സ്വന്തം പേരിലേക്ക് ഭാവനയെ സ്വീകരിച്ചവള്‍, കുഞ്ഞുകണ്ണുകളില്‍ ആകാശത്തേയും നക്ഷത്രങ്ങളേയും സ്വപ്നം കണ്ടവള്‍. പിന്നീടൊരു ആകാശ യാത്രയ്ക്കിടയില്‍ പൊലിഞ്ഞുപോയവള്. കല്പന ചൗള. ഉയര്‍ന്ന സൃഷ്ടിപരതയും ഭാവനയും ഉണ്ടായിരുന്ന പെണ്‍കുട്ടി. രാത്രിയില്‍ ഉറങ്ങാതിരുന്ന് ആകാശത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളുമായി കിന്നാരം പറഞ്ഞവള്‍.
ഒരിക്കല്‍ അവളുടെ സഹപാഠികളിലൊരാള്‍ ക്ലാസ് റൂമിന്റെ തറയില്‍ തീര്‍ത്ത ഇന്ത്യയുടെ ഭൂപടം, അതിന് മുകളില്‍ കറുത്ത ചാര്‍ട്ട് പേപ്പറുകളില്‍ തിളക്കമുള്ള പൊട്ടുകള്‍ കുത്തി നക്ഷത്ര പ്രതീതിയുളവാക്കി. കല്പനയുടെ കുഞ്ഞുമനസ്സില്‍ നക്ഷത്രങ്ങളോട് ഇഷ്ടം തോന്നാന്‍ ആ സംഭവം തന്നെ ധാരളമായിരുന്നു. പശ്ചിമ പഞ്ചാബിലെ (ഇപ്പോള്‍ പാക്കിസ്ഥാന്റെ ഭാഗം) മുള്ടാന് ജില്ലയിലായിരുന്നു കല്പനയുടെ കുടുംബം. വിഭജനത്തെ തുടര്‍ന്ന് ഇവര്‍ ഹരിയാനയിലെ കര്‍ണാലിലെത്തി. കല്പനയുടെ അച്ഛന് ബനാറസി ലാല്‍ ചൗള ചെറിയ ചെറിയ ജോലികള്‍ ചെയ്താണ് കുടുംബം പുലര്‍ത്തിയത്.
ക്രമേണ അദ്ദേഹം ഒരു ടയര്‍ നിര്‍മാണ ബിസിനസ് തുടങ്ങി. 1962 മാര്‍ച്ച് 17നാണ് കല്പനയുടെ ജനനം. സന്യോഗിതയായിരുന്നു കല്പനയുടെ അമ്മ. കഠിനാധ്വാനം നടത്തുന്ന കുടുംബാംഗങ്ങള്ക്കിടയിലായിരുന്നു അവള് വളര്‍ന്നത്. നാല് സഹോദരങ്ങളായിരുന്നു കല്പനയ്ക്ക്. അമ്മയായിരുന്നു എക്കാലത്തും കല്പനയ്ക്ക് പ്രചോദനം. അറിയാനുള്ള ആകാംക്ഷയും സ്വതന്ത്ര പ്രകൃതവും ഒക്കെ പ്രോത്സാഹിപ്പിച്ചത് അമ്മയായിരുന്നു. സ്വതന്ത്ര ചിന്താഗതിക്കാരിയായിരുന്നു അവര്‍. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം അനാവശ്യ ആഡംബരമാണെന്ന് കരുതിയിരുന്ന അക്കാലത്തും പെണ്മക്കള്ക്ക് മികച്ച വിദ്യാഭ്യാസം നല്‍കണമെന്നതായിരുന്നു അവരുടെ നിലപാട്.
കല്പന കുഞ്ഞായിരുന്നപ്പോള്‍ പേരിടല്‍ ചടങ്ങൊന്നും വീട്ടുകാര്‍ നടത്തിയിരുന്നില്ല. വിട്ടീല്‍ വിളിക്കാന്‍ ഒരു ഓമനപ്പേരുണ്ടായിരുന്നു, മൊന്റോ. ടാഗോര്‍ ബാലനികേതന്‍ സ്കൂളില്‍ ചേര്‍ക്കാന്‍ നേരത്താണ് പേര് പ്രശ്നമായത്. പ്രിന്‍സിപ്പാള്‍ പേരു ചോദിക്കുമ്പോള്‍ മൂന്ന് പേരുകളാണ് കല്പനയുടെ അമ്മായിയുടെ മനസ്സിലുണ്ടായിരുന്നത്-കല്പന, ജ്യോത്സന, സുനൈന. മൂന്നില്‍ നിന്നൊരെണ്ണം തിരഞ്ഞെടുക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ഒടുവില്‍ പ്രിന്‍സിപ്പാള്‍ തന്നെ ആ കുരുന്നു പെണ്‍കുട്ടിയോട് അവള്‍ക്കിഷ്ടപ്പെട്ട പേര് ചോദിച്ചു. അവള് പറഞ്ഞു, കല്പന.
വിമാനങ്ങളോട് വല്ലാത്ത ഭ്രമമായിരുന്നു കല്പനയ്ക്ക്. ഫ്ളൈയിങ് ക്ലബുകള്‍ ഉണ്ടായിരുന്ന ചുരുക്കം ചില ഇന്ത്യന്‍ നഗരങ്ങളിലൊന്നായിരുന്നു കര്‍ണാല്‍. കര്‍ണാല്‍ ഏവിയേഷന്‍ ക്ലബ് സ്ഥിതിചെയ്യുന്നിടത്തുനിന്ന് ഏതാനും കിലോമീറ്റര്‍ അകലെയായിരുന്നു കല്പനയുടെ വീട്. വീടിന്റെ മേല്പ്പുരയില് കയറിനിന്ന് തന്റെ തലയ്ക്ക് മുകളിലൂടെ ഇരമ്പി അകന്നുപോകുന്ന വിമാനത്തെ നോക്കി, അതിലെ പൈലറ്റിനെ ആവേശത്തോടെ കൈവീശി കാണിച്ചിരുന്നു ആ കൊച്ചു മിടുക്കി.
തലയ്ക്ക് മുകളില്‍ വിമാനം കാണുന്നതുവരെ സഹോദരനൊപ്പം സൈക്കിളില്‍ യാത്ര ചെയ്തിട്ടുണ്ടെന്ന് കല്പന കൊളംബിയ ദൗത്യത്തിന് മുമ്പായി നല്കിയ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. വിമാനത്തില്‍ യാത്ര ചെയ്യുകയെന്നതായിരുന്നു അന്നത്തെ ഏറ്റവും വലിയ ആഗ്രഹം. അച്ഛന് ആ ആഗ്രഹം നിറവേറ്റിക്കൊടുത്തു. എയ്റോസ്പേസ് എഞ്ചിനീയറിങില്‍ കല്പന തല്പരയാകുന്നതും ആ യാത്രയ്ക്ക് ശേഷമായിരുന്നു.
കല്പന സ്കൂളില്‍ പഠിക്കുന്ന സമയം. മറ്റ് കുട്ടികള്‍ മലകളും കാടും പുഴയും ഒക്കെ വരയ്ക്കുമ്പോള്‍ കല്പന വരയ്ക്കുന്നത് മേഘക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകി നീങ്ങുന്ന വിമാനങ്ങളായിരിക്കും. ക്രാഫ്റ്റ് ക്ലാസുകളില്‍ വിമാനത്തിന്റെ മാതൃകകള്‍ തീര്‍ത്തുകൊണ്ട് വിമാനങ്ങളോടുള്ള പ്രണയം അവള് വെളിവാക്കി. ആകാശക്കാഴ്ചകളുമായി ബന്ധപ്പെടുത്തിയായിരുന്നു കല്പനയുടെ ചിന്തകള്‍ പോലും. ആകാശത്ത് നിന്ന് നോക്കിയാല്‍ എല്ലാവരും തുല്യരാണെങ്കില്‍ പിന്നെ എങ്ങനെയാണ് മനുഷ്യരെ ജാതിയുടേയും മതത്തിന്റേയും ഒക്കെ പേരില്‍ വിഭജിക്കാന്‍ സാധിക്കുകയെന്നായിരുന്നു ആ ജിജ്ഞാസുവായ പെണ്‍കുട്ടി ഒരിക്കല്‍ അവളുടെ ടീച്ചറോട് ചോദിച്ചതത്രെ.
ഇംഗ്ലീഷും ഹിന്ദിയും ഭൂമിശാസ്ത്രവും പഠിക്കാനിഷ്ടപ്പെട്ടപ്പോഴും സയന്‍സിനോടായിരുന്നു കൂടുതല്‍ ആഭിമുഖ്യം. നൃത്തവും സൈക്ലിങും ബാഡ്മിന്റണും ഒരുപോലെ ആസ്വദിച്ചു. ആണുങ്ങളുടേതുപോലെ വെട്ടിയൊതുക്കിയ തലമുടിയും, ചമയങ്ങള്‍ ഒട്ടുമില്ലാത്ത മുഖവുമായിരുന്നു കല്പനയുടെ പ്രത്യേകത. ഫാഷനുകള്‍ക്ക് പിന്നാലെ ആ പെണ്മനസ് പാഞ്ഞതേയില്ല.
പത്ത് പാസായ ശേഷം അഡ്മിഷന് നേടിയത് ഡിവിഎം കോളേജില്‍. ഒരിക്കല്‍ ഗണിതശാസ്ത്രം ക്ലാസില്‍ ടീച്ചര്‍ ശൂന്യഗണത്തെ കുറിച്ച് പഠിപ്പിക്കുകയായിരുന്നു. അതിന് അവര്‍ മികച്ച ഉദാഹരണമായി ചൂണ്ടിക്കാട്ടിയത് ഇന്ത്യന്‍ വനിതാ ബഹിരാകാശ യാത്രികരുടെ ഗണത്തെയാണ്. കാരണം ഇന്ത്യയില്‍ നിന്ന് അക്കാലം വരെ ഒരു വനിതാ ബഹിരാകാശ യാത്രിക ഉണ്ടായിട്ടില്ല എന്നതുതന്നെ. എല്ലാവരും അതിശപ്പെട്ടിരുന്നപ്പോള്, കല്പന പൊടുന്നനെ ഉത്തരം നല്കിയതിങ്ങനെ- ‘ആര്‍ക്ക് അറിയാം. ഞാന്‍ ഒരു ദിവസം ഈ ഗണം ശൂന്യമല്ലാത്തതാക്കും’. അന്ന് ആ ക്ലാസ് മുറിയിലുണ്ടായിരുന്ന ഒരാള്‍ പോലും വിചാരിച്ചിരുന്നിരിക്കില്ല, ആ വാക്കുകള്‍ എന്നെങ്കിലും സത്യമാകുമെന്ന്.
പന്ത്രണ്ടാം ക്ലാസിന് ശേഷം എഞ്ചിനീയറിങിന് പോകണമെന്നായിരുന്നു കല്പനയുടെ ആഗ്രഹം. പക്ഷെ അച്ഛന് എതിര്‍ത്തു. അത് പെണ്‍കുട്ടികള്‍ക്ക് പറ്റിയ തൊഴില്‍ മേഖല യല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. മകള്‍ ഡോക്ടറോ ടീച്ചറോ ആകുന്നതിലായുന്നു താല്പര്യം. കല്പന വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. അമ്മയുടെ പിന്തുണയും മകള്ക്കൊപ്പമായപ്പോള് അച്ഛന് സമ്മതിക്കാതെ തരമില്ലെന്നായി. അങ്ങനെ പഞ്ചാബ് എഞ്ചിനീയറിങ് കോളേജില്‍ അഡ്മിഷന് നേടി കല്പന ഛണ്ഡീഗഡിലെത്തി. എയ്റോനോട്ടിക്കല്‍ എന്‍ജിനീയറിങ്ങായിരുന്നു തിരഞ്ഞെടുത്തത്. പലരും അവളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന് നോക്കി. ഇന്ത്യയില്‍ ഈ മേഖലയില്‍ അവസരങ്ങള്‍ കുറവാണ് എന്നതായിരുന്നു കാരണം. കല്പന അഭിപ്രായം മാറ്റിയില്ല. മറ്റൊരു ഓപ്ഷനും ഇല്ലായിരുന്നു താനും.
മനസ്സര്‍പ്പിച്ച് കല്പന പഠിച്ചു. പെണ്‍കുട്ടികള്‍ക്കായി അവിടെ താമസ സൗകര്യം ഇല്ലായിരുന്നു. ഒരു ചെറിയ മുറി കണ്ടെത്തി തനിച്ചു താമസിച്ചു. കോളേജിലേക്ക് നിത്യവും സൈക്കിളിലായിരുന്നു യാത്ര. ഒഴിവുസമയങ്ങളില്‍ കരാട്ടെ പഠിച്ചു, ബ്ലാക് ബെല്‍ട്ട് നേടി. പ്രിയ എഴുത്തുകാരുടെ പുസ്തകങ്ങള്‍ വായിച്ചു. സൂഫി സംഗീതവും ക്ലാസിക് റോക് ഗാനങ്ങളും ആസ്വദിച്ചു. വ്യോമയാനവുമായി ബന്ധപ്പെട്ടിറങ്ങുന്ന മാഗസിനുകളും ബുക്കുകളും വായിക്കുക്കയും സൂക്ഷിക്കുകയും ചെയ്തു. കോളേജിലെ എയ്റോ ക്ലബ് ആന്‍ഡ് ആസ്ട്രോ സൊസൈറ്റിയുടെ ജോയിന്റ് സെക്രട്ടറിയും കോളേജ് മാഗസിന് സ്റ്റുഡന്റ് എഡിറ്ററുമായിരുന്നു കല്പന.
പഠന മികവുകൊണ്ടും പ്രബന്ധാവതരണം കൊണ്ടും അവള് ഏവരേയും അത്ഭുതപ്പെടുത്തി. 1982 ല്‍ മൂന്നാം റാങ്കോടെയാണ് കല്പന എഞ്ചിനീയറിങ് പാസാകുന്നത്. ആ കോളേജിലെ ആദ്യത്തെ വനിത എയ്റോനോട്ടിക്കല്‍ എഞ്ചിനീയറും കല്പനയായിരുന്നു. നല്ല അക്കാദമിക് റെക്കോഡ്, കല്പനയ്ക്ക് ബിരുദാനന്തര ബിരുദം നേടുന്നതിന് അമേരിക്കയിലെ ടെക്സാസ് സര്‍വകലാശാലയില്‍ പ്രവേശനം എളുപ്പമാക്കി. വീട്ടുകാരുടെ അനുവാദം വാങ്ങുന്നതിനായിരുന്നു ഏറെ ബുദ്ധിമുട്ടിയത്. അതിനാല്‍ പഠനം തുടങ്ങി മാസങ്ങള്‍ക്കുശേഷമാണ് കല്പനയ്ക്ക് ക്ലാസിലെത്താന്‍ സാധിച്ചത്.
അവിടെവച്ച് വൈമാനിക പരിശീലകനായ ജീന്‍ പിയറി ഹാരിസണുമായി പ്രണയത്തിലായി. 1983ല്‍ ഇരുവരും വിവാഹിതരായി. വിമാനം പറത്തേണ്ടതെങ്ങനെയെന്ന് കല്പനയെ പഠിപ്പിച്ചത് ജീന്‍ ആയിരുന്നു. 1988 ല്‍ കൊളറാഡോ സര്‍വകലാശാലയില്‍ നിന്ന് എയ്റോസ്പേസ് എഞ്ചിനീയറിങില്‍ ഡോക്ടറേറ്റ് നേടി. അതേവര്‍ഷം തന്നെ നാസയുടെ എംസ് റിസര്‍ച്ച് സെന്ററില്‍ ജോലിയില്‍ പ്രവേശിച്ചു.
തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിലും അവര്‍ പഠിച്ചിറങ്ങിയ സ്കൂളുകളും കോളേജുകളുമായി ബന്ധം നിലനിര്‍ത്തിയിരുന്നു. എല്ലാവര്‍ഷവും ടാഗോര്‍ ബാല്‍ നികേതനിലെ രണ്ട് കുട്ടികള്‍ക്ക് നാസ സന്ദര്‍ശിക്കുവാന്‍ അവര്‍ അവസരം ഒരുക്കി. ആ കുട്ടികള്‍ക്കായി കല്പന ഇന്ത്യന്‍ ഭക്ഷണവും തയ്യാറാക്കി നല്‍കിയിരുന്നു.
1997 നവംബറിലായിരുന്നു കല്പനയുടെ ആദ്യ ബഹിരാകാശ യാത്ര. 376 മണിക്കൂറും 34 മിനിട്ടുമാണ് അന്ന് അവര്‍ ബഹിരാകാശത്ത് ചിലവഴിച്ചത്. 6.5 ദശലക്ഷം മൈല്‍ യാത്ര ചെയ്യുകയും ചെയ്തു. നാസയുടെ എസ്ടിഎസ്-87 എന്ന ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ആ യാത്ര. ബഹിരാകാശത്തെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയെന്ന ബഹുമതി അതോടെ കല്പനയ്ക്ക് സ്വന്തമായി. 2003 ജനുവരി 16 നായിരുന്നു രണ്ടാം വട്ടം കല്പന ബഹിരാകാശത്തെക്ക് പറന്നുയര്‍ന്നത്. 17 ദിവസത്തെ ഗവേഷണ ദൗത്യത്തിന് ശേഷം ഫെബ്രുവരി ഒന്നിന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ തിരിച്ചിറങ്ങാന്‍ മിനിട്ടുകള്‍ ശേഷിക്കെ യാത്ര നടത്തിയ കൊളംബിയ പൊട്ടിത്തിറച്ചു. കല്പനയ്ക്കൊപ്പം ആറുപേരായിരുന്നു കൊളംബിയയില്‍ ഉണ്ടായിരുന്നത്. അവരെല്ലാവരും തന്നെ ആ ദുരന്തത്തിന്റെ ഇരകളായി തീര്‍ന്നു.
പഞ്ചാബ് എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി കല്പന അവസാനം അയച്ച ഇമെയില്‍ സന്ദേശത്തില്‍ പറയുന്നതിങ്ങനെ, ‘സ്വപ്നത്തില്‍ നിന്ന് വിജയത്തിലേക്കുള്ള വഴി നിലനില്ക്കും. നിങ്ങള്‍ക്ക് അത് കണ്ടെത്താനുള്ള വീക്ഷണം ഉണ്ടാവണം. നിങ്ങളുടെ സാഹസികതയെ നിശ്ചിത സ്ഥാനത്തെത്തിക്കുകയാണ് വേണ്ടത്. അശ്രാന്തപരിശ്രമം പിന്തുടരുകയും വേണം’. കുഞ്ഞുക്കണ്ണുകളില്‍ ഒളിപ്പിച്ചുവച്ച സ്വപ്നങ്ങള്‍ക്ക് പിന്നാലെ പാഞ്ഞ ഒരു പെണ്‍കുട്ടിയ്ക്ക് ഇതില്‍ കൂടുതല്‍ മനോഹരമായ എന്ത് സന്ദേശമാണ് നല്‍കാനാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: