കൂറ്റനാട്ഃ തൃത്താല മേഖലയില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളുടെ വിപണനവും ഉപയോഗവും വര്‍ദ്ധിക്കുന്നു. കോളേജ്, സ്കൂള്‍ വിദ്യാര്‍ത്ഥികളെ വലയിലാക്കിയാണ് മാഫിയാ സംഘം വിലസുന്നത്.
ലഹരിമരുന്നു ആംപ്യൂളുകളുടെയും ഹഷീഷ് ഓയില്‍ പശ പോലുള്ള ലഹരി പദാര്‍ത്ഥങ്ങളുടെയും വില്‍പ്പനയും തകൃതിയായി നടക്കുന്നു. പോലിസിന്റെയും എക്സൈസിന്റെയും പരിശോധന നടക്കുന്നുണ്ടെങ്കിലും പരിമിതമാണെന്ന ആക്ഷേപമാണ് ജനങ്ങള്‍ക്ക്. രാത്രികാലങ്ങളില്‍ സ്കൂളുകളും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളും സാമൂഹ്യവിരുദ്ധരരുടെ താവളമാണ്. ഇവിടെ മയക്കുമരുന്നുകളുടെ ഉപയോഗമാണത്രെ.
15 വയസ്സ് മുതലുള്ള സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് ഉപഭോക്താക്കള്‍ എന്നതാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഒഴിഞ്ഞ ക്ലാസ് മുറികളിലിരുന്ന് മദ്യപാനം നടത്തുന്നതൂം പതിവാണ്. തൃത്താല മേഖലയിലെ വിവിധ ഹയര്‍ സെക്കന്‍ഡറി, ഹൈസ്കൂള്‍ എന്നിവിടങ്ങളിലാണ് സംഭവം.
ഫേസ്ബുക്ക്, വാട്സ്ആപ് തുടങ്ങിയ സോഷ്യല്‍ മീഡിയകളാണ് ഇതിന്റെയെല്ലാം പ്രചാരണത്തിന് ഉപയോഗിക്കുന്നത്. കൗമാരക്കാരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പേരുകളുള്ള ഗ്രൂപ്പുകള്‍ വഴിയും പ്രചാരണം നടക്കുന്നു. സൗഹൃദവലയം ശക്തമാക്കിയ ശേഷമാണ് ലഹരി വസ്തുക്കളെ കുറിച്ച് വിശേഷങ്ങള്‍ പങ്കുവെക്കുന്നത്. മൊബൈല്‍ നമ്പര്‍ കൂടി കൈമാറുന്നതോടെ വാട്സ്ആപ്പിലും പ്രചാരണം നടത്തുന്നു. ഇത്തരം സംഘത്തിന്റെ ഗ്രൂപ്പുകളില്പെടുന്ന കുട്ടികള്‍ പിന്നീട് ഊരിപ്പോരാനാവാത്ത വിധം കുടുങ്ങുകയാണ്. ബന്ധം ഊര്ജിതമാവുന്നതോടെ സമയവും സന്ദര്‍ഭവും അനുസരിച്ച് നേരില്‍ കാണുകയും പിന്നീട് ഏജന്റായി പ്രവര്‍ത്തിക്കുകയുമാണ് ചെയ്യുന്നത്.
സ്കൂളുകളില്‍ അധ്യാപകരുടെ ശ്രദ്ധയില്‍പെടുമ്പോള്‍ രക്ഷിതാക്കളുടെശ്രദ്ധയില്പെടുത്താറാണ് പതിവ്. അന്യ സംസ്ഥാനതൊഴിലാളികളുടെ ക്യാമ്പുകളില്‍ വന്നുപോകുന്നവരെകുറിച്ച് ആര്‍ക്കും ഒരു എത്തും പിടിയുമില്ല.
ഓരോ പ്രദേശത്തേയും വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെകുറിച്ച് പോലീസിനോ തദ്ദേശ സ്ഥാപനങ്ങള്‍ക്കും കാര്യമായ അറിവില്ല. ലഹരി കണ്ടിട്ടില്ലാത്തവര്‍ക്ക് സിഗരറ്റും പരിചയമുള്ളവര്‍ക്ക് ഹാന്‍സും നല്‍കിയാണ് തുടക്കം. പിന്നീട് നടക്കുന്ന കൂടിക്കാഴ്ച്ചയിലാണ് കഞ്ചാവ് നിറച്ച് ബീഡികളും അറിഞ്ഞും അറിയാതെയും വലിക്കാനായി നല്‍കുന്നത്. വലിച്ച് രുചി അറിഞ്ഞ കുട്ടികള്‍ പിന്നീട് പണം കൊടുത്ത് വാങ്ങുകയും പിന്നീട് പണമില്ലാത്ത അവസ്ഥ വരുന്നതോടെ വലിക്കാനായി ഏജന്റുമാരായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
രക്ഷിതാക്കളും അദ്ധ്യാപകരും രാഷ്ട്രീയ നേതൃത്വവും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനപ്രതിനിധികളും മുന്നിട്ടിറങ്ങി ഈ മഹാവിപത്തിനെതിരെയുള്ള നീക്കം ആരംഭിച്ചില്ലെങ്കില്‍ ഈ തലമുറ ലഹരിയുടെ അടിമകളായി സാമൂഹ്യദ്രോഹികളും മഹാ ക്രിമിനലുകളും ആയി മാറുന്ന കാലം അതി വിദൂരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: