ആലത്തൂര്‍: പുതിയ ബസ്റ്റാന്റിനു സമീപത്തെ ഇബ്രാഹീം കോംപ്ലക്സിലെ ന്യൂ സജ്ന മൊബൈല്‍സില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നടത്തിയ മോഷണ സംഘത്തിലെ ഒരാളെ പോലീസ് പിടികൂടി.
മംഗലംഡാം വീട്ടിക്കല്‍കടവ്, കാവുപുരയ്ക്കല്‍ വീട്ടില്‍ ജിബി തോമസ്(30) നെയാണ് ആലത്തൂര്‍ പോലീസ് പിടികൂടിയത്.സംഘംഗങ്ങളായ അയിലൂര്‍ ഒലിപ്പാറ സിജോണ്‍ ജോയ്, പോത്തുണ്ടി സ്വദേശി പ്രണവ്, ഒലിപ്പാറ സ്വദേശിയായ റിന്‍ഷാദ് എന്നിവര്‍ ഒളിവിലാണ്.സാമൂഹ്യ മാധ്യമങ്ങളില്‍ മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യമടങ്ങിയ വീഡിയോ പ്രചരിച്ചിരുന്നു.ഇതില്‍ പാന്റ് പോക്കറ്റില്‍ കൈയ്യിട്ട് നടക്കുന്ന വ്യക്തിയെ പോലുള്ളയാള്‍ മംഗലംഡാമിലുള്ളതായി സംശയം തോന്നിയ നാട്ടുകാരനായ ഒരാളാണ് വടക്കഞ്ചേരി പോലീസിനെ വിവരമറിയിച്ചത്.
ഇതുപ്രകാരം മംഗലംഡാം ടൗണിലെ ലൂര്‍ദ്ദ് മാതാ സ്കൂളിന് മുന്നില്‍ നിന്നും ഇന്നലെ വൈകുന്നേരം മൂന്നരയോടെ ജിബി തോമസിനെ പോലീസ് കസ്റ്റഡിയിലെടുക്കുയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തി.ചിറ്റടിയിലെ തോട്ടത്തിനുള്ളിലെ കളപ്പുരയില്‍ രണ്ടു ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 29 മൊബൈലുള്‍പ്പെടെ 45 ഇനം സാധനങ്ങളും പോലീസ് കണ്ടെടുത്തു.
കൂട്ടുപ്രതികളായ പ്രണവ് രണ്ടു കൊലപാതകകേസുകളിലും വിവിധ കഞ്ചാവ് കേസുകളിലും പ്രതിയാണ്. ജിബിതോമസിന്റെ റബ്ബര്‍ തോട്ടത്തിലെ ടാപ്പിംഗ് തൊഴിലാളിയാണ് സിജോണ്‍ ജോയ്. വിവിധ ബൈക്ക് മോഷണകേസുകളിലെ പ്രതിയാണ് കൂട്ടുപ്രതിയായ റിന്‍ഷാദ്.
ബുധനാഴ്ച ആലത്തൂരില്‍ എത്തിയ സംഘം കട നിരീക്ഷിക്കുകയും മോഷണത്തിന് പദ്ധതിയിടുകയുമായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ജിബി തോമസിന്റെ ആഡംബര കാറിലാണ് മോഷണത്തിനായി പ്രതികള്‍ എത്തിയത്.സിജോണ്‍ ജോയിയും, പ്രണവും, കടയില്‍ എത്തി ഷട്ടര്‍ തകര്‍ത്ത് അകത്തുകയറിയതിനുശേഷമാണ് ജിബി തോമസ് കടയിലെത്തിയത്.
റിന്ഷാദായിരുന്നു വാഹനത്തിലെ ഡ്രൈവര്‍. അന്വേഷണം നടത്തുന്നതിനിടെയാണ് വടക്കഞ്ചേരി സ്റ്റേഷനില്‍ നിന്നും മോഷ്ടാവിനെ കുറിച്ച് നാട്ടുകാരന് നല്കിയ വിവരം ലഭിക്കുന്നത്. ജിബി തോമസിന് വെളളനിറത്തിലുള്ള ആഡംബര വാഹനം ഉണ്ടോ എന്നാണ് പോലീസ് ആദ്യം പരിശോധിച്ചത്.
ഇതു ഉറപ്പിച്ചതിനുശേഷമാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത്. ആറുമാസം മുമ്പ് ദുബായില്‍ നിന്നു നാട്ടിലെത്തിയ ജിബിതോമസ് അന്വേഷണത്തിന് സി.ഐ., കെ.എ.എലിസബത്ത്, എസ്.ഐ., എസ്.അനീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ കൃഷ്ണദാസ്, സൂരജ് ബാബു എന്നിവര്‍ നേതൃത്വം നല്കി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മറ്റു പ്രതികള്‍ക്കുവേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: