ബളാല്‍: ബളാല്‍ ബിലിവേഴ്സ് ചര്‍ച്ചിന് സമീപം വള്ളിക്കടവിലെ തലാപ്പള്ളി കുര്യന്റെ 30 സെന്റ് സ്ഥലം വാങ്ങി മാലിന്യ നിക്ഷേപകേന്ദ്രം തുടങ്ങാനുള്ള നീക്കം ബളാല്‍ ഗ്രാമപഞ്ചായത്ത് ഉപേക്ഷിച്ചു. രഹസ്യമായി കുര്യനുമായി ഭൂമിവില ചര്‍ച്ചചെയ്ത് വാക്കാല്‍ ഉറപ്പിക്കുകയും വില്ലേജ് ഓഫീസറെ വിളിച്ചുവരുത്തി ഭൂമി അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തിരുന്നു.ജനങ്ങളില്‍ നിന്നും പഞ്ചായത്തിനെതിരെ ജനരോഷമുയര്‍ന്നതാണ് പദ്ധതി ഉപേക്ഷിക്കാന്‍ കാരണം. ഭൂമി ഏറ്റെടുക്കുന്ന വിഷയം കഴിഞ്ഞ ദിവസം ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിലെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഭരണകക്ഷി പ്രതിപക്ഷ ഭേദമന്യേ ഭൂരിപക്ഷം മെമ്പര്‍മാരും നഗരമധ്യത്തില്‍ മാലിന്യം തള്ളാനുള്ള പദ്ധതിയെ എതിര്‍ക്കുമെന്ന് മനസിലായതോടെ പദ്ധതി ഉപേക്ഷിച്ചതായി പ്രസിഡണ്ട് യോഗത്തില്‍ പ്രഖ്യാപിക്കുകയാണുണ്ടായത്. ബളാല്‍ ടൗണ്‍ വാര്‍ഡില്‍ കാവിന് സമീപത്തെ പാലം ഏറെനാളായി തകര്‍ച്ചയുടെ വക്കിലാണ്. ഇത് പൊളിച്ച് വീതികൂട്ടി നിര്‍മ്മിക്കണമെന്ന ജനങ്ങളുടെ ആവശ്യം ജലരേഖയായി നിലനില്‍ക്കുമ്പോഴാണ് മാലിന്യപദ്ധതിയുമായി ഭരണസമിതി രംഗത്തുവന്നത്. ബളാലിനോട് നാളുകളായി തുടരുന്ന അവഗണനക്കെതിരെ രാ ഷ്ട്രീയം മാറ്റിവെച്ച് സംഘടിക്കാനുള്ള ആലോചനയിലാണ് ബളാലിലെ ജനങ്ങള്‍. ബളാല്‍ ഗ്രാമപഞ്ചായത്ത് ചിലര്‍ക്ക് കുടുംബകാര്യമാണ്. മരിക്കുംവരെ പഞ്ചായത്ത് ഭരണത്തിന്റെ ഭാഗമാകണമെന്നാണ് ഇവരുടെ ആഗ്രഹമെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: