ഭാനുതന്‍ കിരണങ്ങള്‍ വിതറുമീ മണ്ണ്
ഭാര്‍ഗവഗര്‍വ്വത്താലുയിര്‍കൊണ്ട മണ്ണ്
കേരവൃക്ഷങ്ങള്‍ നിറഞ്ഞൊരീ മണ്ണ്
ഭാരതമാതാവിന്‍ പാദാരവിന്ദം
നദികളാല്‍ പുളകിതയാകുന്നു ദേവീ നീ
മദിക്കുന്നു കിളികള്‍തന്‍ കളകൂജനത്തില്‍
ഉദിക്കുന്നു പുതിയ പ്രതീക്ഷകള്‍ നീയാല്‍
ആദിമശക്തിയാം പ്രകൃതിമാതേ
മണ്ണിനെ വിണ്ണാക്കി മാറ്റിയതിവിടെ
പെണ്ണിനെ ദേവിയായ് പൂജിച്ചതിവിടെ
വിണ്ണിലെ താരകം ചൊരിഞ്ഞൊരാ ശക്തിയില്‍
കണ്ണില്‍ നിറഞ്ഞു കരുണാമൃതം
സുരലോകശക്തിയായ് കരബലമേകിയ
വീരപുരാതനസംസ്‌കാരഭൂമി
പരശ്ശതം ജന്മങ്ങള്‍ കാത്തിരുന്നീ മണ്ണില്‍
പരമപദം പൂകാന്‍ പിറന്നു നമ്മള്‍
















