കൊല്ലം: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെയും സംസ്ഥാന നേതൃത്വത്തെയും വിമര്‍ശിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര് മഹേഷ് കോണ്‍ഗ്രസ് വിട്ടു. കൊല്ലം പ്രസ്ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പാര്‍ട്ടി വിടുന്ന കാര്യം മഹേഷ് അറിയിച്ചത്.
കോണ്‍ഗ്രസ് വിട്ടെങ്കിലും മറ്റ് രാഷ്ട്രീയപാര്ട്ടികളിലൊന്നും ചേരില്ലെന്നാണ് മഹേഷ് അറിയിച്ചിരിക്കുന്നത്. നയിക്കാന്‍ കഴിവില്ലെങ്കില്‍ രാഹുല്‍ഗാന്ധി നേതൃത്വം ഒഴിയണമെന്നായിരുന്നു മഹേഷിന്റെ വിമര്‍ശനം. കെപിസിസി നേതൃത്വത്തെപോലും നിശ്ചയിക്കാനാവാത്ത ഭരണ നേതൃത്വം നീറോ ഭരണകാലത്തെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്നും മഹേഷ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചിരുന്നു.
കോണ്‍ഗ്രസ് സംസ്ഥാനത്തും കേന്ദ്രത്തിലും അപ്രസക്തമാകുന്നുവെന്നും മഹേഷ് തന്റെ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. പി.സി വിഷ്ണുനാഥ് ഉള്‍പ്പടെയുള്ളവര്‍ ഈ പോസ്റ്റിനെതിരെ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു സി.ആര് മഹേഷ്. ഇവിടെ തനിക്ക് നേരിട്ട പരാജയം ചിലരുടെ കാലുവാരല്‍ മൂലമാണെന്ന ആരോപണവും മഹേഷ് ഉന്നയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: