മുംബൈ: രാജ്യത്തെ എല്ലാ വ്യവസായികളും ഐടി മേഖലയിലേക്ക് തിരിഞ്ഞ രണ്ടായിരത്തില്‍ ഏറെ വ്യത്യസ്തമായി ഒരു ചില്ലറ വില്‍പ്പനശാലയിലൂടെ വ്യവസായിക രംഗത്തെത്തി ഇന്ന് ശതകോടീശ്വരനായി മാറിയ കഥയാണ് രാധാകൃഷ്ണ ദമാനിയ്ക്ക് പറയാനുളളത്. ദലാല്‍ സ്ട്രീറ്റിലെ ഏറ്റവും മൂല്യമുളള വ്യവസായ സ്ഥാപനമായി ദമാനിയുടെ ഡി മാര്‍ട്ട് ചില്ലറ വില്‍പ്പന കേന്ദ്രം ഇന്ന് മാറിയിരിക്കുന്നു.
ഇദ്ദേഹത്തിന്റെ ഡിമാര്‍ട്ട് ശൃംഖല 40000 കോടി രൂപയിലേറെ മൂല്യവുമായാണ് ഓഹരി വിപണിയിലെ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ഇതിനെ ഈ നിലയിലേക്ക് എത്തിച്ച മിസ്റ്റര്‍ വൈറ്റ് ആന്‍ഡ് വൈറ്റ് എന്നറിയിപ്പെടുന്ന ദമാനിയുടെ സ്ഥാനം അനില്‍ അംബാനിയ്ക്കും അജയ് പിറമേലിനും രാഹുല്‍ ബാലാജിയ്ക്കും അനില്‍ അഗര്‍വാളിനും ഒപ്പമാണ്.
ഡിമാര്‍ട്ടിന്റെ 82ശതമാനം ഓഹരികളും ദമാനിയുടെയും കുടുംബത്തിന്റെയും കയ്യിലാണ്. ഇതിന് ഏകദേശം 33125 കോടിരൂപയുടെ മൂല്യമുണ്ട്. ഇതിന് പുറമെ വിഎസ്ടി ഇന്‍ഡസ്ട്രീസ്, ബ്ലൂ ഡാര്‍ട്ട്, സുന്ദരം ഫാസ്റ്റനേഴ്സ്, ടിവി18, 3എംഇന്ത്യ എന്നിവയിലും ഈ അറുപത്തൊന്നുകാരന് ഓഹരി പങ്കാളിത്തമുണ്ട്. ഇവയ്ക്ക് ഏകദേശം 2650 കോടി രൂപയുടെ മൂല്യം വരും.
ഡിമാര്ട്ടിലെയും ഇതും എല്ലാം ചേര്‍ത്ത് ഏകദേശം 35775 കോടി രൂപ ആസ്തിയുളള ഇദ്ദേഹം ഫോബ്സ് മാസികയുടെ ഏറ്റവും പുതിയ കോടീശ്വര പട്ടികയില്‍ ആദ്യ പതിനഞ്ചില്‍ ഇടം പിടിച്ചിരിക്കുന്നു. ദക്ഷിണ മുംബൈയിലെ അല്‍ട്ടാമൗണ്ട് റോഡിലാണ് ഇദ്ദേഹം താമസിക്കുന്നത്.
രണ്ട് പതിറ്റാണ്ട് മുമ്പ് ചാര്‍മിനാര്‍ സിഗററ്റ് കമ്പനിയായ വിഎസ്ടിയുടെ 25ശതമാനം ഓഹരികള്‍ വാങ്ങിയാണ് അദ്ദേഹം വ്യവസായ മേഖലയിലേക്ക് കടന്ന് വന്നത്. അന്നതിന് 63 കോടിരൂപയായിരുന്നു വില. ഇന്ന് 1200 കോടിയായി ഉയര്‍ന്നിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: