വൈദ്യുതി മന്ത്രി എം.എം. മണി വനദിനാചരണത്തിന്റെ തലേന്നാള്‍ വനം നശിപ്പിക്കുന്നതൊന്നും ഒരു പ്രശ്നമേയല്ലെന്ന് വിളിച്ചുപറഞ്ഞിട്ടും പ്രബുദ്ധ കേരളം ഞെട്ടിയില്ല. വനം, പരിസ്ഥിതി എന്ന് പറഞ്ഞ് മുറവിളിയിട്ട് നടക്കുന്ന സാംസ്കാരിക നായകരും പരിസ്ഥിതി പ്രേമികളും മന്ത്രിയുടെ പ്രഖ്യാപനം കേട്ടമട്ട് കാട്ടിയില്ല. പറഞ്ഞത് മണിയാശാനായതുകൊണ്ടും വിവരക്കേട് ആശാന്റെ സ്വഭാവമായതുകൊണ്ടും പരിസ്ഥിതി നിലയവിദ്വാന്മാര് ക്ഷമിച്ചതാവാനും മതി. പക്ഷേ അത്ര നിസ്സാരമായി തള്ളാവുന്നതല്ല മണിയാശാന് പറഞ്ഞ കാര്യങ്ങള്‍. സാംസ്കാരികകേരളം ചെറുത്തുതോല്പിച്ച അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന നിലപാടാണ് മണിയാശാന്റെ വിവരക്കേടെന്ന് എഴുതിത്തള്ളാന്‍ പലരും മുതിരുന്നത്.
കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്ന ചേലിലാണ് മണിയുടെ രംഗപ്രവേശം.
ചിറ്റപ്പന്വിവാദത്തില് മുഹമ്മദാലി ഫെയിം ജയരാജന് ഒഴിഞ്ഞുപോയ തക്കം നോക്കി പിണറായി വിളിച്ചുകയറ്റിയതാണ് മണിയെ. മണിയെപ്പോലെയൊരാള്ക്ക് മന്ത്രിയാകാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലേ സാധിക്കൂ എന്നാണ് അദ്ദേഹത്തിന്റെ ചില ആരാധകപ്രമാണിമാരുടെ പക്ഷം. മണി സാധാരണക്കാരനും തൊഴിലാളികളുടെ നേതാവുമാണത്രെ.
നാലാം ക്ലാസിനപ്പുറം പഠിക്കാന്‍ യോഗമില്ലാത്തതുകൊണ്ട് മണിക്ക് എന്തും പറയാമെന്നും മണി പറയുന്നതാണ് തൊഴിലാളികളുടെ ഭാഷയെന്നുമൊക്കെയാണ് പിണറായി മുതലായവരുടെ ന്യായം. മൂന്ന് കോടിയുടെ ആസ്തി തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കാണിച്ച പട്ടിണിക്കാരുടെ നേതാവാണ് മണി. ഇപ്പോള്‍ പറയുന്നത് പാര്‍ട്ടി ഓഫീസുകളൊക്കെ ജില്ലാ സെക്രട്ടറിയുടെ ആസ്തിയുടെ പട്ടികയിലാണെന്നാണ്. മണിയെന്ന തൊഴിലാളി നേതാവിന്റെ തനിനിറം പുറത്തുവന്ന അപൂര്‍വം സന്ദര്‍ഭങ്ങളില്‍ ഒന്നാണ് മൂന്നാറിലെയും മതികെട്ടാനിലെയും കയ്യേറ്റം ഒഴിപ്പിക്കാന്‍ വിഎസ് മൂന്ന് പൂച്ചകളുമായി മല കയറിയ കാലം. അന്നേവരെ വിഎസിന്റെ വാലായിരുന്ന മണി പിന്നീട് പിണറായിയുടെ കണ്ണും കാതുമായി.
മന്ത്രിപ്പണി കിട്ടിയപ്പോള്‍ മണി പറഞ്ഞത് ‘പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിക്കുമോ എന്ന് നോക്കിയാല്‍ മതിയെന്ന് ഡെന്‍ സിയാവോ പിങ് പറഞ്ഞിട്ടുണ്ട്’ എന്നായിരുന്നു. അത് മതികെട്ടാന്‍ കാലത്ത് പറഞ്ഞത് മണിയും വിജയനുമൊക്കെചേര്‍ന്ന് കാസ്ട്രോയാക്കിക്കളഞ്ഞ വിഎസായിരുന്നു. മൂന്നാര്‍ പൊളിച്ചടുക്കലിലും പെമ്പിളെ ഒരുമയുടെ സമരകാലത്തും മണി മുതലാളിയായിരുന്നു. തൊഴിലാളികളെ ആക്ഷേപിച്ചും അപഹസിച്ചുമായിരുന്നു മണിയും മണിയുടെ സഖാക്കളും പിണറായിയുടെ മനം കവര്‍ന്നത്. പിന്നീട് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനെതിരെ വിഎസ് രംഗത്തുവന്നപ്പോള്‍ മണി പിണറായിയുടെ കൈക്കോടാലിയായി.
2012 മെയ് മാസത്തില്‍ നടത്തിയ പ്രസംഗത്തിലാണ് മണി വിഎസിനെ തെറിവിളിച്ചത്, ‘കൊല്ലപ്പെട്ടത് വിഎസിന്റെ അമ്മായിയപ്പനായിരുന്നോ? ടി.പി. ചന്ദ്രശേഖരന് വധം വിവാദമാക്കുന്നതില്‍ കാരണവര്‍ പങ്കുവഹിച്ചു. കുടിവെള്ളത്തില്‍ മോശപ്പണി കാണിക്കുന്നവനാണ് വിഎസ്. ചെറ്റത്തരം കാണിക്കുന്നവനാണോ ഉത്തമന്? ഒതുങ്ങിയ സ്ഥലമായതുകൊണ്ടാ ഇത്രയും പറയുന്നത്. അടി നമ്മള് ഒഴിവാക്കിയിട്ടൊന്നുമില്ല. അടിക്കേണ്ടിടത്ത് അടിക്കും. ശേഷിയുള്ളിടത്ത് അടി അല്ലാത്തിടത്ത് സമാധാനം. അതാണ് ഞങ്ങളുടെ പോളിസി. സിപിഎമ്മുകാര്‍ അടിക്കാന്‍ തുടങ്ങിയാല്‍ സിപിഐക്കാര്‍ ഇവിടെയുണ്ടാകില്ല. എല്‍ഡിഎഫിനെ വിചാരിച്ചിട്ടാണ് അടിക്കാത്തത്. ചുവന്ന കൊടി പിടിക്കുന്നവരാണെന്നൊന്നും നോക്കില്ല. തല്ലേണ്ടവരെ തല്ലിയിരിക്കും.” മണി മന്ത്രിയായ വഴികളിലൊന്നാണ് ഈ പ്രസംഗം. വയനാട്ടിലെ ശശീന്ദ്രനെപ്പോലുള്ളവര്‍ ചെരിപ്പിടാത്ത കാലുമായി കാട്ടിലും മേട്ടിലും കമ്മ്യൂണിസം പ്രസംഗിച്ചു നടക്കുമ്പോഴാണ് തെറിയല്ലാത്തതൊന്നും പറയാത്ത മണിക്ക് പിണറായിവിജയന് മന്ത്രിപ്പണി വെച്ചുനീട്ടിയതെന്ന് കാണാതെ പോകരുത്.
അഹങ്കാരത്തിന്റെ തിണ്ണമിടുക്കില്‍ പുളയ്ക്കുകയാണ് പിണറായിയുടെ ഭരണത്തില്‍ മന്ത്രിമാരും അണികളുമൊക്കെ. പീഡനവും കൊലപാതകവും ക്വട്ടേഷനും ഗുണ്ടായിസവും എന്നുവേണ്ട സകലമാന കൊള്ളരുതായ്മകള്‍ക്കും പാര്‍ട്ടിയാണ് കൂട്ട്. സഖാക്കന്മാര് പീഡിപ്പിക്കും, സഖാക്കന്മാര് കൊല്ലും, കൊലവിളിക്കും. പഠിപ്പിക്കുന്ന അദ്ധ്യാപകരെ തല്ലും തെറിവിളിക്കും. ഏറ്റവും കൂടുതല്‍ തെമ്മാടിത്തം കാട്ടുന്നവന് ഏറ്റവും ഉന്നതമായ പദവി. ജഡ്ജിയെ ആഭാസം പറഞ്ഞവന് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി. മാഷിനെ കുട്ടികളുടെ മുന്നിലിട്ട് വെട്ടിക്കൊന്നവന് അതേ പള്ളിക്കൂടത്തിലെ പിടിഎ പ്രസിഡന്റ്, പട്ടാപ്പകല്‍ മനുഷ്യനെ പച്ചജീവനോടെ വെട്ടിയരിയുന്നവന് വിപ്ലവകാരി…. പാര്‍ട്ടിയെ എതിര്‍ക്കുന്നവര്‍ കുലംകുത്തികള്‍, വര്‍ഗീയവാദികള്‍…..
സ്ത്രീകളെയും കുട്ടികളെയും ദളിതരെയും പിന്നാലെ നടന്ന് വേട്ടയാടുകയാണ് പിണറായിയുടെയും മണിയാശാന്റെയും പാര്ട്ടിക്കാര്.
ഇമ്മാതിരി കൊള്ളരുതായ്മകള്‍ കൊടിയും പിടിച്ച് നടപ്പാക്കുന്നവരുടെ അന്തപ്പുരത്തില്‍ അടയിരിക്കുന്ന സഖാവ് ബാലനും ഇപ്പോള്‍ തലപൊക്കുന്ന ഞാഞ്ഞൂലാകുന്നു. അശരണരുടെയും അവഗണിക്കപ്പെട്ടവന്റെയും അവകാശപ്പോരാട്ടങ്ങള്‍ക്കായി ജീവിതമെരിച്ച കുമ്മനം രാജശേഖരന് തീവ്രവാദിയാണെന്നാണ് ബാലന് നേതൃത്വം കൊടുക്കുന്ന സാംസ്കാരിക വകുപ്പ് കണ്ടെത്തിയത്. അതുകൊണ്ട് കുമ്മനത്തോടൊപ്പം വേദി പങ്കിട്ടാല്‍ ബാലന് അശുദ്ധനായിപ്പോകും പോലും. നെറികെട്ട ജാതീയതയെ സമാജശരീരത്തില് നിന്ന പറിച്ചെറിയാന്‍ പാലിയം വിളംബരം മുതല്‍ സാമൂഹ്യനീതി കര്‍മ്മസമിതി വരെ നടപ്പാക്കിയ കുമ്മനത്തോട് ബാലന് അയിത്തം.
നിലയ്ക്കലിലും ആറന്മുളയിലും ഗവിയിലും അരിപ്പയിലും അടക്കം സമരാവേശമായി മാറിയ കുമ്മനം ബാലന്റെ പാര്‍ട്ടിക്ക് കണ്ണിലെ കരടാവുന്നത് മനസ്സിലാക്കാനാവുന്നതേ ഉള്ളൂ. ‘എടോ രാജശേഖരാ’ എന്ന മൂത്ത ട്രംപുരാന്റെ ആക്രോശത്തിലുണ്ട് ബാലന്റെ ചൊരുക്ക്. അത് ബാലന് മാത്രമായുണ്ടാകുന്നതല്ല താനും. സകലമാന മാര്‍ക്സിസ്റ്റുകള്‍ക്കും ഉണ്ടാകും കുമ്മനം എന്ന് കേള്‍ക്കുമ്പോള്‍ അസഹ്യമായ ഒരു ചൊറിച്ചില്‍.
ബാലനും മണിയാശാനും ട്രംപുരാന്‍ പിണറായിയും അറിയാന്‍ പറയട്ടെ. നിങ്ങള്‍ക്കായി കൊടി പിടിച്ചുതളര്ന്നുവീണുപോയ കേരളത്തിലെ അധഃസ്ഥിത പിന്നാക്ക സമൂഹത്തെ നെഞ്ചോടുചേര്ത്തുപിടിച്ചാണ് കുമ്മനം ഇത്രകാലം ജാതിരഹിത ഹിന്ദുമുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത്. കുമ്മനത്തിന് ഹിന്ദുത്വം മതവര്ഗീയതയല്ല. സഹിഷ്ണുതയുടെ പ്രവാചകനാണ് കുമ്മനമെന്ന് ക്ലിമ്മിസ് ബാവയെക്കൊണ്ട് പറയിച്ചത് ആ ജീവിത നൈര്‍മ്മല്യമാണ്. തന്റെ വരുതിയില്‍ നില്‍ക്കാത്ത സഭാപിതാക്കന്മാരെ നികൃഷ്ടജീവിയെന്ന് അധിക്ഷേപിക്കുന്ന പിണറായിക്ക് അത് മനസ്സിലാകണമെന്നില്ല. സമവായത്തിന്റെയും സമന്വയത്തിന്റെയും സമരപാതയിലാണ് കുമ്മനം കേരളത്തിന്റെ ജനകീയ നേതാവായത്. അതുകൊണ്ടാണ് കേരളത്തിലെ പിന്നാക്ക ജീവിതങ്ങള്‍ കുമ്മനത്തെ രാജേട്ടന് എന്ന് ആദരവോടെ വിളിക്കുന്നത്.
ബാലനും മണിയും മണി കെട്ടിയ പിണറായിയും കുമ്മനത്തെ അംഗീകരിക്കേണ്ടതില്ല. ആ അംഗീകാരം കുമ്മനത്തിനും അപമാനമാകാനേ തരമുള്ളൂ. മാറാട് എട്ട് അരയസഹോദരന്മാരെ പച്ചയ്ക്ക് വെട്ടിനുറുക്കിയപ്പോള്‍ ആലംബമറ്റുപോയ അവരുടെ ഉറ്റവര്‍ക്ക് കുമ്മനമായിരുന്നു നേതാവ്. വേട്ടക്കാര്‍ക്കും ഭീകരന്മാര്ക്കും വേണ്ടി സമ്മേളനങ്ങള്‍ നടത്താനും തെറിവിളിക്കാനും കോഴിക്കോട്ട് അങ്ങാടിയില്‍ വിരുന്ന് വന്ന് ബിരിയാണി തിന്ന് മടങ്ങിയ ഇമ്മാതിരി കള്ളനാണയങ്ങളുടെ സമ്മതിപത്രത്തിലല്ല സമരാഗ്നിയില്‍ സ്ഫുടം ചെയ്തെടുത്ത ജനനായകന്റെ ജീവിതം. കുമ്മനം നിങ്ങളുടെ നെറികെട്ട ഭരണത്തിനെതിരെ തീവ്രമായിത്തന്നെ പോരാടും. മദനിമാരുടെ കാലുനക്കി കൈമുത്തി വോട്ടിന്റെ എണ്ണം നോക്കി മതേതരത്വം വിളമ്പുന്ന ബാലന്മാര്ക്ക് കുമ്മനത്തെ സഹിക്കാനാകില്ലെന്ന് ഉറപ്പാണ്.
വനം പോയാല്‍ ഒരു പുല്ലുമില്ലെന്ന് പറയുന്ന മണിയുടെ മനസ് തന്നെയാണ് ബാലനും. അട്ടപ്പാടിയിലെ ശിശുമരണങ്ങളോട് ബാലന് നിയമസഭയില്‍ പ്രതികരിച്ചതും ഒരു ആഭാസന്റെ ഭാവഹാവാദികളോടെയായിരുന്നു. ”ആ ഗര്‍ഭം ഞങ്ങളുടേതല്ല’ സാര്‍’ എന്ന് മന്ത്രി പ്രമാണി നിയമസഭയില്‍ പുച്ഛത്തോടെ പറയുമ്പോള്‍ ഊറിച്ചിരിച്ച ആഢ്യന്മാരാണ് ഇപ്പോള്‍ കുമ്മനത്തിന് അയിത്തം കല്പിക്കുന്നതെന്നോര്ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: