കോഴിക്കോട്: പുതുമകളോ പുതിയ പ്രഖ്യാപനങ്ങളോ ഇല്ലാത്ത ബജറ്റ്. കോഴിക്കോട് കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ ഇന്നലെ ഡപ്യൂട്ടിമേയറും ധനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സനുമായ മീരാദര്‍ശക് അവതരിപ്പിച്ച ബജറ്റ് നഗരം അഭിമുഖീകരിക്കുന്ന അടിയന്തിര പ്രശ്നങ്ങളെ അവഗണിച്ച പൊള്ളയായ ബജറ്റായി. 39800.3995 ലക്ഷം രൂപ വരവും 38,587.70 ലക്ഷം രൂപ ചെലവും 1212.695 നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഇന്നലെ അവതരിപ്പിക്കപ്പെട്ടത്. 2016-17 വര്‍ഷ ത്തെ പുതുക്കിയ ബജറ്റും യോഗത്തില്‍ അവതരിപ്പിച്ചു.
കിഡ്സണ്‍ കോര്‍ണര്‍ നവീകരിക്കും, നഗരത്തില്‍ ഷീ ലോഡ്ജുകള്‍ ആരംഭിക്കും, മൃഗങ്ങള്‍ക്ക് ശ്മശാനം, മാനാഞ്ചിറ ചത്വരത്തില്‍ സാംസ്കാരിക സമുച്ചയം എന്നിവയിലൊതുങ്ങുന്നു പുതിയ പ്രഖ്യാപനങ്ങള്‍. കേന്ദ്ര നഗരവികസനവകുപ്പ് നടപ്പാക്കുന്ന സ്വച്ചഭാരത് മിഷന്, വഴി ടോയ്ലറ്റുകള് സ്ഥാപിക്കും. അമൃത് പദ്ധതിയിലുള്‍പ്പെടുത്തി കുടിവെള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് 17 കോടി എണ്‍പത്തി ഏഴ് ലക്ഷം രൂപ മാറ്റി വെ ക്കും പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി 1753 ഗുണഭോക്താക്കളെ തെരഞ്ഞെടുത്തു എന്നിവയാണ് ബജറ്റില്‍ നിറഞ്ഞു നില്ക്കുന്ന പ്രഖ്യാപനങ്ങള്‍. കേന്ദ്രത്തിന്റെ എന്‍യുഎല്‍എം പദ്ധതി പ്രകാരം വഴിയോര കച്ചവടക്കാരുടെപുനരധിവാസത്തിനുതകുന്ന നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചുവെന്നും ബജറ്റില്‍ സൂചിപ്പിക്കുന്നു.
ഭൂഗര്‍ഭ അഴുക്കുചാല്‍ പദ്ധതി, സ്രോം വാട്ടര്‍ ഡ്രെയിനേജ്, പാര്‍ക്കുകളുടെ നവീകരണം തുടങ്ങി വിവിധ പദ്ധതികളുടെ വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്പ്പിച്ചുവെന്നതല്ലാതെ ഒരു സാമ്പത്തിക വര്‍ഷം പൂര്‍ത്തിയായിട്ടും പദ്ധതി നിര്‍വ്വഹണത്തെക്കുറിച്ച് ബജറ്റ് നിശ്ശബ്ദമാണ്. സംസ്ഥാനത്ത് പദ്ധതിച്ചെലവ് നിര്‍വഹിക്കുന്നതില്‍ ഏറ്റവും പിന്നാക്കം നില്ക്കുന്ന കോര്പ്പറേഷന് എന്ന സ്ഥാനം കോഴിക്കോടിനു തന്നെ എന്നുറപ്പിക്കുന്നതായിരുന്നു. ഇന്നലെ അവതരിപ്പിച്ച ബജറ്റിന്റെ ഉള്ളടക്കം. ജപ്പാന്‍കുടിവെള്ള പദ്ധതി, നഗരപാതാവികസനം എന്നിവയില്‍ നഗരസഭയ്ക്ക് മുന്നേറാന്‍ ആയില്ലെന്ന് ബജറ്റ് പ്രസംഗത്തില്‍ തന്നെ സൂചനകളുണ്ട്.തനത് ഫണ്ട് വരുമാനത്തില്‍ വര്‍ധന ഉണ്ടായില്ലെന്ന് ബജറ്റില്‍ വ്യക്തമാകുന്നു. കോര്പ്പറേഷന് ജീവനക്കാരുടെ പെന്ഷന് തുകയില്‍ വലിയൊരുതുക കുടിശ്ശികയായി നിലനില്ക്കുന്നു. തീരദേശ നഗരമെന്ന നിലയില്‍ മത്സ്യത്തൊഴിലാളികളുടെ തൊ ഴിലും ജീവിതവുമായി ബന്ധപ്പെട്ട ഒരു പദ്ധതി പോലും ബജറ്റിലുള്പ്പെടുത്തിയിട്ടില്ല. കോര്‍പ്പറേഷനിലെ മൂന്ന് ഹാര്‍ബറുകളുടെയും നവീകരണത്തിനും പണം നീക്കിവെച്ചിട്ടില്ല. വയോജനസൗഹൃദത്തെക്കുറിച്ച് ഏറെ വാചാലമാകുന്ന ബജറ്റ് യുവജനങ്ങളുടെ തൊഴില്‍, വിദ്യാഭ്യാസം എന്നിവയില്‍ നിശ്ശബ്ദത പാലിക്കുന്നു.
നഗരത്തിന്റെ ശാപമായി മാറിക്കഴിഞ്ഞ മാലിന്യ സംസ്കരണം, പ്ലാസ്റ്റിക് മാലിന്യ പ്രശ്നം എന്നിവയില്‍ തികഞ്ഞ പരാജയമായിരുന്നു കോര്പ്പറേഷന്. പല പദ്ധതികളും പരീക്ഷിച്ചെങ്കിലും ഒന്നും പൂര്‍ത്തിയാക്കാനോ ഫലം കണ്ടെത്താനോ കഴിഞ്ഞില്ല. പൂര് ത്തിയാകാത്ത പദ്ധതികളുടെ വിവരണ പട്ടികയായി ബജറ്റ് മാറി. ഇന്നും നാളെയും ബജറ്റിനെകുറിച്ച് ചര്‍ച്ച നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: