഭജിക്കാനാവില്ലെന്നും കോടതി ഉത്തരവിലുണ്ട്. രാമക്ഷേത്രം തകര്‍ത്താണ് ബാബറി മസ്ജിദ് നിര്‍മ്മിച്ചതെന്ന് മറ്റു രണ്ടു ജഡ്ജിമാരും വിധിന്യായത്തില്‍ പറഞ്ഞപ്പോള്‍ ഒരു ക്ഷേത്രവും തകര്‍ത്തിട്ടില്ലെന്നും തകര്‍ന്നു കിടന്ന ക്ഷേത്ര സാമഗ്രികള്‍ ഉപയോഗിച്ച് പള്ളി പണിയാന്‍ ബാബര്‍ നിര്‍ദ്ദേശം നല്‍കിയെന്നുമാണ് ജസ്റ്റിസ് ഖാന്റെ വിധി.
ഹൈക്കോടതി വിധിക്കെതിയെ സുന്നി വഖഫ് ബോര്‍ഡും ഹിന്ദുമഹാസഭയും നിര്‍മോഹി അഖാഡയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമിയും കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: