പനാജി: കേരളത്തിന്റെ ഫൈനല്‍ സ്വപ്നം തകര്‍ത്ത് ഗോവ സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍. ഇന്നലെ നടന്ന രണ്ടാം സെമിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഗോവ കേരളത്തെ കീഴടക്കിയത്.
ഗോവയുടെ രണ്ട് ഗോളുകളും ലിസ്റ്റണ്‍ കൊളാസോ നേടിയപ്പോള്‍ കേരളത്തിന്റെ ആശ്വാസം രഹുല്‍ രാജ്. ആദ്യപകുതി ഗോവന്‍ താരങ്ങള്‍ കയ്യടക്കിയപ്പോള്‍ രണ്ടാം പകുതിയില്‍ കേരളത്തിനായിരുന്നു മേല്‍ക്കൈ. എന്നാല്‍ സ്ട്രൈക്കര്‍മാര്‍ക്ക് ലക്ഷ്യം പിഴച്ചതോടെ 2013നുശേഷം മറ്റൊരു ഫൈനല്‍ എന്ന സ്വപ്നം പൊലിയുകയായിരുന്നു. പ്രതിരോധപ്പിഴവില്‍ നിന്നായിരുന്നു കേരളത്തിന്റെ വലയില്‍ വീണ രണ്ട് ഗോളുകളും. 2008-09നു ശേഷം ഗോവയുടെ ആദ്യ ഫൈനലാണിത്. ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ബംഗാളുമായാണ് ഗോവ ഏറ്റുമുട്ടുക. ആദ്യ സെമിയില്‍ മിസോറാമിനെ സഡന്‍ ഡെത്തില്‍ 6-5ന് തോല്‍പ്പിച്ചാണ് ബംഗാള്‍ ഫൈനലിലെത്തിയത്.
ക്യാപ്റ്റന്‍ ഉസ്മാനെ പകരക്കാരുടെ ബെഞ്ചിലിരുത്തിയാണ് കോച്ച് ഷാജി കേരള ടീമിനെ കളത്തിലെത്തിച്ചത്. ഉസ്മാന് പകരം പ്രതിരോധനിര താരം ഷെറിന് സാമാണ് നായകനായത്. മുന്നേറ്റത്തില്‍ ജസ്റ്റിന് ജോബിയും സഹല്‍ അബ്ദുള്‍ സമദും എത്തിയപ്പോള്‍ മധ്യനിരയില്‍ അസ്ഹറുദ്ദീന്, ജിജോ ജോസഫ്, ജിഷ്ണു ബാലകൃഷ്ണന്, എസ്. സീസണ് എന്നിവര്‍ അണിനിരന്നു. ഗോള്‍വലക്ക് മുന്നില്‍ എസ്. മിഥുന് എത്തിയപ്പോള്‍ പ്രതിരോധത്തില്‍ കോട്ട കെട്ടാനിറങ്ങിയത് ഷെറിന് സാം, ലിജോ. എസ്, ശ്രീരാഗ്. വി.വി, രാഹുല്‍ വി. രാജ് എന്നിവര്‍.
കളിയുടെ തുടക്കത്തില്‍ കേരളത്തിന്റെ മൂന്നേറ്റങ്ങളാണ് ഉണ്ടായത്. ആദ്യ മിനിറ്റില്‍ തന്നെ ഇടതുവിംഗില്‍ക്കൂടി പന്തുമായി മുന്നേറിയ അസ്ഹറുദ്ദീന് ബോക്സിനടുത്തൂവെച്ച് നിയന്ത്രണം നഷ്ടപ്പെട്ടു. തൊട്ടുപിന്നാലെ അസ്ഹറുദ്ദീന്റെ ലോങ്റേഞ്ചറും പോസ്റ്റിന് സൈഡില്‍ക്കൂടി പറന്നു.
സാവധാനം ഗോവ കളിയുടെ നിയന്ത്രണം പിടിച്ചെടുത്തു തുടങ്ങി. പിന്നീടങ്ങോട്ട് കേരള പ്രതിരോധം പല തവണ പരീക്ഷിക്കപ്പെട്ടു. തുടര്‍ച്ചയായ മൂന്ന് മുന്നേറ്റങ്ങളാണ് ഗോവന്‍ താരങ്ങള്‍ കേരളബോക്സിലേക്ക് നടത്തിയത്. കളിയുടെ 14-ാം മിനിറ്റില്‍ ഗോവ ലീഡ് നേടി. ഇടതുവിംഗില്‍ക്കൂടി പന്തുമായി മുന്നേറിയ റെയ്മണ്ട് നല്കിയ പാസ് ബോക്സിനുള്ളില്‍ സ്വീകരിച്ച ലിസ്റ്റണ്‍ കൊളാസോ അഡ്വാന്‍സ് ചെയ്ത് കയറിയ കേരള ഗോളി മിഥുനെ നല്ലൊരു ഷോട്ടിലൂെട കീഴടക്കി വല കുലുക്കി (1-0). ലീഡ് വഴങ്ങിയതോടെ കേരളം ആക്രമണത്തിന് കൂടുതല്‍ കരുത്തുകൂട്ടി. ഇടതുവിങിലൂടെ അസ്ഹറുദ്ദീനും കൂട്ടരും നിരന്തം ഗോവന്‍ പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചെങ്കിലും സമനില ഗോളെന്ന ലക്ഷ്യം അകന്നുനിന്നു.
20-ാം മിനിറ്റില്‍ കേരളത്തിന് ആദ്യ കോര്‍ണര്‍. ജിഷ്ണു ബാലകൃഷ്ണന് എടുത്ത കിക്ക് ഗോവന്‍ താരങ്ങള്‍ ക്ലിയര്‍ ചെയ്തെങ്കിലും പന്ത് വീണ്ടും കിട്ടിയത് ജിഷ്ണുവിനുതന്നെ. പന്ത് കിട്ടി യ ജിഷ്ണു ഏകദേശം 35 വാര അകലെനിന്ന് പായിച്ച ലോങ്റേഞ്ചര്‍ നെറ്റിന്റെ മുകളില്‍ പതിച്ചു. നാല് മിനിറ്റിനുശേഷം ഗോവയുടെ ആരണ് ഡിസില്‍വ ലീഡ് ഉയര്‍ത്താനുള്ള അവസരം നഷ്ടമാക്കി. തുടര്‍ന്നും ഗോവക്കായിരുന്നു മുന്‍തൂക്കം. 30-ാം മിനിറ്റില്‍ കേരളം വീണ്ടും ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് രക്ഷപ്പെട്ടു. രാഹുലിന്റെ ഗോള്‍ലൈന്‍ സേവാണ് കേരളത്തെ തുണച്ചത്.
ഗോളി മിഥുന് സ്ഥാനം തെറ്റിനില്ക്കേയാണ് രാഹുല്‍ രക്ഷകവേഷം കെട്ടിയത്. 31-ാം മിനിറ്റില്‍ കേരളത്തിന് ഒരു കോര്‍ണര്‍ കൂടി ലഭിച്ചു. എന്നാല്‍ ശ്രീരാഗ് എടുത്ത കിക്കിന് അപകടഭീഷണി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. 35-ാം മിനിറ്റില്‍ കേരളത്തിന് വീണ്ടും കോര്‍ണര്‍. ജിഷ്ണു എടുത്ത കോര്‍ണറിന് ജസ്റ്റിന് ജോബി തലവച്ചെങ്കിലൂം പന്ത് ക്രോസ് ബാറിന് മുകളിലുടെ പറന്നു. തൊട്ടടുത്ത മിനിറ്റില്‍ വീണ്ടും കേരള വല കുലുങ്ങി. വലതുവിംഗില്‍ക്കൂടി പന്തുമായി ഒറ്റയ്ക്ക് മുന്നേറി ബോക്സില്‍ പ്രവേശിച്ചശേഷം ലിസ്റ്റണ്‍ കൊളാസോ പായിച്ച കിടിലന്‍ ഷോട്ടിന് മുന്നില്‍ ഗോള്‍കീപ്പര്‍ മിഥുന് നിസ്സഹായനായി. ആദ്യപകുതിയുടെ അവസാന മിനിറ്റുകളില്‍ കേരളം ഒരിക്കല്‍ കൂടി രക്ഷപ്പെട്ടു. ഗോളി മിഥുന്റെ മിന്നുന്ന പ്രകടനമാണ് തുണച്ചത്. ബോക്സിന്റെ ഇടതുമൂലയില്‍ നിന്ന് ബ്രയാന്‍ മസ്ക്കരാനസ് പായിച്ച കിടിലന്‍ ഷോട്ടാണ് അത്യുജ്ജ്വലമായി മിഥുന് രക്ഷപ്പെടുത്തിയത്. ഇതോടെ ആദ്യപകുതിയില്‍ ഗോവ 2-0ന് മുന്നില്‍.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഉസ്മാന് കളത്തിലെത്തി. സീസണ് പകരമായാണ് ഉസ്മാനെ കോച്ച് ഷാജി മൈതാനത്തിറക്കിയത്. പന്ത് തൊട്ടുനീക്കിയ കേരള താരങ്ങള്‍ തുടക്കത്തില്‍ മികച്ച മൂന്നേറ്റങ്ങള്‍ നടത്തുകയും ചെയ്തു. 48-ാം മിനിറ്റില്‍ കേരളത്തിന് കോര്‍ണര്‍ ലഭിച്ചതും മുതലാക്കാനായില്ല. കേരളം സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെ അപ്രതീക്ഷിതമായി ഗോവന്‍ മുന്നേറ്റം.ഇടതുവശത്തുകൂടി പന്തുമായി മുന്നേറിയ മസ്ക്കരാനസ് കേരള ബോക്സിലേക്ക് നല്കിയ പാസ് കണക്ട് ചെയ്യുന്നതില്‍ ആരണ് ഡി സില്‍വക്ക് പിഴച്ചു. തുടര്‍ന്നും കേരളത്തിന്റെ മുന്നേറ്റം. എന്നാല്‍ കിട്ടിയ അവസരങ്ങള്‍ മുതലാക്കുന്നതില്‍ കേരളതാരങ്ങള്‍ക്ക് പിഴച്ചു.
57-ാം മിനിറ്റില്‍ ബോക്സിന് പുറത്തുവച്ച് ലഭിച്ച ഫ്രീകിക്കും ലക്ഷ്യം തെറ്റി പറന്നു. 60-ാം മിനിറ്റില്‍ കേരളത്തിന് കോര്‍ണര്‍. ഈ കോര്‍ണറിനൊടുവില്‍ കേരളം ഒരു ഗോള്‍ മടക്കി. രാഹുലിന്റെ നല്ലൊരു ഹെഡ്ഡറാണ് വലയില്‍ കയറിയത്. ഒരു ഗോള്‍ മടക്കിയതിന്റെ ആവേശത്തില്‍ കേരള താരങ്ങള്‍ ബോക്സിലേക്ക് ആക്രമിച്ചുകയറിയതോടെ ഗോവന്‍ പ്രതിരോധം ആടിയുലഞ്ഞു. നിരവധി അവസരങ്ങളാണ് ഉസ്മാന്റെ നേതൃത്വത്തില്‍ കേരളം തുറന്നെടുത്തത്. 76-ാം മിനിറ്റില്‍ ജസ്റ്റിന് ജോബിയെ വീഴ്ത്തിയതിന് കേരളത്തിന് ഫ്രീകിക്ക്. ജിജോ ജോസഫ് എടുത്ത കിക്ക് ഗോവന്‍ ഗോളി ഉയര്‍ന്നുചാടി കുത്തിപുറത്താക്കി.
തുടര്‍ന്നു ലഭിച്ച കോര്‍ണര്‍ ഗോവന്‍ ബോക്സില്‍ വീണ്ടും അപായ സൂചന സൃഷ്ടിച്ചെങ്കിലും കേരളത്തിന്റെ സമനിലഗോള്‍ വിട്ടുനിന്നു. രണ്ടാം പകുതിയില്‍ കളംനിറഞ്ഞു കളിച്ചിട്ടും കരുത്തുറ്റ ഗോവന്‍ പ്രതിരോധവും കഴിഞ്ഞ മത്സരങ്ങളില്‍ മിന്നുന്ന പ്രകടനം നടത്തിയ സ്ട്രൈക്കര്‍മാര്‍ക്ക് പിഴച്ചതുമാണ് ഇന്നലെ കേരളത്തെ വലച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: