കാസര്‍കോട്: മദ്രസാ അധ്യാപകന് റിയാസിനെ അജ്ഞാത സംഘം വെട്ടിക്കൊല്ലപ്പെടുത്തിയതിനെ തുടര്‍ന്ന് മുസ്ലിം ലീഗ് പ്രഖ്യാപിച്ച ഹര്‍ത്താലിനോടനുബന്ധിച്ച് ജില്ലയില്‍ വ്യാപകമായ അക്രമണമാണ് അരങ്ങേറിയത്. നിരവധി വാഹനങ്ങളും, വീടുകളും, സ്ഥാപനങ്ങളും, ആരാധനാലയങ്ങളും തകര്‍ക്കുകയും അനവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരുന്ന് വാങ്ങിക്കാനും, ശസ്ത്രക്രിയയ്ക്കും പണമില്ലാതെ പരിക്കേറ്റ പലരും ബുദ്ധിമുട്ടുകയാണ്. പരിക്കേറ്റവര്‍ക്കും, നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു. റിയാസിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കണം.
കാസര്‍കോട് നിയോജക മണ്ഡലത്തില്‍ മാത്രമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെങ്കിലും ജില്ല മുഴുവന്‍ ഹര്‍ത്താല്‍ പ്രതീതിയുണ്ടാക്കി അഴിഞ്ഞാടുകയാണ് ലീഗ് ക്രിമിനല്‍ സംഘം ചെയ്തത്. ലീഗ് അവരുടെ വര്‍ഗ്ഗീയ മുഖം ഒന്നുകൂടി ജില്ലയില്‍ കാണിച്ചു. മാരകായുധങ്ങളുമായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വഴിയാത്രക്കാരെ പോലും തടഞ്ഞ് നിര്‍ത്തി ലീഗും ചില തീവ്രവാദ സംഘടനകളും ചേര്‍ന്ന് അഴിഞ്ഞാടുകയായിരുന്നു. ഇവര്‍ക്കെതിരെ നടപടിയെടുക്കേണ്ട ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാര് ഉള്‍പ്പെടെയുള്ളവര്‍ അക്രമ സമയത്ത് നോക്കു കുത്തികളായി നില്‍ക്കുകയാണ് ചെയ്തത്. അടച്ച് പൂട്ടിയ സ്ഥാപനങ്ങള്‍ പോലും തല്ലിതകര്‍ക്കപ്പെട്ടു. പോലീസിന്റെ നിഷ്ക്രീയത്വവും വീഴ്ചയും അന്വേഷിക്കണം. ചളിയംകോട് പ്രദേശത്ത് നിരപരാധികളായവരുടെ വീട്ടുമുറ്റങ്ങളില്‍ നിര്‍ത്തിയിട്ട 18 ബൈക്കുകള്‍ പോലീസാണ് തല്ലിത്തകര്‍ത്തത്. ആ പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം. സംഭവത്തെ വര്‍ഗ്ഗീയവല്‍ക്കരിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള മുസ്ലിംലീഗ് ശ്രമത്തെ പൊതു സമൂഹം തിരിച്ചറിയണം.
ജില്ലയില്‍ വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിച്ച് കലാപമുണ്ടാക്കാനുള്ള ശ്രമമാണ് മുസ്ലിം ലീഗ് നേതൃത്വവും സ്ഥലം എംഎല്‍എയായ നെല്ലിക്കുന്നും ചേര്‍ന്ന് ശ്രമിക്കുന്നത്. സംഭവത്തില്‍ എംഎല്‍എ നടത്തിയ പ്രസ്ഥാവനകളും സ്വീകരിച്ച് നിലപാടുകളും, പ്രതികള്‍ രക്ഷപ്പെട്ടത് ഉള്‍പ്പെടെയുള്ള കാരണങ്ങളും കേസന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. കൊലപാതകത്തിന്റെ പിന്നുലുള്ള ലക്ഷ്യവും, കാരണവും പുറത്ത് കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. സംഭവ നടന്ന ഉടന്‍ അതിനെ വര്ഗ്ഗീയമാക്കി മാറ്റി കലാപമഴിച്ചുവിടാനാണ് ലീഗ് ശ്രമിച്ചത്. ദാരുണമായ കൊലപാതകത്തെ ബിജെപി ശക്തമായി അപലപിക്കുന്നതായി ശ്രീകാന്ത് പറഞ്ഞു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കലാപമുണ്ടാക്കാനുള്ള ലീഗ് ശ്രമത്തെ തിരിച്ചറിഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ സമ്വയമനം പാലിച്ചതു കൊണ്ടാണ് കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരുന്നത്.
ജില്ലയില്‍ ക്രമസമാധാനപാലനത്തിന് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കേണ്ട എസ്.പി.ഓഫീസ് എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എയുടെ നേതൃത്വത്തില്‍ മണിക്കൂറുകളോളമാണ് ഉപരോധിച്ചത്. ഉപരോധത്തിലൂടെ പോലീസിന്റെ ശ്രദ്ധമാറ്റി മറ്റ് ഭാഗങ്ങളില്‍ അക്രമത്തിന് സാഹചര്യമൊരുക്കുകയാണ് എംഎല്‍എ ചെയ്തത്. നഷ്ടപ്പെടുന്ന മുസ്ലിം ലീഗിന്റെ സ്വാധീനം തിരിച്ചു പിടിക്കാനാണ് അക്രമത്തിലൂടെ ശ്രമിക്കുന്നത്. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെമേല്‍ കൊലപാതകത്തെ കെട്ടിവെയ്ക്കാന്‍ ശ്രമിക്കുന്നത് ഉന്നതതല ഗൂഡാലോചനയുടെ ഭാഗമായിട്ടാണെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. പത്രസമ്മേളനത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായ്ക്, സമിതിയംഗം അഡ്വ.കെ.ബാലകൃഷ്ണ ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: