മരണവേളയില്‍ മനസ്സും ബുദ്ധിയും നശിച്ചുകൊണ്ടിരിക്കും. ഇന്ദ്രിയങ്ങള്‍ക്ക് ശക്തി ഇല്ലാതാവും. എങ്ങനെയാണ് അങ്ങയെപ്പറ്റി അറിയാന്‍ കഴിയുക? എന്ന് അര്‍ജ്ജുനന്റെ ചോദ്യത്തിന് ഭഗവാന്‍ ഉത്തരം പറയുന്നു.
ശരിയാണ്; മരണകാലത്ത് ഈശ്വരന്മാരുടെയും ഈശ്വരനും സര്‍വവ്യാപിയുമായ എന്നെ അനുസ്മരിക്കുക എന്നതാണ് പ്രധാനം. ആ സമയത്ത് എന്നെ സ്‌നേഹിക്കാന്‍ കഴിയുകയുമില്ല. അതുകൊണ്ട് ഞാന്‍ പറയുന്നത് ശ്രദ്ധിക്കുക.
”അന്തകാലേ, ച” (അന്തകാലത്തിലും) എന്ന് പറയുമ്പോള്‍ തത്സമയത്ത് മാത്രമല്ല, അതിനു മുന്‍പും സ്മരിക്കണം എന്ന് സൂചിപ്പിക്കുകയാണ്. (അടുത്ത ശ്ലോകത്തില്‍ ആറാം ശ്ലോകത്തില്‍ വിശദീകരിക്കാം)
മാം ഏവ- ഞാന്‍ ഭഗവാനാണ്. വസുദേവന്റെ പുത്രനാണ്. എല്ലാ അഭീഷ്ടങ്ങളെയും കൊടുക്കുന്നവനാണ്. എന്നെത്തന്നെയാണ് അന്ത്യകാലത്തില്‍ ഏവരും സ്മരിക്കേണ്ടത്. സച്ചിദാനന്ദമയവും നീലമേഘശ്യാമള വര്‍ണവും രണ്ടു കൈകള്‍കൊണ്ടും വേണുവൂതിക്കൊണ്ടും പീതാംബരവും വനമാലയും ധരിച്ചും ഉള്ള ഈ രൂപം തന്നെയാണ് പരമമായ രൂപം. ഈ രൂപത്തെത്തന്നെയാണ് ധ്യാനിക്കേണ്ടത്. ഇങ്ങനെ ധ്യാനിച്ചുകൊണ്ട് ശരീരം ഉപേക്ഷിച്ചു പുറത്തേക്ക് യാത്ര ചെയ്യുന്ന ജീവാത്മാവ്,
മദ്ഭാവം യതി-
എന്റെ അതീന്ദ്രിയമായ ഭാവം കൈവരിക്കുന്നു. ഭഗവാന്റെ രൂപവും സംഭാഷണങ്ങളും ജഗത് സൃഷ്ടി തുടങ്ങിയ ചേഷ്ടകളും അവതാര ലീലകളും, തിരുന്നാമങ്ങളും വൈകുണ്ഠം, ഗോലോകം തുടങ്ങിയ ലോകങ്ങളും ഭഗവാനില്‍നിന്ന് വേറിട്ട്, മറ്റൊരു വസ്തുവല്ല. എല്ലാം ഒരേപോലെ സച്ചിദാനന്ദമയമാണ്. അതുകൊണ്ട്, ഭഗവാനില്‍, ജീവന്‍ ചെന്ന് ലയിക്കുക മാത്രമാണ്. സായൂജ്യമുക്തിയാണ്, ഉത്കൃഷ്ടം എന്ന് വിചാരിക്കരുത്. ഭഗവശ്ലോകത്തില്‍ ചെന്ന് ചേരുക, ഭഗവാന്റെ സമീപത്തുചെന്ന് സേവിക്കാന്‍ കഴിയുക, ഭഗവത്സ്വരൂപത്തിന് തുല്യമായ രൂപംകിട്ടുക (സാലോക്യം, സാമീപ്യം, സാരൂപ്യം) എല്ലാം ഉത്കൃഷ്ടമാണ്, ദിവ്യമാണ്.
ചെറുപ്പകാലം മുതല്‍ തന്നെ ഭഗവന്നാമങ്ങള്‍ കേട്ടും സ്വയം ജപിച്ചും ഭഗവാന്റെ ദിവ്യലീലകള്‍ കേട്ടും പാടിയും, ഭഗവാനെ പൂജിച്ചും നമസ്‌കരിച്ചും, നിവേദ്യ പ്രസാദം ഭക്ഷിച്ചും, ഭഗവദ്ഭക്തന്മാരോടുകൂടി ചേര്‍ന്ന് ഭഗവത്തത്ത്വങ്ങള്‍ ചര്‍ച്ച ചെയ്തും ജീവിതം നയിച്ച ഭക്തന്റെ മരണവേളയില്‍, ഭഗവാന്‍ തന്നെ, സച്ചിദാനന്ദ സ്വരൂപം പ്രകാശിപ്പിക്കും, തന്റെ ലോകത്തിലേക്ക് കൊണ്ടുപോവുകയും ചെയ്യും.
അത്ര സംശയഃ ന അസ്തി
അതുകൊണ്ട് മരണകാലത്ത് എങ്ങനെ ഭഗവാനെ ധ്യാനിക്കാന്‍ കഴിയും? എന്ന് സംശയിക്കേണ്ടതില്ല. മരണകാലത്ത് ഭഗവാനെ സ്മരിക്കാന്‍ കഴിയുക എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം. കാശി, വൃന്ദാവനം മുതലായ പുണ്യസ്ഥലങ്ങളില്‍ വച്ച് മരിച്ചതുകൊണ്ട് മാത്രം ഭഗവദ്ഭാവം പ്രാപിക്കാന്‍ കഴിയുകയില്ല. പുണ്യസ്ഥലങ്ങളിലെ മണ്ണ്, വായു, ജലം, ബിംബരൂപത്തിലുള്ള ഭഗവത്സാന്നിദ്ധ്യം ഇവ മൂലം മരണവേളയില്‍, ഭഗവാനെ ഓര്‍ക്കുക എന്ന പരമപ്രധാനമായ കര്‍മ്മം ചെയ്യാന്‍ ജീവാത്മാവിന് സഹായമായിത്തീരും. സംശയമില്ല; അത്രയേ ഉള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക